യാത്രക്കാരനില്‍ നിന്നും വിമാനത്താവളത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരി അടിച്ചുമാറ്റിയത് 36,000 രൂപ

വിമാനത്താവളത്തില്‍ യാത്രക്കാരന്റെ പഴ്‌സ് തട്ടിയെടുത്ത പോലീസുകാരി മോഷ്ടിച്ചത് 2000 ദിര്‍ഹം (ഏകദേശം 36,000 രൂപ). ആഗസ്റ്റ് 5 ന് നടന്ന സംഭവത്തില്‍ എയര്‍പോര്‍ട്ടില്‍ ജോലി ചെയ്യുന്നതിനിടയിലായിരുന്നു 28 കാരി പണം തട്ടിയത്. മോഷണം നടന്നതായുള്ള വിവരം കിട്ടിയതിനെ തുടര്‍ന്ന് ഇവരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പൊതുജന സേവക എന്ന നിലയില്‍ വിശ്വാസവഞ്ചന കാട്ടിയെന്നും മോഷണം നടത്തിയെന്നും രണ്ടു കുറ്റങ്ങള്‍ ഇവര്‍ക്കെതിരേ കോടതി കണ്ടെത്തി.

ആഗസ്റ്റ് 8 നായിരുന്നു ഇവര്‍ അറസ്റ്റിലായത്. ഡ്യൂട്ടിക്കിടയില്‍ വിശ്വാസ വഞ്ചന കാട്ടിയെന്ന കുറ്റത്തിന് നേരത്തേ മൂന്ന് മാസത്തെ തടവിന് ഇവരെ ശിക്ഷിച്ചിരുന്നു. ഇതിന് പിന്നാലെ രണ്ടാമതും കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതോടെ 2,000 ദിര്‍ഹം പിഴയ്ക്കും ശിക്ഷിച്ചിട്ടുണ്ട്. ടെര്‍മിനല്‍ 3 ല്‍ ജോലി ചെയ്യുമ്പോഴായിരുന്നു ഇവരെ പിടിച്ചത്. യാത്രക്കാരുടെ ലഗേജ് പരിശോധിക്കുന്ന ജോലിയായിരുന്നു ഇവര്‍ ചെയ്തു വന്നത്. പണം തട്ടിയെടുത്ത ബാഗ് പരിശോധിച്ചത് ഇവര്‍ തന്നെയായിരുന്നു. പിന്നീട് പോലീസിന് കിട്ടിയ വിവരത്തെ തുടര്‍ന്ന് ഇവരെ പോലീസ് പിടികൂടുകയായിരുന്നു.

Facebook Comments