യാത്രകളെ ഞാനൊരിക്കലും വെറുക്കാറില്ല, എല്ലാ ആളുകളേയും പോലെ ഞാന്‍ യാത്രകളെ ഏറെ ഇഷ്ടപ്പെടുന്നു. പക്ഷെ മിക്കപ്പോഴും അശുഭകരമായ ചിന്തകള്‍ മനസ്സില്‍ തള്ളികയറി വരാറുള്ളതിനാല്‍ എനിക്ക് യാത്രകള്‍ ശരിയായ രീതിയില്‍ ആസ്വദിക്കാന്‍ കഴിയാറില്ല. ബസ്സില്‍ യാത്ര ചെയ്യുമ്പോഴൊക്കെ ഞാന്‍ വിന്റൊസീറ്റില്‍ ഇരിക്കാറുണ്ടെങ്കിലും പുറത്തെ കാഴ്ച്ചകള്‍ മിക്കവാറും എനിക്ക് ആസ്വദിക്കാന്‍ കഴിയാറില്ല. അപ്പോഴേക്കും മനസ്സില്‍ ചിന്തകളുടെ ഉരുള്‍പൊട്ടല്‍ തന്നെ രൂപപ്പെടും. അവ എന്നെ ഞെരിച്ച് അമര്‍ത്തും. ഇത്തരം ചിന്തകള്‍ മനസ്സില്‍ വരുത്താതിരിക്കാന്‍ ഞാന്‍ പലപ്പോഴും ശ്രമിക്കാറുണ്ടെങ്കിലും ചിന്താപ്രളയത്തില്‍ ഞാന്‍ തന്നെ ഇല്ലാതാകുകയാണ് പതിവ് പിന്നെ അസ്വസ്ഥതകള്‍ മാത്രമായിരിക്കും ബാക്കി. ഇത്തരം ചിന്തകള്‍ കൊണ്ട് എനിക്ക് ഒരു ഉപകാരം ഇല്ലന്ന് പ്രത്യേകിച്ച് പറയേണ്ടല്ലൊ.
ഒരു ദിവസം കണ്ണൂരില്‍ നിന്നും പയ്യന്നൂരിലേക്ക് ഒരു ബസ്സ് യാത്രയിലായിരുന്നു ഞാന്‍. കഴിഞ്ഞ രണ്ട് മാസം യാതൊരു ജോലിയുമില്ലാതെ വീട്ടില്‍ ഇരിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ അതിന്റെ ഒരു തരം നിരാശ എന്റെ മുഖത്ത് ബാധിച്ചിരുന്നു. എപ്പോഴും പ്രസന്നനും സന്തോഷവാനുമായി ഇരിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും ജോലിയെക്കുറിച്ച് ആരെങ്കിലും എന്നോട് ചോദിച്ചാല്‍ ഞാന്‍ ആകെ അസ്വസ്ഥനാകും. പണിയൊന്നും ഇല്ലാ എന്ന് പറയാന്‍ എനിക്ക് ലജ്ജയാണ്. കാരണം കാഴ്ച്ചയില്‍നല്ല ആരോഗ്യമുള്ള ചെറുപ്പാക്കാരനാണ് ഞാന്‍. അതു കൊണ്ട് തന്നെ ഒരു പണിയുമില്ലങ്കിലും വല്ല കോണ്‍ക്രീറ്റിന്റെ പണിക്കെങ്കിലും പോയിക്കൂടെ എന്ന് ആളുകള്‍ ചോദിക്കാന്‍ സാധ്യതയുണ്ട്. അങ്ങനത്തെ ഒരു ചോദ്യം പ്രതീക്ഷിച്ചിരുന്നു എന്നതുകൊണ്ട് തന്നെ ഞാന്‍ എന്റെ സുഹൃത്തിന്റെ കൂടെ കോണ്‍ക്രീറ്റ് പണിക്ക് പോയിരുന്നു. രണ്ട് ദിവസം ഞാന്‍ പോയി മൂന്നമത്തെ ദിവസം വീട്ടിലിരുന്നു. നല്ല ചടുലതയോടെ പണിയെടുക്കുന്ന അവരാടൊപ്പം അവാര്‍ഡ് സിനിമയിലെ നായകനെ പോലെ ഞാന്‍ നിന്നാല്‍ ആര്‍ക്കും ദേഷ്യപിടിക്കും. മേസ്തിരി എന്നേ നോക്കി ദേഷ്യപ്പെട്ടപ്പോള്‍ എനിക്ക് വലിയ സങ്കടമായി, കൂടെയുള്ളവര്‍ എന്നെ പരിഹസിച്ച് ചിരിക്കുന്നതുപോലെ എനിക്ക് തോന്നി പിന്നെ ഞാന്‍ ആ ഭാഗത്തെ പോയില്ല.
അങ്ങനെ കൂടുതല്‍ നിരാശയില്‍ ഞാന്‍ വീട്ടിലിരിക്കുമ്പോഴാണ് പയ്യന്നൂരിലുള്ള എന്റെ ഒരു സുഹൃത്ത് ഒരു ജോലിയേക്കുറിച്ച് വിളിച്ച് പറയുന്നത്. അതുകേട്ടപ്പോള്‍ മുതല്‍ ഞാന്‍ സന്തോഷവാനായി. ശമ്പളം തീരയില്ലങ്കിലും ഒരു പണിയുമില്ലാതെ നാട്ടിലൂടെ തലകുനിച്ച് നടക്കണ്ടല്ലോ എന്ന ആശ്വസമായിരുന്നു അതിന്റെ ഒരു സന്തോഷത്തിലാണ് ഞാന്‍ പയ്യന്നൂര്‍ ബസ്സില്‍ ഇരിക്കുന്നത്. ഞാന്‍ ആദ്യമായിട്ടാണ് കണ്ണൂരില്‍ നിന്നും പയ്യന്നൂര്‍ ഭാഗത്തേക്ക് പോകുന്നത്, അതിന്റെ ഒരു കൗതുകം എനിക്ക് ഉണ്ട് അതിനാല്‍ പുറത്തേ കാഴ്ച്ചകള്‍ കാണാന്‍ വിന്റൊ സീറ്റിലാണ് ഞാന്‍ ഇരുന്നത്. പക്ഷെ എന്നെ അസ്വസ്ഥതപ്പെടുത്തിക്കൊണ്ട് എന്റെ ഉള്ളില്‍ അശുഭകരമായ ചിന്തകള്‍ വരാന്‍ തുടങ്ങി. അശുഭകരമായ ചിന്തകള്‍ ആദ്യം ദിവാ സ്വപനമായിട്ടാണ് വരിക. ഓടുന്ന ബസ്സിന്റെ സീറ്റില്‍ ഇരിക്കുമ്പോള്‍ നമുക്ക് ഒരു പാട് കാര്യങ്ങള്‍ സ്വപനം കാണാന്‍ കഴിയുമല്ലോ? നമ്മള്‍ എന്തൊക്കെയോ ആയിതീരുമെന്ന് വെറുതെ ഇരുന്ന് സ്വപനം കാണും അങ്ങനെ നമ്മുടെ ചിന്തകള്‍ യാഥാര്‍ത്ഥ്യത്തില്‍ നിന്നും വഴുതിപോകും. പക്ഷെ പിന്നെയാണ് നമ്മള്‍ ഓര്‍ക്കുക ഇതുപോലെ എത്രസ്വപനങ്ങള്‍ ഞാന്‍ കണ്ടിരിക്കുന്നു. എന്നിട്ടും ഇത്രപ്രായമായിട്ടും ഞാന്‍ ഒന്നും ആയില്ലല്ലൊ എന്ന് പിന്നെ നിരാശ വരുന്ന വഴി പ്രത്യേകിച്ച് പറയേണ്ടതില്ലല്ലൊ. ഇതു പോലെതന്നെ ഞാന്‍ നിരാശയിലേക്ക് കയറുകയായിരുന്നു.
അനുജന്‍ എന്റെ മേശപ്പുറത്തേക്ക് ഏറിഞ്ഞു തന്ന അഞ്ഞൂറു രൂപയുമായിട്ടാണ് ഞാന്‍ രാവിലെ വണ്ടി കയറിയത്. അത് ഓര്‍ത്തപ്പോള്‍ തന്നെ എന്റെ മനസ്സില്‍ ഒരു ഓക്കാനം വന്നു. എന്റെ മേശയിലെ അടുക്കി വയ്ക്കാത്ത പുസ്തകങ്ങള്‍ക്കിടയില്‍ അനാഥമായി കിടന്ന അഞ്ഞൂറു രൂപയിലെ ഗാന്ധി എന്നെ നോക്കി പരിഹസിക്കുന്നത് പോലെ എനിക്ക് തോന്നി. എന്തുകൊണ്ടൊ അതെടുത്ത് കീശയിലിടാന്‍ എനിക്ക് മടി തോന്നി. പക്ഷെ അതെടുത്തില്ലങ്കില്‍ അടുക്കളയില്‍ അമ്മയുടെ കടുക് പാത്രത്തില്‍ ചുരുട്ടി വച്ച നൂറ് രൂപയെ ആശ്രയിക്കണമല്ലോ, എന്നോര്‍ത്തപ്പോള്‍ ആ അഞ്ഞൂറു രൂപ ഞാന്‍ കീശയിലിട്ട് എന്നെ സ്വയം ശപിച്ചു. പിന്നീട് എന്റെ നിരാശകരമായ ഭൂതകാലത്തെ കുറിച്ചായിരുന്നു. എന്റെ ചിന്ത ജീവിതത്തില്‍ എപ്പോഴും പരാജയം മാത്രം രുചിച്ചവന്‍ ഞാന്‍ കൂടുതല്‍ നിരാശനാകാന്‍ തുടങ്ങിയിരുന്നു. അതുകൊണ്ട് തന്നെ പുറത്തെ കാഴ്ച്ചകള്‍ ഒന്നും തന്നെ എനിക്ക് കാണാന്‍ കഴിഞ്ഞില്ല. നിരാശയെ മറികടക്കാനായിരുന്നു എന്റെ ശ്രമം അതുകൊണ്ട് കിട്ടാന്‍ പോകുന്ന ജോലിയെ ഞാന്‍ സ്വപനം കണ്ടു. എന്തു പണിയാണെങ്കിലും ചെയ്യും എന്ന് മനസ്സില്‍ ഞാന്‍ ഉറപ്പിച്ചു. ഞാന്‍ പയ്യന്നൂരില്‍ എത്തി സുഹൃത്തിനെ കണ്ടു അവിടുത്തെ ഒരു തുണി ഷോപ്പില്‍ സെയില്‍സ്മാന്‍ ആയിട്ടാണ് ജോലി എന്ന് സുഹൃത്ത് പറഞ്ഞപ്പോള്‍ എനിക്ക് പരിഭവം ഒന്നും തോന്നിയില്ല. പക്ഷെ ഷോപ്പിന്റെ മാനേജരേ കണ്ടപ്പോള്‍ അയാള്‍ എന്നോട് മുഖത്തടിച്ചതുപോലെ പറഞ്ഞു. നിങ്ങള്‍ക്ക് ഈ പണി ശരിയാകില്ല. ഞാന്‍ ഒന്ന് പുഞ്ചിരിച്ചു എന്നല്ലാതെ ഒന്നും മിണ്ടിയില്ല. ഞാന്‍ അയാളുടെ വാക്ക് എന്റെ മനസ്സില്‍ വച്ചു എനിക്കിത് ശരിയാകില്ല. സുഹൃത്ത് എന്നെ ആശ്വസിപ്പിച്ചു നിനക്ക് വേണ്ടി വേറെ ഒരു ജോലി ശരിയാക്കാം. അപ്പോഴും ഞാന്‍ ചിരിച്ചതെയുള്ളു കാരണം എനിക്ക് പറയാന്‍ വേറെ വാക്കൊന്നും ഇല്ലായിരുന്നു.
പയ്യന്നൂര്‍ ബസ്റ്റാന്റിന് അരികില്‍ ഒരു ചായപ്പീടികയില്‍ നിന്നും ഞങ്ങള്‍ രണ്ടു പേരും ചായകുടിക്കുമ്പോള്‍ എന്റെ മനസ്സ് ഒരു കാര്യവുമില്ലാതെ അസ്വസ്ഥപ്പെടുകയായിരുന്നു ഒരു പഴംപൊരി വായില്‍ വച്ചപ്പോള്‍ തന്നെ എനിക്ക് ശര്‍ദ്ദിക്കാന്‍ വരുന്നത് പോലെ തോന്നി. ഞാന്‍ ചായപോലും മുഴുവന്‍ കുടിക്കാതെ കടയില്‍ നിന്നും എഴുന്നെറ്റു. സുഹൃത്ത് എന്നെ കണ്ണൂരിലേക്കുള്ള ബസ് കയറ്റി വിട്ട് അവന്റെ ജോലിക്ക് പോയി. ബസ് യാത്രയാരംഭിച്ചപ്പോള്‍ എന്റെ ചിന്തകള്‍ എന്റെ നെഞ്ചിനെ അസ്വസ്ഥപ്പെടുത്തുകയായിരുന്നു. ഒരു തുണിക്കടയില്‍ തുണി എടുത്ത് കൊടുക്കുന്ന പണിക്ക് പോലും കഴിവില്ലാത്ത എന്റെ പാഴ് ജന്മത്തെയോര്‍ത്ത് ഞാന്‍ സ്വയം ശപിക്കുകയായിരുന്നു.
ബസ്സ് പരിയാരം മെഡിക്കല്‍ കോളെജ് സ്റ്റോപ്പില്‍ നിര്‍ത്തിയപ്പോള്‍ ഒരാള്‍ എന്റെ അടുത്തു വന്നിരുന്നു. അപ്പോള്‍ എനിക്ക് അസ്വസ്ഥത കൂടുകയായിരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ അയാള്‍ ഉറക്കം തുടങ്ങി. അയാള്‍ ഉറക്കം തൂങ്ങി എന്റെ തോളിലെ വന്ന് വീണു. എനിക്ക് ദേഷ്യം വന്ന് തുടങ്ങി അയാള്‍ യാതൊരു ബോധവുമില്ലാതെ എന്റെ തോളിലേക്ക് ചാരി കിടന്നുറങ്ങുകയാണ്. ഞാന്‍ കൂടുതല്‍ അസ്വസ്ഥനായി എന്റെ ഉള്ളില്‍ കോപം ഇരച്ച് കയറുകയായിരുന്നു അയാളെ സീറ്റിന് വെളിയിലേക്ക് തള്ളിയിട്ടാലൊ എന്നു പോലും ഞാന്‍ ആലോചിച്ചു പോയി. ഒടുവില്‍ നശിച്ച ദിവസത്തെ ഓര്‍ത്ത് ഞാന്‍ അയാളെ സഹിക്കാന്‍ തന്നെ തീരുമാനിച്ചു ഏതായാലും കണ്ണൂര്‍വരെ സഹിച്ചാല്‍ മതിയല്ലൊ എന്ന് ഞാന്‍ ആശ്വസിച്ചു. പിന്നെ അയാളുടെ മുഖത്തേക്ക് ഒന്ന് നോക്കി. ഒരു പാവം മധ്യവയ്‌സ്‌കന്‍ ഒരു കൊച്ചു കുട്ടിയെ പോലെ എന്റെ തോളില്‍ ചാരികിടക്കുന്നു. എനിക്ക് എന്തുകൊണ്ടൊ അയാളോട് അലിവ് തോന്നി. ഞാന്‍ വെറുതെ അയാളെക്കുറിച്ച് ചിന്തിച്ചു. ഒരു പക്ഷെ അയാള്‍ ഇന്നലെ അയാളുടെ പ്രിയപ്പെട്ട ആരുടെയോ കൂടെ ആശുപത്രിയില്‍ നിന്നതായിരിക്കാം. രാത്രിയില്‍ രോഗിക്ക് കൂട്ടിരുന്നതു കൊണ്ട് അയാള്‍ക്ക് തീരെ ഉറങ്ങാന്‍ കഴിഞ്ഞിട്ടുണ്ടാകില്ല, അതു കൊണ്ടാവാം ആ പാവം മനുഷ്യന്‍ എന്റെ തോളിലേക്ക് ചാഞ്ഞ് കിടക്കുന്നത് എനിക്ക് ശരിക്കും അയാളോട് അലിവ് തോന്നി. അപ്പോള്‍ തന്നെ എന്റെ മനസ്സിലുള്ള എല്ലാ അസ്വസ്ഥതകളും മാറി. എന്റെ മനസ്സ് കൂടുതല്‍ ഫ്രീയായതു പോലെ. ഒരു പക്ഷെ അയാള്‍ വന്ന് എന്റെ തോളില്‍ ചാരികിടന്ന് ഉറങ്ങിയിരുന്നില്ലങ്കില്‍ ഞാന്‍ ജോലി കിട്ടാതെ പോയതില്‍ നിരാശപ്പെട്ട് അസ്വസ്ഥനാകുമായിരുന്നു. ഒരു പക്ഷെ ആ അസ്വസ്ഥത ഒരു ആത്മഹത്യയില്‍ എന്നെ കൊണ്ടെത്തിക്കുമായിരുന്നു കാരണം ഒരു പണിയും എടുക്കാന്‍ കഴിവില്ലങ്കില്‍ പിന്നെ ജീവിച്ചിട്ടെന്ത് കാര്യം എന്ന തോന്നല്‍ എനിക്ക് നേരതെ ഉണ്ടായിരുന്നു. പക്ഷെ ആ നിരാശയൊക്കെ പോയി ഞാന്‍ ഒരു നിസാരമായ കാര്യമേ ചെയ്തുള്ളു. എങ്കിലും അതൊരു വലിയ കാര്യമായി എനിക്ക് തോന്നി. ശരിക്കും ഞാന്‍ ഇപ്പോള്‍ ചിന്തിച്ചു നോക്കുമ്പോള്‍ അത് ഒരു വലിയ കാര്യം തന്നെയായിരുന്നു. എന്റെ ചിന്തകളെ മാറ്റി മറിച്ച വലിയ കാര്യം. കാരണം അന്ന് അയാള്‍ ഉറക്കം തൂങ്ങി എന്റെ തോളില്‍ ചാരികിടക്കുമ്പോള്‍ എനിക്ക് വേറെ രീതിയില്‍ ചിന്തിക്കാമായിരുന്നു. അയാള്‍ തലേദിവസം അമിതമായി മദ്യപിച്ച് ഉറങ്ങാതെ ഇരുന്നിട്ട് പകല്‍ എന്റെ തോളില്‍ ചാരികിടന്ന് ഉറങ്ങുകയാണെന്ന് എനിക്ക് ചിന്തിക്കാം അപ്പോള്‍ തീര്‍ച്ചയായും എനിക്ക് ദേഷ്യം വര്‍ദ്ദിക്കുകയേയുള്ളു. അതിന്റെ പരിണിത ഫലവും ഞാന്‍ അനുഭവിക്കണം
നല്ല ചിന്തകളാണ് നമ്മുടെ ജീവിതം നല്ലതിലേക്ക് തിരിക്കുന്നത്. അതുകൊണ്ട് തന്നെ ചിലകാര്യങ്ങള്‍ക്ക് പിന്നിലുള്ള സത്യം നമ്മള്‍ അറിയേണ്ട കാര്യമില്ല. നമ്മുടെ ജീവിതത്തില്‍ ചില മോശം കാര്യം സംഭവിക്കുമ്പോഴും അതില്‍ നിന്നും നമുക്ക് ചിലകാര്യങ്ങള്‍ നല്ല ചിന്തകളായി മാറ്റിയേടുക്കാം. മറ്റൊരു ദിവസം എന്നെ വീട്ടുകാര്‍ നിര്‍ബന്ധിച്ച് എനിക്ക് ഇഷ്ടമില്ലാത്ത ഒരു ബന്ധുവിന്റെ വീട്ടില്‍ പറഞ്ഞുവിട്ടു ആ നാട്ടിലേക്ക് ബസ്സുകള്‍ തീരെ കുറവാണ് ഉള്ള ബസ്സിലാണെങ്കില്‍ വലിയ തിരക്കും ആയിരിക്കും. ഞാന്‍ നല്ലത് മാത്രമെ ചിന്തിക്കു എന്ന് മനസ്സില്‍ പ്രതിജ്ഞ എടുത്തിരുന്ന കാലമായിരുന്നു അത്. അതു കൊണ്ട് തന്നെ ഞാന്‍ നല്ലത് ചിന്തിച്ചു തുടങ്ങി, എന്തായാലും എനിക്ക് സീറ്റ് കിട്ടും ഞാന്‍ അത് മനസ്സില്‍ പറഞ്ഞ് ഉറപ്പിച്ച് ബസ് കാത്ത് നിന്നു. പക്ഷെ ബസ്സ് വന്നപ്പോള്‍ ബസ്സില്‍ നല്ല തിരക്കായിരുന്നു സീറ്റ്കിട്ടിയതുമില്ല. ഞാന്‍ ബസ്സിലെ തിരക്കില്‍ ഞെരിഞ്ഞമര്‍ന്ന് നിന്നു. ബസ്സ് ഇറങ്ങിയപ്പോള്‍ ഞാന്‍ വിചാരിച്ചു ഞാന്‍ വെറുതെ സീറ്റു കിട്ടുമെന്ന് ചിന്തിച്ചു, അതുകൊണ്ട് എനിക്ക് എന്തെങ്കിലും ഗുണം ഉണ്ടായൊ? എന്ന് ഞാന്‍ ആലോചിച്ചു നോക്കി. അപ്പോള്‍ എനിക്ക് ഒരു ഉത്തരം കിട്ടി. സീറ്റ് കിട്ടിയിരുന്നെങ്കില്‍ എനിക്ക് യാതൊരു ഗുണവും ഇല്ലായിരുന്നു കാരണം സീറ്റില്‍ ഞാന്‍ സുഖിച്ചിരിക്കുമ്പോള്‍ ഇഷ്ടമില്ലാത്ത ബന്ധുവിനേ ആലോചിച്ച് ഞാന്‍ അസ്വസ്ഥതപ്പെടുമായിരുന്നു. ഇതിപ്പോള്‍ ഞാന്‍ സീറ്റ് കിട്ടാത്തതിനെ കുറിച്ചെ ചിന്തിച്ചിട്ടുള്ളു. നമ്മുടെ ജീവിതത്തില്‍ എന്ത് പ്രതികൂലമായിട്ടുണ്ടായാലും അതില്‍ ഒരു നന്മകാണാന്‍ കഴിഞ്ഞാല്‍ അതാണ് നമ്മുടെ ജീവിത വിജയം.
————————————-




“നല്ല ചിന്തകളാണ് നമ്മുടെ ജീവിതം നല്ലതിലേക്ക് തിരിക്കുന്നത്”
ഒന്ന് കൂടി വ്യക്തമായി പറഞ്ഞാല്‍
നല്ല ചിന്തകളാണ് നല്ല ആശയങ്ങളിലേക്ക് എത്തുന്നത്. നല്ല ആശയങ്ങളാണ് ലോകം ഭരിക്കുന്നത്. അതുകൊണ്ട് മനസ്സ് എപ്പോഴും പോസിറ്റീവായി ട്യൂൺ ചെയ്ത് സജ്ജമാക്കണം. അങ്ങനെയെങ്കിൽ നിങ്ങൾക്കും മഹാത്ഭുതങ്ങൾ സൃഷ്ടിക്കാം.
ഇങ്ങനെയുള്ള സ്വന്തം അനുഭവങ്ങള്‍ തുറന്നു പറയുന്നതിലൂടെ മനീഷിനെ പോലുള്ള എഴുത്തുകാര്‍ പാഴ് ജന്മമെന്നു സ്വയം വിശ്വസികുന്നവര്‍ക്ക് നല്ലൊരു ഉപദേശം കൂടി നല്‍കുകയാണ് ചെയ്യുന്നത്.