അയാളവളെ കാണുകയായിരുന്നു. പൂത്തിരികത്തി നില്‍ക്കുന്ന കണ്ണുകള്‍. അയാള്‍ നോക്കുന്നുവെന്നറിഞ്ഞപ്പോള്‍ അവള്‍ തുടുത്തു. ചലനം സാവധാനത്തിലായി. തിരക്കിട്ടെന്തോ എടുക്കാനെന്ന ഭാവത്തില്‍ അടുക്കളയിലേക്കോടാന്‍ തുടങ്ങി. പിന്നെ സാവകാശം നടന്നു. വാതില്‍പ്പടിയിലെത്തി തിരിഞ്ഞു നോക്കി അവളുടെ ഒളിത്താവളത്തില്‍ മറഞ്ഞു. അയാള്‍ക്ക് ചിരി വന്നു. ഓടിച്ചാടി നടന്നപ്പോഴൊരിക്കല്‍ അയാളാണ് പറഞ്ഞത്.
ഡീ, നിനക്കറിയൂല്ല. നീ നെട്ടോട്ടമോടുമ്പോള്‍ അതൊരഴകാണ്.
ങ്ങേ?
നിറഞ്ഞു തുളുമ്പിക്കുലങ്ങിത്തെറിച്ച്
മിണ്ടരുത്. ചുപ് രഹേ.
ഓടിച്ചാടിക്കൊതിപ്പിക്കരുത്, മെല്ലെ നടക്ക് എന്നതിന്റെ ഹിന്ദിയെന്തോന്ന്?അന്നു തുടങ്ങിയതാണ്, വെപ്രാളപ്പെട്ടോടാന്‍ തുടങ്ങുമ്പോഴൊരു പിന്‍വിളി. അയാളുടെ കണ്ണുപതിയുമ്പോഴൊരു പരവേശം. അടുക്കളയില്‍ തട്ടലും മുട്ടലും തുടരുന്നു. പ്രത്യേകിച്ച് കാര്യമൊന്നുമുണ്ടാവില്ല. വെറുതെ. എന്തെങ്കിലുമെടുത്ത് തൂത്തു തുടച്ച്. സ്ഥാനം മാറ്റി മറിച്ച്…. ഓര്‍മ്മകളില്‍ നിന്നും രക്ഷപെടാനുള്ള കുറുക്കുവഴികള്‍.
അവളുമതു തന്നെയാണ് ചിന്തിച്ചത്.ഓര്‍മ്മകളില്‍ നിന്നും രക്ഷപെടുന്നതിനെക്കുറിച്ചുള്ള കുറുക്കുവഴികളെക്കുറിച്ച്. മറവിയിലെങ്ങോ മറഞ്ഞ് കിടന്ന് ഇടയ്ക്കിടയ്ക്കുയിര്‍ത്തെഴുന്നേറ്റു വരുന്ന നിലവിളികളെക്കുറിച്ച്. അടക്കിപ്പിടിച്ച ആര്‍ത്തനാദത്തെക്കുറിച്ച്. ഓര്‍ക്കുമ്പോഴെല്ലാം
മനസ്സിന്റെ അഗാധഖനികളില്‍ വേദന തുരന്നിറങ്ങി കണ്ണുനീര്‍ പൊഴിയും… കണ്ണുനിറഞ്ഞപ്പോള്‍ അയാള്‍ ഇടയ്ക്ക് പറയുന്നതോര്‍ത്ത് അവളറിയാതെ ചിരിച്ചു.
നിന്റെ കണ്ണുനീരിനൊരു ഫോട്ടോഗ്രാഫിക് വാല്യു.
ഡോസ്റ്റ് വേസ്റ്റ് ദാറ്റ്.. ടൂ പ്രിഷ്യസ്.
ചിരിയുടെ അടുത്ത നിമിഷം അവളെ മ്ലാനത മൂടി.
സന്ധ്യയാകുമ്പോള്‍ ചിരിയുടെ തിരയടങ്ങും തീരം നിശബ്ദമാകും. പെന്‍ഡുലത്തിന്റെ ശബ്ദത്തോടൊപ്പം വേവലാതി പെരുകിയുറയും. വിളക്കണയുമ്പോള്‍ ഇരുട്ട് പൊതിയുമ്പോള്‍ ഒരു മരവിപ്പവളെ പൊതിയും. വേദനിപ്പിക്കുന്ന തുളച്ചു കയറുന്ന ഒരു മരവിപ്പ്. ശ്വാസംമുട്ടിക്കുന്ന…. അയാള്‍ പതിവു പോലെ ടിവിയിലെ കാഴ്ചകള്‍ കാണുകയായിരുന്നു. അടുക്കളയിലെ ചലനങ്ങള്‍ നേര്‍ത്തു വരുന്നു. ഇടയ്ക്കിടയ്ക്ക് വാതിലനടുത്തോളമെത്തുന്ന പാദപതനം അല്‍പ്പം ശങ്കിച്ചു തിരിച്ചു പോകുന്നു. പിന്നെയും തിരികെ വരുന്നു. പിന്നെയും തിരികെ. അല്‍പ്പസമയത്തിനു ശേഷം വീണ്ടും തിരികെ. നേരമിരുളുവോളം നിര്‍ത്താതെ പെയ്യുന്ന അവളുടെ സംസാരം രാത്രിയാകുമ്പോള്‍ ഇടറുന്നു. അവള്‍ക്ക് വാക്കുകള്‍ നഷ്ടപ്പെടുന്നു. വിളക്കണയുമ്പോള്‍ പുഞ്ചിരി കത്തിയ കണ്ണുകളില്‍ വേവലാതിയെരിയിച്ച് ഭയത്തിന്റെ ഒരു പുതപ്പിലവള്‍ ചുരുളുന്നു. ഭിത്തിയിലെ ഇരുട്ടിലേക്ക് തുറിച്ചു നോക്കിക്കിടക്കുന്നു. ഉറക്കം കണ്‍പോളകളെ മുദ്രവെക്കുന്നത് വരെ…
അയാള്‍ കിടക്കയിലമരുന്നതവളറിഞ്ഞു. പെട്ടന്നവളുടെ ഹൃദയമിടിപ്പുയര്‍ന്നു. കൈവെള്ള
എന്തിനെന്നറിയാതെ വിയര്‍ത്തു. പുതപ്പിനടിയിലും അവള്‍ക്കു കുളിര്‍ന്നു. അവളെ വിറച്ചു. ഭിത്തിയില്‍ തെളിയുന്ന അവളുടെ സ്വന്തം നിഴല്‍ കണ്ട് അവളുടെ ശരീരം തളര്‍ന്നു.
അയാള്‍ ഇരുട്ടിലേക്ക് നോക്കിക്കിടക്കുകയായിരുന്നു. പതിഞ്ഞ ശബ്ദത്തിലുള്ള ഏതോ പ്രണയഗാനത്തിനു കാതോര്‍ത്ത്. ഏതോ പ്രണയഗാനമോ? അയാളമ്പരന്നു. അതെ, വാക്കുളറിയാത്ത, ലിപികള്‍ മനസ്സിലാകാത്ത ഏതോ പ്രണയഗാനം. ഇരുളില്‍
അവളുടെ ഗന്ധം. ഏതോ പഴത്തിന്റെ നറുമണം. ഏതു പഴത്തിന്റെ മണമെന്നവളോട് ചോദിക്കണോന്നു ശങ്കിച്ചു. പിന്നെ മടിച്ചു. വേണ്ട നേരം വെളുത്തിട്ടാവാം.
കൈത്തണ്ടയില്‍ അവളുടെ മുടിയിഴകള്‍. പട്ടിന്റെ മിനുസം. വിരല്‍ നീട്ടി തൊടണോ? വേണ്ട. മനസ്സിലെവിടെയോ ഒരു വിതുമ്പലും. പിന്നെ പ്ലീസെന്ന ഒരു ദയനീയ അപേക്ഷയും…….
അവളും ഒരുനിലവിളിയെക്കുറിച്ചു തന്നെ ഓര്‍ക്കുകയായിരുന്നു. എന്നത്തേയും പോലെ ഇന്നും
പുതപ്പ് കണ്ണീരില്‍ കുതിരും. കണ്ണീരിന്റെ നനവില്‍ മുഖത്തൊട്ടുന്ന പുതപ്പിനടിയിലവളുറങ്ങും. ഇരുളില്‍
അയാളുടെ വിരലുകളവളെ തേടി വരുമോ? എനിക്ക് രാത്രിയിലെന്താണ് സംഭവിക്കുന്നത്? തിരക്കില്‍ യാത്രയില്‍ അയാളുടെ വിരലുകള്‍ വിരലുകളില്‍ കോര്‍ത്തിണങ്ങുന്നതിനുള്ള കാത്തിരിപ്പ്
രാത്രിയാകുമ്പോള്‍……. അവളുടെ ശരീരം തണുത്തുറഞ്ഞു.
ഒരിക്കല്‍ ഇരുളില്‍ വിരലുകള്‍ കോര്‍ത്തതായിരുന്നു. അയാളോര്‍ത്തു. വിറയ്ക്കുന്ന ഇളംചൂടുള്ള
വിരലുകള്‍. പെട്ടന്നാണ് വിരലുകളയാളെ തള്ളിമാറ്റിയത്. നിലവിളിയോളമുയര്‍ന്ന ഒരു
വിതുമ്പല്‍ കണ്ണുനീരിന്റെ ശബ്ദത്തില്‍ പ്ലീസ് എന്നപേക്ഷിച്ചത്…………
അവളുടെ ഓര്‍മ്മകളിലും ഒരു നിലവിളിയായിരുന്നു. ഓര്‍മ്മയുടെ ചിതറിയ കഷണങ്ങളില്‍ നിന്നും ഇടയ്ക്കിടയ്ക്ക് സ്വയമൊത്തു ചേര്‍ന്ന് വികൃത നൃത്തം ചെയ്യുന്ന, ഓരോ അണുവിലും വേദന തറഞ്ഞുകയറുമ്പോള്‍ മനസ്സിലലറി നിലവിളിച്ച നിലവിളി. ആ നിലവിളി അവളെ ശ്വാസംമുട്ടിച്ചു. ഇറുക്കിയടച്ച കണ്‍പോളകളില്‍ പല നിറങ്ങള്‍ തെളിഞ്ഞവളെ തുറിച്ചുനോക്കി ഭീഷണിപ്പെടുത്തി. തൊണ്ടയില്‍ ഞരക്കം പുറത്തേക്കു ചാടാന്‍ വെമ്പി. അവള്‍ കുതറിയപ്പോള്‍ ഞരങ്ങുന്ന ബെഡ്‌പോസ്റ്റില്‍ വിരലമര്‍ന്നപ്പോള്‍ ലോഹത്തിന്റെ ഇരുണ്ട തണുപ്പ്. പച്ചവിരികള്‍ക്കപ്പുറത്ത് സൂര്യന്‍ ക്രൂരമായ നിസ്സംഗതയോടെ തിളങ്ങുന്നു.
ഉച്ചവെയിലിലേക്കിറങ്ങി വളവു തിരിഞ്ഞപ്പോള്‍ പൊള്ളുന്ന ചൂടിലും കണ്ണുനീര്‍ പെയ്യുന്നുണ്ടായിരുന്നു. സങ്കടക്കയങ്ങളില്‍ മുങ്ങിത്താണ് വേദനയറിഞ്ഞവള്‍ നടന്നു. അവളുടെ ആഴങ്ങളില്‍ നിന്നും തോരാതെ കണ്ണീര്‍മഴ മാത്രം പെയ്തുകൊണ്ടിരുന്നു.
മഴയേക്കുറിച്ചോര്‍ത്തപ്പോള്‍ പെട്ടന്ന് വൈദ്യുതി നിലച്ചു. ജനലിലെ കര്‍ട്ടനു പിറകിലൂടെത്തി നോക്കുന്ന തെരുവുവിളക്ക് ഇരുട്ടില്‍ മറഞ്ഞു. മന്ദമായി പാടിക്കൊണ്ടിരുന്ന ഗാനം പാതിയിലടറി നിന്നു. ഇരുട്ടില്‍ അവള്‍ക്കയാള്‍ ശ്വസിക്കുന്നത് കേള്‍ക്കാമായിരുന്നു. അയാള്‍ക്കും. പുറത്ത് തണുത്ത കാറ്റടിക്കുന്നു. മഴ പെയ്‌തേക്കും.
ജനലിനു പുറത്തെ ഇരുട്ടില്‍ പെട്ടന്നെവിടെ നിന്നെന്നില്ലാതെ ഒരു കാറ്റടിച്ചു. കാറ്റിന്റെ ശബ്ദം ജനല്‍ കടന്ന് മുറിയിലെ ഭിത്തിയില്‍ അലയടിച്ചു തണുപ്പ് കൂടിക്കൂടി വരുന്നു. പെട്ടന്ന് ഭിത്തികളെ വിറപ്പിച്ച് ഒരിടി മുഴങ്ങി. മിന്നലിന്റെ തീഷ്ണവെളിച്ചത്തിലയാളവള്‍ വിറയ്ക്കുന്നത് കണ്ടു. എന്തു ചെയ്യണമെന്നറിയാതെ അയാളമ്പരന്നു. വിളിക്കണോ? വേണ്ടെന്ന് മനസ്സുത്തരം കണ്ടെത്തുമ്പോഴേക്കും അടുത്ത ഇടിമിന്നി, അവളൊരു നിലവിളിയോടെ പുതപ്പിനു പുറത്തേക്ക് തലനീട്ടി. അരണ്ട വെളിച്ചത്തിലും അവളുടെ കണ്ണുകളില്‍ ഭയം തിരയടിക്കുന്നു.
പേടിയാണോ..
അരണ്ട വെളിച്ചത്തില്‍ അവളുടെ തല അനങ്ങുന്നു.
ചെറുപ്പത്തില്‍?
അമ്മയെ കെട്ടിപ്പിടിക്കും.
ദെന്‍ കം. ഹഗ്ഗ് മീ.
അവളെ തേടിയെത്തുന്ന കൈയ്യിലേക്ക് നോക്കി അവളെന്തു ചെയ്യണമെന്നറിയാതെ ഒരു നിമിഷം അമ്പരന്നപ്പോള്‍ അടുത്ത മിന്നല്‍പിണര്‍ തെളിഞ്ഞു. വല്ലാത്ത ഒരു വെമ്പലോടെ അവളയാളിലേക്ക് ചേര്‍ന്നു. ഇളംചൂടുള്ള ഉടലിന്റെ ഭയം അയാളെ പൊതിഞ്ഞു. പുറത്ത് മഴ തോരാതെ പെയ്യുന്നു. കൈത്തണ്ട നനയുന്നു.
ആര്‍ യൂ ക്രൈയിംഗ്
ഇരുട്ടില്‍ തെളിയുന്ന ഇടിമിന്നലിന്റെ വെളിച്ചത്തില്‍ അയാളവളെ കണ്ടു. അവളുടെ മുഖം നെഞ്ചോടു ചേര്‍ത്തയളാവളെ കൈകളില്‍ പൊതിഞ്ഞു. നെഞ്ചില്‍ കണ്ണീര്‍തുള്ളികളുടെ ചൂട് പതിയുമ്പോള്‍ പുറത്ത് മഴ കാറ്റില്‍ നൃത്തം ചെയ്യുന്നു. തണുപ്പ് മുറിയിലേക്കരിച്ചു കയറുന്നു.
ഡോണ്ട്ക്രൈ.
നെഞ്ചില്‍ മുഖം ചേര്‍ത്തു കിടന്നപ്പോള്‍ അവള്‍ക്ക് അയാളുടെ ഹൃദയം താളത്തില്‍ മിടിക്കുന്നത് കേള്‍ക്കാമായിരുന്നു. എപ്പോഴോ അയാള്‍പറഞ്ഞതോര്‍ത്തു.
മൈ ഹേര്‍ട്ട് ബീറ്റ്‌സ് യുവര്‍ നെയിം.
ഇളംചൂടുള്ള നെഞ്ചില്‍ മഴയേക്കാള്‍ ഉച്ചത്തില്‍ കേള്‍ക്കുന്നത്, ഹൃദയം മിടിക്കുന്നത് എന്റെ പേരാണോ? ഈസ് ഇറ്റ്?
അറിയാതെ അവളുറങ്ങി. വീണ്ടും കണ്‍മിഴിച്ചപ്പോള്‍ പുറത്ത് പെയ്യുന്ന മഴ അല്‍പ്പം ശമിച്ചു. മഴയുടെ വേഗത കുറയുന്നു.. അവളെന്തിനെന്നറിയാതെ വേവലാതിപ്പെട്ടു. നേരം വെളുക്കുന്നതിനു മുന്‍പ് മഴ തീരുമോയെന്നവള്‍ ഭയന്നു. പതിയെ മുഖമുയര്‍ത്തി നോക്കിയപ്പോള്‍ അയാള്‍ അവളെ നോക്കി പുഞ്ചിരിക്കുന്നു. ഇരുട്ടില്‍ മുഖം ചുവന്നത് അയാള്‍ കണ്ടുകാണുമോ.. ആ മുഖത്തെ ചുവപ്പ് തൊട്ടറിയാനെന്നതു പോലെ അയാളുടെ വിരലുകള്‍ അവളുടെ മുഖത്തെ തേടി വന്നു.
ഇടയ്‌ക്കൊന്നു തോരാന്‍ തുടങ്ങിയ മഴ വീണ്ടും പെയ്തു തുടങ്ങി.
മഴയുടെ ശമനതാളപ്പെരുക്കത്തിലെപ്പോഴോ അവളയാളുടെ കണ്ണുകുളിലേക്കുറ്റു നോക്കി. അവളിലേക്കു തുറക്കുന്ന താക്കോല്‍ ഏറ്റുവാങ്ങി അയാള്‍ പുഞ്ചിരിച്ചു.
മൈന്‍, ജസ്റ്റ് മൈന്‍.
നൃത്തത്തിന്റെ ലാസ്യഭാവത്തില്‍. ഇളംചൂടുള്ള മഴയില്‍ കിടക്കവിരി പകരുന്ന ഇളംചൂടറിയുമ്പോള്‍, അവള്‍ നിലവിളികള്‍ മറന്നു. കണ്ണീര്‍മഴകളും. മുറിക്കകത്തെ ഇരുട്ട് മാത്രമല്ല. ജനലിനും പുറത്തും ഇരുട്ടകന്നുതുടങ്ങുന്നു. വെളിച്ചത്തെ നോക്കി അവള്‍ പുഞ്ചിരിച്ചു.
കുറിപ്പ്
റേപ്പ് വിക്ടിമുകളെക്കുറിച്ചൊരു കഥ പലപ്പോഴും കബളിപ്പിച്ച ഒന്നായിരുന്നു.




നന്നായിട്ടുണ്ട്
നെഞ്ചില്‍ മുഖം ചേര്‍ത്തു കിടന്നപ്പോള്‍ അവള്‍ക്ക് അയാളുടെ ഹൃദയം താളത്തില്‍ മിടിക്കുന്നത് കേള്‍ക്കാമായിരുന്നു
എന്തൊരു നോസ്ടള്ജിയ …
ഹെന്റെ പൊന്നെ, ഇത് എന്തൊരു കഥ? മലയാളത്തിലെ കുറെ വാക്കുകള്‍ കൂട്ടിച്ചേര്‍ത്തു വിട്ടാല്‍ കഥയാകുമോ? അന്തസ്സാരശൂന്യമായ ഒരു ഇതിവൃത്തം!
” കൈവെള്ള എന്തിനെന്നറിയാതെ വിയര്‍ത്തു. പുതപ്പിന്നടിയിലും അവള്‍ക്കു കുളിര്‍ന്നു.”
വിയര്‍ക്കുമ്പോള്‍ ആണോടോ കുളിരുന്നത്?
“ഭിത്തിയില്‍ തെളിയുന്ന അവളുടെ സ്വന്തനിഴല്‍ കണ്ടു —”
ഇരുട്ടില്‍ എവിടെയാണ് ചങ്ങാതി, നിഴല്‍ ?
രതിസ്സാഹിത്യത്തില്‍ ആണോ താല്പര്യം ? ഇത് കുറെ കടന്നു പോയി