പാംപോര്‍ ഭീകരാക്രമണം: മലയാളി സൈനികന് വീരമൃത്യു

ശ്രീനഗര്‍-ജമ്മു ദേശീയപാതയില്‍ പോംപോറില്‍ സൈനികോദ്യോഗസ്ഥരുടെ വാഹനവ്യൂഹത്തിനുനേരേയുള്ള ഇന്നലെയുണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചവരില്‍ മലയാളി സൈനികനും.

കണ്ണൂര്‍ മട്ടന്നൂര്‍ കൊടോളിപ്രം സ്വദേശി ചക്കാലക്കണ്ടി വീട്ടില്‍ സി.രതീഷാ (35)ണ് മരിച്ചത്.

ഡിസംബര്‍ ഒമ്പതിനാണ് രതീഷ് അവധിക്ക് ശേഷം കശ്മീരിലേക്ക് പോയത്. കോയമ്പത്തൂരിലേക്ക് സ്ഥലംമാറ്റം കിട്ടിയ അദ്ദേഹം തിരിച്ച് വരാനുള്ള ഒരുക്കത്തിലായിരുന്നു.

ratheeshകുറ്റിയാട്ടൂര്‍ സ്വദേശി ജ്യോതിയാണ് ഭാര്യ. കാശിനാഥന്‍ (എട്ടു മാസം) മകനാണ്. മൃതദേഹം നാളെ വൈകിട്ടോടെ വീട്ടിലെത്തിക്കും. പയ്യാടക്കല്‍ രാഘവന്‍ നമ്പ്യാര്‍-ഓമന ദമ്പതികളുടെ ഏകമകനാണ് രതീഷ്.

റാഞ്ചി സ്വദേശി ശശികാന്ത് പാണ്ഡെ, പൂണെ സ്വദേശി സൗരഭ് നന്ദകുമാര്‍ എന്നിവരാണ് വീരമൃത്യു മരിച്ച മറ്റു രണ്ട് സൈനികര്‍.

ഇന്നലെ ഉച്ചയോടെയാണ് പാംപോറിലെ കഡ്ലബല്‍ എന്ന സ്ഥലത്തെ ജനസാന്ദ്രതയേറിയ പ്രദേശത്തുവെച്ച് തീവ്രവാദികളുടെ ആക്രമണം നടന്നത്.

ദേശീയപാതയിലൂടെ കടന്നുപോകുകയായിരുന്ന വാഹനവ്യൂഹത്തിനു നേരേ ഭീകരര്‍ തുടര്‍ച്ചയായി വെടിവെക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

ആളുകള്‍ക്ക് അപകടം സംഭവിക്കാതിരിക്കാന്‍ സൈന്യം തിരിച്ചാക്രമിക്കാതെ പിന്‍വാങ്ങുകയായിരുന്നു. പ്രാഥമികാന്വേഷണത്തില്‍ ഭീകരര്‍ മോട്ടോര്‍ സൈക്കിളുകളില്‍ വന്നാണ് ആക്രമണം നടത്തിയതെന്ന് തെളിഞ്ഞിട്ടുണ്ട്.
ജമ്മുവില്‍നിന്ന് ശ്രീനഗറിലേക്ക് പോകുകയായിരുന്ന വാഹനവ്യൂഹത്തിനു നേര്‍ക്കാണ് ആക്രമണം നടന്നത്.