വിമാനത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി

പറക്കാന്‍ മോഹിക്കുന്ന ചെറുപ്പക്കാരന്റെ കഥ പറയുന്ന വിമാനത്തിന്റെ ഫസ്റ്റുലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. നായകന്‍ പൃഥ്വിരാജ് സംവിധായകന്‍ പ്രദീപ് എം. നായര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് എറണാകുളം പ്രസ് ക്ലബില്‍ വെച്ച് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്. പ്രദീപ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത്.

മലയാള സിനിമയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കുകയും ക്രിസ്മസ് റിലീസുകള്‍ മാറ്റി വെയ്ക്കുകയും ചെയ്ത സാഹചര്യത്തെ നിര്‍ഭാഗ്യകരമെന്ന് പറഞ്ഞ പൃഥ്വിരാജ് റിലീസ് തടസങ്ങള്‍ എത്രയും പെട്ടെന്ന് മാറട്ടെ എന്ന് പറഞ്ഞു. ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ചിത്രങ്ങള്‍ നിര്‍മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നുണ്ടെങ്കിലും ഏത് സിനിമയ്ക്കാണ് പണം മുടക്കേണ്ടത് എന്ന തീരുമാനം എടുക്കുന്നതല്ലാതെ താന്‍ മറ്റ് കാര്യങ്ങളിലൊന്നും ഇടപെടാറില്ലെന്നും പൃഥ്വി പറഞ്ഞു. ഇപ്പോള്‍ മലയാള സിനിമ നേരിട്ടുകൊണ്ടിരിക്കുന്ന റിലീസ് നിര്‍മാണ പ്രതിസന്ധി ഏതു തലത്തില്‍ സിനിമകളെ ബാധിക്കുമെന്ന് തനിക്ക് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ട്രാഫിക്, ഉസ്താദ് ഹോട്ടല്‍, ഹൗ ഓള്‍ഡ് ആര്‍ യൂ തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവായ ലിസ്റ്റിന്‍ സ്റ്റീഫനാണ് വിമാനം നിര്‍മിക്കുന്നത്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ലിസ്റ്റിന്‍ മലയാളത്തില്‍ സിനിമ നിര്‍മിക്കുന്നത്. ചിറകൊടിഞ്ഞ കിനാവുകളാണ് ലിസ്റ്റിന്‍ മലയാളത്തില്‍ ഏറ്റവും ഒടുവിലായി നിര്‍മാണം നടത്തിയ ചിത്രം.