നിയമസഭയിലെ കൈയാങ്കളി: ആറ് പ്രതിപക്ഷ എം.എല്‍.എമാര്‍ കുറ്റക്കാരെന്ന് ക്രൈംബ്രാഞ്ച്

ബജറ്റ് അവതരണത്തിനിടെ നിയമസഭയിലുണ്ടായ കൈയാങ്കളിയില്‍ ആറ് പ്രതിപക്ഷ എം.എല്‍.എ.മാര്‍ കുറ്റക്കാരാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ഒരു മാസം മുന്‍പ് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച എഫ്.ഐ.ആറിലാണ് ആറ് എം.എല്‍.എ.മാര്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരാണെന്നും പൊതുമുതല്‍ നശിപ്പിച്ചുവെന്നും കണ്ടെത്തിയ കാര്യം ക്രൈംബ്രാഞ്ച് പറഞ്ഞത്. ഹൈക്കോടതിയുടെ നിര്‍ദേശാനുസരണമാണ് ക്രൈംബ്രാഞ്ച് എഫ്.ഐ.ആര്‍. സമര്‍പ്പിച്ചത്. സി.പി.എം. അംഗങ്ങളായ ഇ.പി.ജയരാജന്‍, വി.ശിവന്‍കുട്ടി, കെ. കുഞ്ഞഹമ്മദ്, സി.കെ.സദാശിവന്‍, കെ.അജിത്ത്, ഇടതു സ്വതന്ത്രന്‍ കെ.ടി.ജലീല്‍ എന്നിവരെ പ്രതികളാക്കിയാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ എഫ്.ഐ.ആര്‍. സമര്‍പ്പിച്ചത്. ബാര്‍ കോഴക്കേസില്‍ ആരോപണവിധേയനായ അന്നത്തെ ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാന്‍ ശ്രമിച്ച ഇവര്‍ രണ്ട് ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നാണ് ക്രൈംബ്രാഞ്ച് എഫ്.ഐ.ആറില്‍ പറഞ്ഞിരിക്കുന്നത്. നിയമസഭാ സമ്മേളനം ചേരാന്‍ ഒരു ദിവസം മാത്രം ശേഷിക്കെയാണ് ക്രൈംബ്രാഞ്ച് എഫ്.ഐ.ആര്‍ നല്‍കിയ വിവരം പുറത്തുവന്നത്.

Facebook Comments