ഡല്‍ഹിയില്‍ ആഢംബര കാറുകള്‍ക്ക് രജിസ്‌ട്രേഷന് താത്കാലിക നിരോധം

ഡല്‍ഹിയില്‍ ആഢംബര ഡീസല്‍ കാറുകള്‍ക്കും 2000 സിസിക്ക് മുകളിലുള്ള എസ്‌യുവികള്‍ക്കും പുതുതായി രജിസ്‌ട്രേഷന്‍ നല്‍കേണ്ടെന്ന് സുപ്രീംകോടതി. 2016 മാര്‍ച്ച് ഒന്ന് മുതല്‍ 31 വരെ അനുമതി നല്‍കുന്നത് നിര്‍ത്തിവെക്കാനാണ് കോടതി നിര്‍ദേശം.

സ്വകാര്യ കാറുകളുടെ രജിസ്‌ട്രേഷനാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വലിയ ട്രക്കുകള്‍ക്ക് പ്രത്യേക പാത ഏര്‍പ്പെടുത്താനും സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഡല്‍ഹിയിലെ അന്തരീക്ഷ മാലിന്യം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട ഹരജിയിലാണ് സുപ്രീം കോടതി ഉത്തരവ്. 10 വര്‍ഷത്തിലേറെ പഴക്കമുള്ള ട്രക്കുകള്‍ക്ക് ഡല്‍ഹിയില്‍ നിരോധം ഏര്‍പ്പെടുത്തണമെന്നും ഉത്തരവിലുണ്ട്.

ഡല്‍ഹിക്ക് പുറത്ത് നിന്നുള്ള വാണിജ്യ വാഹനങ്ങള്‍ ദേശീപാത എട്ടിലൂടെയും ഒന്നിലൂടെയും നഗരത്തില്‍ പ്രവേശിക്കുന്നതിനും വിലക്കേര്‍പ്പെടുത്തി. ഡല്‍ഹിയിലെ എല്ലാ ടാക്‌സികളും കാബുകളും 2016 മാര്‍ച്ച് 31 ന് മുമ്പ് സി.എന്‍.ജിയിലേക്ക് മാറ്റണമെന്നും കോടതി നിര്‍ദേശിച്ചു. മലിനീകരണമുണ്ടാക്കുന്നതിന് ചുമത്തുന്ന സര്‍ചാര്‍ജ് ഇരട്ടിയാക്കാനും നിര്‍ദേശമുണ്ട്. മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നതിനും നിരോധനമുണ്ട്. കെട്ടിടാവശിഷ്ടങ്ങളും നിര്‍മ്മാണ വസ്തുക്കളും റോഡില്‍ കൂട്ടിയിടരുത്.

Trafficjamdelhi

ലോകത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരമായി ഡല്‍ഹി മാറിയ സാഹചര്യത്തിലാണ് സര്‍ക്കാരും കോടതിയും കടുത്ത നടപടികളിലേക്ക് നീങ്ങിയത്.

Facebook Comments