വിദേശ സര്‍വകലാശാലകളുമായി ചേര്‍ന്ന് സംസ്ഥാനത്ത് പ്രത്യേക വിദ്യാഭ്യാസ മേഖലകള്‍ സ്ഥാപിക്കാന്‍ ആറ് സംരംഭകര്‍ രംഗത്തുവന്നു

വിദേശ സര്‍വകലാശാലകളുമായി ചേര്‍ന്ന് സംസ്ഥാനത്ത് പ്രത്യേക വിദ്യാഭ്യാസ മേഖലകള്‍ സ്ഥാപിക്കാന്‍ ആറ് സംരംഭകര്‍ രംഗത്തുവന്നു. സംസ്ഥാന സര്‍ക്കാര്‍ ക്ഷണിച്ച താത്പര്യപത്രത്തില്‍ ആകൃഷ്ടരായാണ് ആറ് സ്വകാര്യ സംരംഭകര്‍ എത്തിയത്. യു.എസ്.എ., യു.കെ., സിംഗപ്പുര്‍ തുടങ്ങിയ രാജ്യങ്ങളിലെ സര്‍വകലാശാലകളുമായി ചേര്‍ന്ന് കോഴ്‌സുകള്‍ നടത്താമെന്നാണ് സംരംഭകരുടെ നിര്‍ദേശം.

എന്‍.ആര്‍.ഐ. വ്യവസായികള്‍ നടത്തുന്ന പാലക്കാട്ടെ അഹല്യ ഗ്രൂപ്പ്, മിംമ്‌സ്, തങ്ങള്‍ ചാരിറ്റബില്‍ സൊസൈറ്റി, കളമശ്ശേരി രാജഗിരി മാനേജ്‌മെന്റ്, പത്തനംതിട്ട ജില്ലയിലെ മൗണ്ട് സയണ്‍, കുട്ടിക്കാനം മരിയന്‍ എന്നിവയാണ് താത്പര്യപത്രം നല്‍കിയത്.

ജനവരി 29,30 തീയതികളില്‍ തിരുവനന്തപുരത്ത് നടത്തുന്ന ആഗോള വിദ്യാഭ്യാസ സമ്മേളനത്തില്‍ ഇത് സംബന്ധിച്ച ധാരണാപത്രം ഒപ്പുവെക്കും. മാനേജ്‌മെന്റ്, എന്‍ജിനിയറിങ്, ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോഴ്‌സുകള്‍ പ്രത്യേക വിദ്യാഭ്യാസമേഖലയില്‍ തുടങ്ങാമെന്നാണ് മാനേജ്‌മെന്റുകളുടെ നിര്‍ദേശം. കോഴ്‌സിന്റെ പകുതി ഇവിടെയും ബാക്കി വിദേശത്തും പഠിക്കാം. വിദേശ സര്‍വകലാശാലയുടെ പേരും സര്‍ട്ടിഫിക്കറ്റില്‍ ഉണ്ടാകും.

സ്വകാര്യ, സ്വാശ്രയ മേഖലയിലാണ് പ്രത്യേക വിദ്യാഭ്യാസമേഖല വരുന്നത്. ഇതിനായി സംരംഭകന്‍ 20 ഏക്കര്‍ സ്ഥലം മാറ്റിവെക്കണം. വിദേശ സര്‍വകലാശാലകളുമായി ചേര്‍ന്ന് നാല് കോഴ്‌സെങ്കിലും നടത്തണം. പ്രമുഖ ദേശീയ സ്ഥാപനങ്ങളുമായി ചേര്‍ന്ന് മറ്റ് കോഴ്‌സുകളും നടത്താം. താത്പര്യം പ്രകടിപ്പിച്ച വിദേശ സര്‍വകലാശാലകളുടെ നിലവാരം സര്‍ക്കാര്‍ പരിശോധിച്ചശേഷം അനുമതി നല്‍കും.

Facebook Comments