പറമ്പിന്റെ കിഴക്കേ മൂലയ്ക്കുള്ള കൈതപ്പൊന്തയ്ക്കുള്ളിലായ് ഒരു ചിത്രകൂടം ഉണ്ടന്നുള്ള ആദ്യമായി ബഹുജനസമക്ഷം അവതരിപ്പിച്ചത് പ്രകാശനാണ്.അതും കുറുപ്പിന്റെ ചായക്കടയിലുണ്ടായിരുന്ന സകലമാന ഹിന്ദു,മുസ്ലീം,കൃസ്ത്യന്‍ മതസ്ഥരേയും സാക്ഷി നിര്‍ത്തി!
വളരെ യാദൃശ്ചികമായിട്ടാണത്രേ പ്രകാശന് ചിത്രകൂടത്തിനെ കുറിച്ച് വെളിപാടുണ്ടായത്!
ഇപ്പോള്‍ പ്രകാശന്‍ താമസിക്കുന്ന സ്ഥലം വാങ്ങിയിട്ട് നാള്‍ കുറേ ആയെങ്കിലും; ഇതുവരെ അതിന്റെ ഭൂമിശാസ്ത്രം ശരിക്കുമൊന്ന് പഠിക്കുവാന്‍ പ്രകാശന്‍ ശ്രമിച്ചിട്ടില്ല. എന്തെല്ലാം ജോലിയാണ്! അതിന്നിടയില്‍ പറമ്പൊക്കെ നോക്കാന്‍ ആര്‍ക്കാ സമയം. ആരെയെങ്കിലും കൂലിയ്ക്ക് വെയ്ക്കാമെന്ന് വെച്ചാല്‍ ചില്ലറ കൂലിയെങ്ങാനമാണോ? കുടുംബം കുളം തോണ്ടാന്‍ വേറെ മാര്‍ഗ്ഗമൊന്നും വേണ്ട.
ചിത്രകൂടത്തിനെക്കുറിച്ച് പ്രകാശന് അരുളിപ്പാടുണ്ടായത് സ്വപ്നത്തിലാണ്. അതും കറുത്തവാവ് നാളിലെ സ്വപ്നത്തില്‍!
സ്വപ്നത്തില്‍ ഒരു ദിവ്യ രൂപം പ്രകാശന്‍ കണ്ടു. അത് പ്രകാശനോട് പറഞ്ഞു. ‘പ്രകാശാ, നീ പറമ്പിനെ നോക്കേണ്ട, വീട് നോക്കേണ്ട, വീട്ടുകാരെ നോക്കേണ്ട. പക്ഷേ എന്നെ നോക്കാതെ വന്നാല്‍ നീ അനുഭവിക്കും. നീ മാത്രമല്ല, സകലമാനപേരും അനുഭവിക്കും. നിന്റെ നാട്ടുകാര്‍ മുഴുവനും അനുഭവിക്കും. അതുകൊണ്ട് നിന്റെ മടിയും പേടിയുമൊക്കെ മാറ്റി വെച്ച് നീ പോ…പറമ്പിന്റെ കിഴക്കേ മൂലയ്ക്ക് പോ..’ അതൊരു ആജ്ഞയായിരുന്നു.
ഉറക്കം പോയിട്ടില്ലായിരുന്നു. രാത്രി തീര്‍ന്നിട്ടുമില്ലായിരുന്നു. പക്ഷേ പ്രകാശന്‍ നടന്നു. പറമ്പിന്റെ കിഴക്കേ മൂലയിലേയ്ക്ക് നടന്നു.
‘എന്നിട്ട്…’ ചായക്കട ബെഞ്ചുകളില്‍ നിന്നു പല കാതുകളും കണ്ണുകളും പ്രകാശന്റെ നേര്‍ക്കായ്.
‘ഒരു ഗ്ലാസ് ചൂട് വെള്ളം കൊട്.’ പ്രകാശന്‍ കുറുപ്പിന്റെ നേരെ കൈ നീട്ടി.
‘ഞാന്‍ പോയി. ഒറ്റയ്ക്ക്…’ അതു പറയുമ്പോള്‍ പ്രകാശന്റെ സ്വരം ഇടറുന്നുണ്ടായിരുന്നു. ശരീരം വിറയ്ക്കുന്നുമുണ്ടായിരുന്നു!
‘എന്നിട്ട്…’ ശ്രോതാക്കള്‍ക്ക് കേള്‍ക്കാനുള്ള ആഗ്രഹം കൂടി കൂടി വന്നു.
‘കൈത വകഞ്ഞ് മാറ്റി നീ അകത്തേയ്ക്ക് കടക്കൂ…’ ഒരശരീരി.
‘ദേ നോക്കിക്കേ…’ കൈതമുള്ള് കൊണ്ട് പോറല്‍ വീണ കൈത്തലം പ്രകാശന്‍ ഓരോരുത്തരെയായ് കാണിച്ചു.
‘എന്നിട്ട്…’
‘ഒരു കടും ചായ കൊട് കുറുപ്പേ.’ പ്രകാശന്‍ ചായക്കായ് കൈനീട്ടി.
‘ഒരു ചിത്രകൂടം ഉള്ളില്‍!’
അത്ഭുതംകൂറുന്ന കണ്ണുകള്‍ പ്രകാശനെ വലഞ്ഞു.
‘എന്നിട്ട്…’
‘ഞാന്‍ ടോര്‍ച്ചടിച്ച് നോക്കിയപ്പോള്‍ കണ്ടതെന്താ?’ പ്രകാശന്‍ ഓരോരുത്തരെയായ് മാറി മാറി നോക്കി.
‘ഒരു സര്‍പ്പം! വെള്ള നിറത്തില്‍…സ്വര്‍ണ്ണ വരകളുള്ളൊരു സര്‍പ്പം! പത്തി വിടര്‍ത്തി നില്‍ക്കുന്നു.’ പ്രകാശന്‍ ചായഗ്ലാസുമായ് ബെഞ്ചിലോട്ടിരുന്നു.
‘ഇനി നിങ്ങള് പറ. ഞാനെന്താചെയ്യേണ്ടത്?’റോഡിന്നിറങ്ങി തോട്ടിറമ്പിലൂടെ കുറേയധികം നടക്കണം പ്രകാശന്റെ പറമ്പിലേയ്ക്ക്. മനുഷ്യവാസമില്ലാതെ കാടുപിടിച്ച് കിടന്നിരുന്ന സ്ഥലം. ഏതോ പാലക്കാടന്‍ ബ്രാഹ്മണന്റേതായിരുന്നു.നാട്ടുകാര്‍ പകല്‍ സമയങ്ങളില്‍ പോലും അങ്ങോട്ടൊന്നും പോയിരുന്നുമില്ല. പ്രകാശന്റെ സ്ഥലത്തോട് ചേര്‍ന്ന് കിടക്കുന്ന ഏക്കറ് കണക്കിനുള്ള സ്ഥലത്തും ആള്‍ താമസമില്ല. കമ്പി വേലികെട്ടി തിരിച്ചിരിക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥനാരാണന്നുകൂടി നാട്ടുകാര്‍ക്ക് ശരിക്കും അറിഞ്ഞുകൂട. ഇടയ്ക്കിടയ്ക്ക് അവിടെ ഒരാള്‍ വരും. വെള്ള ജുബ്ബായൊക്കെയിട്ട്, കറുത്ത കൂളിംഗ്ലാസൊക്കെ വെച്ച്, പൊക്കമുള്ള തടിയനായൊരു മനുഷ്യന്‍. വെള്ള അംബാസിഡര്‍ കാറിലാണ് അയാള്‍ വരുന്നത്. അയാളൊരിക്കലും നാട്ടുകാരോട് സംസാരിച്ചിരുന്നില്ല. കാറിന്റെ നമ്പര്‍ നോക്കി ചിലരൊക്കെ പറഞ്ഞിട്ടുണ്ട് ‘ഇത് കോട്ടയത്തെ വണ്ടിയാണന്ന്.’ അത്രമാത്രം അതിന്റെപ്പുറം ആര്‍ക്കും ഒന്നും അറിയില്ല. പ്രകാശനും ഒന്നുമറിയില്ല.
പ്രകാശനെ കുറിച്ച് അറിയാവുന്ന നാട്ടുകാര്‍ക്ക് ആദ്യമൊക്കെ അത്ഭുതമായിരുന്നു പ്രകാശന്‍ ആ സ്ഥലം വാങ്ങി എന്നുള്ളത്! ഗള്‍ഫിലൊക്കെ പോയി പണമുണ്ടാക്കുന്നതിന് മുന്നേയുള്ള പ്രകാശനെ കുറിച്ച് നാട്ടുകാര്‍ക്ക് നന്നായറിയാം.
സന്ധ്യ കഴിഞ്ഞാല്‍ വീട്ടിന്ന് പുറത്തിറങ്ങാതിരുന്ന പ്രകാശന്‍! ഇരുട്ടിനെ പേടിച്ചിരുന്ന പ്രകാശന്‍! ഇരുട്ടില്‍ കാറ്റില്‍ ഇളകുന്ന കരിയിലയുടെ ശബ്ദത്തെ ഭയപ്പെട്ടിരുന്ന പ്രകാശന്‍. ഇരുട്ടില്‍ തിളങ്ങി നിന്ന കരിമ്പൂച്ചയുടെ കണ്ണുകള്‍ കണ്ട് ബോധം കെട്ട് വീണ പ്രകാശന്‍! യക്ഷി…പ്രേതം…ഭൂതം…പിശാച്…അറുകൊല…മറുത…
അമ്പലമുറ്റത്തെ വലിയ പനയില്‍ അറുകൊലയുണ്ടന്നാണ് വെയ്പ്…പനയുടെ ഏറ്റവും മുകളില്‍…പനയോലകള്‍ക്കിടയില്‍….അറുകൊലയിരിക്കും.
പാതിരാത്രി പനമരത്തില്‍ നിന്നും അറുകൊലയിറങ്ങും. ചോരയാണ് അറുകൊലയ്കിഷ്ടം. മനുഷ്യച്ചോരയാണ് കൂടുതല്‍ ഇഷ്ടം. അതുകിട്ടാതെ വരുമ്പോഴാണ് അയല്പക്കത്തെ കോഴി, ആട് മുതലായവയുടെ ചോരകുടിക്കുന്നത്.
സന്ധ്യകഴിഞ്ഞാല്‍ പ്രകാ!ശന്‍ പുറത്തിറങ്ങാറായതിന്റെ കാരണവും അറുകൊലയായിരുന്നു.
ഗള്‍ഫിലൊക്കെ പോകുന്നതിന് മുന്നേയാണ്! സെക്കന്റ് ഷോ കഴിഞ്ഞ് തിരികെ വരുമ്പോഴാണ്! പനയുടെ ചുവട്ടില്‍ എത്തിയപ്പോള്‍ എന്തോ ഒരു ശബ്ദം. പനയോലകള്‍ ഇളകിയാടുന്നു. അറുകൊല… അറുകൊല പനയില്‍ നിന്നും ഇറങ്ങുന്നു. രക്തദാഹിയായ അറുകൊല…പ്രകാശന്റെ ചോരയ്ക്കായി ദാഹിക്കുന്ന അറുകൊല. പിന്നെ ഒരലറലായിരുന്നു. എണീറ്റപ്പോള്‍ വീട്ടിലെ കട്ടിലിലായിരുന്നു. അലറല് കേട്ട് ഓടിയെത്തിയ ആരൊക്കെയോ കൂടി പ്രകാശനെ വീട്ടിലെത്തിക്കുകയായിരുന്നു. പനയില്‍ നിന്നും വാവല് പറന്നതാണന്ന് ആള്‍ക്കാര് പറഞ്ഞെങ്കിലും പ്രകാശന്‍ അത് സമ്മതിക്കാന്‍ തയ്യാറല്ലായിരുന്നു. ‘ഞാനായതുകൊണ്ട് ബോധം കെട്ടതേ ഒള്ളൂ…വേറെ ആരെങ്കിലും ആയിരുന്നേ കാണായിരുന്നു… ചത്തുപോയേനേ…’ കുറുപ്പിന്റെ കടയിലിരുന്ന് പ്രകാശനത് പറയുമ്പോള്‍ ഗള്‍ഫിലേയ്ക്കുള്ള അവസരവും ഏറെക്കുറേ ഒത്തിരുന്നു.
‘പ്രകാശോ, നീയിവിടെ ഇങ്ങനെയാണങ്കില്‍ ഗള്‍ഫിലെന്തായിരിക്കുമെടാ?’
കുറുപ്പിന്റെ ചോദ്യത്തിനുത്തരം പറഞ്ഞത് ഭദ്രന്‍ മാഷാണ്. ‘അവിടെ പേടിക്കേണ്ട കാര്യോന്നുമില്ല.പാലേം, കാവും,കവുങ്ങുമൊന്നുമില്ലല്ലോ ഇവറ്റകള്‍ക്ക് വസിക്കാന്‍…പോരാത്തതിന് നിസ്സാര ചൂടെങ്ങാനുമാണോ? കത്തിക്കരിഞ്ഞുപോകും ഭൂതവു പ്രേതവുമൊക്കെ.’
ശരിയാണ്. പ്രകാശന്‍ ഗള്‍ഫില്‍ പ്രേതങ്ങളെ യൊന്നും കണ്ടിട്ടില്ല. ആലോചിച്ചിട്ടുപോലുമില്ല. അതിനൊന്നും സമയം പോലുമില്ലായിരുന്നു.
കൈതപ്പൊന്തയൊക്കെ വെട്ടിത്തെളിച്ച് ചിത്രകൂടത്തില്‍ പ്രകാശന്‍ ആദ്യമായ് വിളക്ക് തെളിച്ചു. അതിന് സാക്ഷ്യം വഹിക്കാന്‍ ഭക്തന്മാര്‍ പലരുമുണ്ടായിരുന്നു. ഭക്തകളും ഉണ്ടായിരുന്നു. അതിപുരാതനമായ ചിത്രകൂടമാണതെന്ന് പ്രകാശന്‍ അവകാശപ്പെട്ടു. ചിത്രകൂടത്തിന്റെ ചൈതന്യമാണ് തന്റേയും കുടുംബത്തിന്റേയും ഐശ്വര്യം! അതു പറയുമ്പോള്‍ പ്രകാശന്റെ കണ്ണുകളിലെ തിളക്കം ചിത്രകൂടത്തിലെ കല്‍വിളക്കിന്റെ തെളിച്ചത്തില്‍ കൂടുതല്‍ വ്യക്തതയോടെ ഭക്തര്‍ കണ്ടു!
ചിത്രകൂടത്തില്‍ വിളക്ക് കത്തിക്കുന്നവര്‍ക്ക് വന്ന് ചേരുന്ന ഭാഗ്യങ്ങളുടെ ഒരു നീണ്ട ലിസ്റ്റ് തന്നെയുണ്ടായി. പ്രകാശന്‍ തന്റെ സ്വന്തം ചെലവില്‍ അതെല്ലാം അച്ചടിച്ച് പ്രസിദ്ധപ്പെടുത്തി. ഭക്തരുടെ പ്രവാഹവും വിശ്വാസവും കൂടാന്‍ തുടങ്ങിയപ്പോള്‍ നാട്ടുകാരെയെല്ലാം അതിശയിപ്പിച്ചുകൊണ്ട് പ്രകാശന്‍ തന്റെ മനസ്സിലിരിപ്പ് വെളിപ്പെടുത്തി. അതിപ്രകാരമായിരുന്നു. ഭക്തിയേയും ഭക്തരേയും സര്‍വ്വോപരി നാടിന്റെ നന്മയും മാത്രം ആഗ്രഹിക്കുന്നതുകൊണ്ട് ചിത്രകൂടവും അതിരിക്കുന്ന സ്ഥലവും നാട്ടുകാര്‍ക്കായ് നല്‍കാന്‍ പ്രകാശന്‍ തയ്യാറാണന്നെതായിരുന്നു അത്.
ചിത്രകൂടം നാട്ടുകാരേറ്റെടുത്തു. സ്ഥലത്തിനുള്ള ഒരു ചെറിയ തുക നാട്ടുകാര്‍ പിരിവിട്ട് പ്രകാശന് കൊടുത്തു.ഇതെല്ലാം നടക്കുമ്പോഴും എല്ലാവരും അനുകൂലിക്കുമ്പോഴും പ്രകാശന് നേരിടേണ്ടി വന്ന ഒരു കൂട്ടരുണ്ടായിരുന്നു. സ്വന്തം കുടുംബത്തില്‍ നിന്നുള്ളവര്‍! സ്വന്തം ഭാര്യ! കുടുംബക്കാര്‍ക്കൊന്നും മനസ്സിലായില്ല.മണലാരണ്യത്തില്‍ ചോരനീരാക്കി ഉണ്ടാക്കിയ സ്ഥലമാണിപ്പോള്‍ നാട്ടുകാര്‍ക്ക് സൗജന്യമായ് നല്‍കാന്‍ പോകുന്നത്. എന്തിനാണിതൊക്കെ? ഭാര്യ ചോദിച്ചു. വീട്ടുകാരെല്ലാരും ചോദിച്ചു. ‘സമയമൊണ്ട്. പറയാം’ എന്ന് മാത്രമേ പ്രകാശന്‍ എല്ലാവരോടും പറഞ്ഞുള്ളു.
പ്രകാശന്റെ ഭാര്യയ്ക്ക് ഉറപ്പുണ്ടായിരുന്നു പ്രകാശന്‍ കള്ളമാണ് പറയുന്നതെന്ന്. നല്ല നിലാവുള്ള എത്രയോ രാത്രികളില്‍ താന്‍ പ്രകാശനെ വിളിച്ചിട്ടുള്ളതാണ്! മുറ്റത്തെ മൂവാണ്ടന്‍ മാവിന്‍ ചുവട്ടിലിരുന്ന് നിലാവാസ്വദിക്കാന്‍. തങ്ങളുടെ സ്വന്തമായ ലോകത്തില്‍, പ്രകൃതിയുടെ അവര്‍ണനീയമായ സൗന്ദര്യത്തില്‍ ലയിച്ച് പ്രകാശന്റെ മടിയില്‍ തല ചായ്ച് ആകാശത്തിന്നപ്പുറമുള്ള ലോകത്തെക്കുറിച്ച് സംസാരിക്കാന്‍ എത്രയോ കൊതിച്ചിട്ടുള്ളതാണ്! ഒന്നും നടന്നിട്ടില്ല. നശിച്ച പേടി! ഇങ്ങനെയുമുണ്ടോ പേടി. ആ ആളാണ് കറുത്തവാവ് രാത്രിയില്‍ കൈതക്കാട്ടില്‍ കേറി നോക്കിയിരിക്കുന്നത്. വിശ്വസിക്കാന്‍ കുറേ ആള്‍ക്കാരും! എല്ലാര്‍ക്കും ഭ്രാന്താണ്.
പ്രകാശന്‍ വീട്ടിലില്ലാതിരുന്ന ഒരു ദിവസമാണ് അത് സംഭവിച്ചത്. രണ്ടു മൂന്നുപേര്‍ പ്രകാശന്റെ വീട്ടിലേയ്ക്ക് കയറി വന്നു. ദീപ മാത്രമേ ഉണ്ടായിരുന്നുള്ളു അപ്പോള്‍ വീട്ടില്‍. കറുത്ത് തടിച്ച് ചുവന്ന ഉണ്ടക്കണ്ണുള്ള മൂന്നുപേര്‍. കണ്ടിട്ട് തന്നെ ഒരു അവലക്ഷണം.
‘പ്രകാശനില്ലേ?’ പരുക്കന്‍ ശബ്ദത്തില്‍ ഒരുത്തന്‍ ചോദിച്ചു. ദീപയ്ക്ക് ശരിയ്ക്കും പേടി തോന്നിത്തുടങ്ങിയിരുന്നു.
‘ഇല്ല.പിരിവിന് പോയിരിക്കുകയാണ്.’
‘വിളക്കു കത്തിച്ച് കൊട്ടും പാട്ടും നടത്തിയാല്‍ മാത്രം പോരാ. ഞങ്ങടെ പൈസ കൂടെ ഇങ്ങ് തന്നേക്കാന്‍ പറഞ്ഞേക്കണം ഭര്‍ത്താവിനോട്. അല്ലങ്കില്‍ കളി കാര്യമാകും കേട്ടോ പെങ്ങളേ…’ മടക്കി കുത്തഴിച്ച് ഒന്നുകൂടി ഉയര്‍ത്തി ഉടുത്തുകൊണ്ട് മൂവരും തിരിച്ചു പോയി കഴിഞ്ഞപ്പോഴാണ് ദീപയ്ക്ക് ശ്വാസം നേരെ വീണത്. എന്തൊക്കെയാണാവോ സംഭവിക്കുന്നത്.
അന്ന് രാത്രി അക്ഷരാര്‍ത്ഥത്തില്‍ ദീപ പൊട്ടിത്തെറിക്കുക തന്നെ ചെയ്തു. ‘ഞങ്ങളിവിടെ ജീവിക്കേണ്ടന്നാണോ?എന്തൊക്കെയാണ് നടക്കുന്നതെന്ന് നിങ്ങള്‍ക്ക് വല്ല ബോധവുമുണ്ടോ?ജീവനില്‍ പേടിക്കാതെ ഇപ്പോള്‍ വീട്ടിലിരിക്കാന്‍ പറ്റാത്ത അവസ്ഥയായി. കണ്ട കള്ളനും കൊള്ളക്കാരനുമൊക്കെ വീട്ടില്‍ കേറി ഭീഷണിപ്പെടുത്താന്‍ തുടങ്ങി. എന്തൊക്കയാണ് നടക്കുന്നത്? എന്നോടെങ്കിലും ഒന്നു പറയരുതോ ഇതിന്റെയൊക്കെ ഉള്ളുകള്ളി.’ ദീപയുടെ ദേഷ്യം പതുക്കെപതുക്കെ പരിഭവവും സങ്കടവുമായ് മാറുകയായിരുന്നു.
നിര്‍ത്താതെ ചിലച്ചുകൊണ്ടിരുന്ന ഫോണുമെടുത്തുകൊണ്ട് പ്രകാശന്‍ അടുത്ത മുറിയിലേയ്ക്ക് പോയി. ദീപ പ്രകാശന്റെ സംസാരത്തിന് കാതോര്‍ത്തുകൊണ്ട് ഭിത്തിയോട് ചേര്‍ന്ന് നിന്നു. ഈയിടെയായ് ദീപ അങ്ങനെയാണ്. പ്രകാശന്റെ ഓരോ നീക്കവും ഓരോ വാക്കും സസൂക്ഷ്മം നിരീക്ഷിക്കും.പിന്നെ അതിനെക്കുറിച്ച് ചിന്തിക്കും. ചിന്തിച്ച് ചിന്തിച്ച് ചില ദിവസങ്ങളില്‍ സമയം പോകുന്നത് പോലും അറിഞ്ഞിട്ടില്ല. ഭക്ഷണമുണ്ടാക്കാന്‍ പോലും മറന്നുപോയ ദിവസങ്ങളുണ്ടായിട്ടുണ്ട്. പക്ഷേ പ്രകാശന്‍ അതൊന്നും ശ്രദ്ധിച്ചിരുന്നില്ല. ആഹാരക്കാര്യത്തില്‍ പോലും ശ്രദ്ധിക്കാറില്ല. എപ്പോഴും വേറെ ഏതോ ലോകത്തിലാണ്! എന്താണ് മറ്റുള്ളവര്‍ പറയുന്നത് പോലും കേള്‍ക്കാറില്ല. കേട്ടാലും ശ്രദ്ധിക്കാറില്ല.
‘ഞാന്‍ പറഞ്ഞില്ലേ പണം മുഴുവന്‍ ഞാന്‍ തരും. അതിന് മുന്നേ നിങ്ങള്‍ അയാളോട് സംസാരിച്ച് ഇതില്‍ നിന്നും പിന്തിരിപ്പിക്കണം. ഒരു ചിത്രകൂടം നില്‍ക്കുന്ന സ്ഥലമാണിതെന്ന് അയാളെ മനസ്സിലാക്കിക്കണം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചിത്രകൂടത്തെ തൊട്ടാല്‍ കളി കാര്യമാകുമെന്നും അറിയിക്കണം.’ പ്രകാശന്‍ ഫോണ്‍ കട്ട് ചെയ്ത് തിരിഞ്ഞപ്പോള്‍ ദീപ തൊട്ടു പുറകില്‍ നില്‍ക്കുന്നു. മുഖത്ത് പ്രകടമായ പരിഭ്രമത്തെ മാറ്റി നിര്‍ത്തി ഒരു ചിരി വരുത്താന്‍ പ്രകാശന്‍ വിഫലമായ ഒരു ശ്രമം നടത്തി. ദീപ ഒന്നും മിണ്ടിയില്ല.
‘അല്ല. ഞാനേ, ആ കോട്ടയത്തുകാരനോട് സംസാരിക്കാനായിട്ട് അവരോട് പറയുകയായിരുന്നു. കുറേ പാടുപെട്ട് ആളെക്കുറിച്ച് മനസ്സിലാക്കാന്‍. വണ്ടീടെ രജിസ്‌ട്രേഷന്‍ നമ്പര്‍ അവസാനം തുണച്ചു.’ പ്രകാശന്‍ ചാരുകസേരയിലോട്ട് കിടന്ന് കണ്ണുകളടച്ച് ദീര്‍ഘമായ് നിശ്വസിച്ചു.
ദീപ പ്രകാശന്റെ അടുക്കലേയ്ക്ക് വന്നു. അവളുടെ കൈവിരലുകള്‍ പ്രകാശന്റെ മുടിയിലൂടെയോടി. ദീപയുടെ ശ്വാസത്തിന്റെ ചൂട് കവിളില്‍ തട്ടിയപ്പോഴാണ് ശരിക്കും പ്രകാശന്‍ ചിന്തയില്‍ നിന്നും തിരിച്ച് വന്നത്. അവള്‍ പ്രകാശന്റെ താടിയില്‍ പിടിച്ച് മുഖമുയര്‍ത്തി. ‘പറയില്ലേ…എന്നോട് പറയില്ലേ..എന്താണ് പ്രശ്‌നമെന്ന്…’
പ്രകാശന്‍ ദീപയെ നോക്കി.
‘കുറച്ചു നാളുകള്‍ക്ക് മുന്നെ…അന്നു നീ ഇവിടെ ഇല്ലായിരുന്നു. ഒരു രണ്ട് മൂന്ന് മാസമായിക്കാണും.’ ദീപ ചാരുകസാരയുടെ അടുത്തുതന്നെ ഇരുന്നു.
പ്രകാശന്‍ എണീറ്റു.’വേണ്ട. നമ്മുക്ക് അകത്ത് പോയിരുന്ന് സംസാരിക്കാം.’
പ്രകാശന്‍ ദീപയെ ചേര്‍ത്തുപിടിച്ചു. ‘നീയിതാരോടും പറയരുത്. ഇത് നമ്മുടെ പ്രശ്‌നമാണ്. നമ്മുടേത് മാത്രം.’
‘അന്ന് ആ കോട്ടയത്തുകാരന്റെ കാര്‍ വന്നു. അയാളുടെ കൂടെ വേറെ മൂന്ന് നാലുപേരുകൂടിയുണ്ടായിരുന്നു. നമ്മുടെ വീടിനെ കടന്നുപോകുമ്പോള്‍ ഞാനവരുടെ സംസാരം കേള്‍ക്കാനിടയായ്.അയാള്‍ സ്ഥലം വില്‍ക്കാനായ് പോകുന്നു.’
പ്രകാശന്റെ ഫോണ്‍ വീണ്ടും ചിലച്ചു.
‘എന്ത് എല്ലാം ശരിയായെന്നോ? അയാള്‍ പിന്മാറിയെന്നോ?… ആ നാളെ രാവിലെ തന്നെ പോരൂ…പണം മൊത്തം തരാം ഞാന്‍. എങ്ങനെ സാധിച്ചു?’
‘ഗുണ്ടകള്‍ വിചാരിച്ചാല്‍ നടക്കാത്ത കാര്യമെന്താണെന്നാണ് അവന്മാര് ചോദിക്കുന്നത്. സന്തോഷാധിരേകത്താല്‍ പ്രകാശന്‍ ദീപയെ കെട്ടിപ്പിടിച്ച് കട്ടിലിലേയ്ക്ക് മറിഞ്ഞു.
‘ഇതെന്താണീ കാണിക്കുന്നേ? സംഭവിച്ചെതെന്താണെന്ന് പറയെന്നേ…’
പ്രകാശന്‍ പൊട്ടിച്ചിരിച്ചു. കുറേ നാളായ് പ്രകാശനെ ഇങ്ങനെ കണ്ടിട്ട്. ദീപയ്ക്ക് സന്തോഷമായി.അവള്‍ അവന്റെ തോളില്‍ പിടിച്ച് കുലുക്കി.
‘പറയന്നേ…എന്താ ഉണ്ടായേ?’
‘അയാള്‍ സ്ഥലം വില്‍ക്കാന്‍ പോണത്രേ!’
‘അയാള്‍ സ്ഥലം വില്‍ക്കുന്നതിന് നിങ്ങള്‍ക്കെന്നാ?’
‘എടീ മണ്ടീ, അയാളുടെ കൂടെയുണ്ടായിരുന്നത് പള്ളിക്കാരായിരുന്നെടി. പള്ളിക്കാര് സ്ഥലമെടുത്താല്‍ ചിലപ്പോളവര് സെമിത്തേരി വരെ പണിതു കളയും. ഇത്രയും അധിക സ്ഥലത്ത് സെമിത്തേരി അല്ലാതെ വേറെന്താ അവര് പണിയാന്‍ പോണത്? പിന്നെ നമ്മളിവിടെ കഴിഞ്ഞിട്ട് വല്ല കാര്യോണ്ടോ?’
‘അപ്പോള്‍ ചിത്രകൂടം?…’ ദീപയ്ക്ക് പിന്നെയും സംശയങ്ങളായിരുന്നു.
‘അതൊരു മുന്‍കരുതല്‍…ഒറ്റരാത്രികൊണ്ട് വൈക്കത്തെ ഒരു കാവില്‍ നിന്നും അവന്മാരത് പൊക്കി.’
ദീപ പ്രകാശന്റെ കവിളില്‍ നുള്ളി. ‘ഭയങ്കര ബുദ്ധി തന്നെ!’
‘എടി പെണ്ണേ, പൈസയും, ഗുണ്ടകളും മേമ്പൊടിക്കായ് കുറച്ച് മതഭ്രാന്തുമുണ്ടെങ്കില്‍ ഇവിടെ നടക്കാത്തതായ് എന്താണടീ…’
ദീപ പ്രകാശനെ കെട്ടിപ്പിടിച്ചു.




