ഗൂഗിള്‍ എസ്.എം.എസ് പ്രവാസികള്‍ക്കിടയില്‍ പ്രചാരമേറുന്നു

ജി മെയിലിൽ നിന്നു പ്രതിദിനം 50 എസ്.എം.എസ്സുകള്‍ അയയ്ക്കാനുള്ള സംവിധാനം ഗൂഗിൾ ഈയ്യിടെ അവതരിപ്പിച്ചിരുന്നു. കോണ്‍ടാക്ടില്‍ രാജ്യവും മൊബൈല്‍നമ്പറും ചേര്‍ത്താല്‍ എസ്.എം.എസ്. അയയ്ക്കാനാകും. എസ്.എം.എസ്. ലഭിക്കുന്നവര്‍ക്ക് മറുപടി അയയ്ക്കാനും സൗകര്യമുണ്ട് (മറുപടി എസ്.എം.എസ്സുകള്‍ക്ക് നിരക്ക് നല്‍കേണ്ടി വരും). ഈ മറുപടികള്‍ ഇ-മെയിലായി സ്വീകരിക്കാം.

ഗൂഗിള്‍ എസ്.എം.എസ്. നേരത്തേ തന്നെ അവതരിപ്പിച്ചിരുന്നുവെങ്കിലും പല രാജ്യങ്ങളിലും സേവനം ലഭ്യമായിരുന്നില്ല. എന്നാല്‍, ആഴ്ചകളായി ഒമാനില്‍ സേവനം ലഭ്യമാണ്. ഒമാനില്‍നിന്ന് ഗള്‍ഫില്‍ സൗദി, കുവൈത്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളിലേക്കും ഒമാനിലേക്ക് തന്നെയും എസ്.എം.എസ്. അയയ്ക്കാം. എന്നാല്‍, യു.എ.ഇ., ഖത്തര്‍ എന്നീ രാജ്യങ്ങളിലേക്ക് സേവനം ലഭ്യമല്ല. എസ്.എം.എസ്. സ്വീകരിക്കുന്നതിന് മൊബൈല്‍ കമ്പനികളുമായുള്ള ധാരണ പൂര്‍ത്തിയാകാത്തതാണ് കാരണം. അതേസമയം, യു.എ.ഇ.യില്‍നിന്ന് ഒമാനിലേക്കും പുറംനാടുകളിലേക്കും എസ്.എം.എസ്. അയയ്ക്കാനാകുന്നുവെന്ന് ഉപയോഗിച്ചവര്‍ പറഞ്ഞു. Google_SMS

ഒമാനില്‍നിന്ന് ഗള്‍ഫ് നാടുകള്‍ക്ക് പുറമേ ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, ഫിലിപ്പീന്‍സ്, ബംഗ്ലാദേശ്, ഇന്‍ഡോനേഷ്യ, മലേഷ്യ തുടങ്ങിയ ഒട്ടേറെ രാജ്യങ്ങളിലേക്ക് എസ്.എം.എസ്. അയയ്ക്കാനാകും. ജിമെയില്‍ ഇന്‍ ബോക്‌സിലെ വോയ്‌സ് ചാറ്റ് മെസഞ്ചറിലെ മോര്‍ മെനുവില്‍ പോയാണ് എസ്.എം.എസ്. അയയ്ക്കാന്‍ കഴിയുക. സ്വീകര്‍ത്താവിന്റെ രാജ്യം തിരഞ്ഞെടുത്ത് നമ്പര്‍ ചേര്‍ത്താല്‍ എസ്.എസ്.എസ്. കമ്പ്യൂട്ടര്‍, ടാബ്‌ലറ്റ് പോലുള്ളവ ഉപയോഗിച്ച് ജോലി ചെയ്യുന്നവര്‍ക്ക് എളുപ്പം അയയ്ക്കാവുന്ന തരത്തില്‍ ഉപയോഗിക്കാവുന്ന സംവിധാനമാണിത്. 140 അക്ഷരങ്ങളാണ് ഒരു എസ്.എം.എസ്സില്‍ അയയ്ക്കാനാകുക. അക്ഷരങ്ങള്‍ കൂടിയാല്‍ രണ്ട് എസ്.എം.എസ്സുകളായി പരിഗണിക്കപ്പെടും.

എസ്.എം.എസ്സിന് പുറമേ മൊബൈല്‍ ഫോണുകളിലേക്ക് നേരിട്ട് വിളിക്കാവുന്ന വോയ്‌സ് അപ്പ് സേവനവും ഗൂഗിള്‍ നല്‍കുന്നുണ്ട്. പത്തുഡോളര്‍ വീതം റീച്ചാര്‍ജ് ചെയ്താണ് സേവനം ഉപയോഗിക്കാനാവുക. ഒമാനില്‍നിന്ന് ഇന്ത്യയിലേക്ക് വിളിക്കുന്നതിന് 500 മിനിറ്റിന് ഏതാണ്ട് നാല് റിയാല്‍ നല്‍കണം. ഗൂഗിളായതിനാല്‍ സുരക്ഷിതമായ ഉപയോഗവും സേവനം ലഭ്യമല്ലെങ്കില്‍ തുക തിരിച്ചുനല്‍കുന്നതിനുള്ള സംവിധാനവും ലഭിക്കുന്നു. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് അക്കൗണ്ട് റീച്ചാര്‍ജ് ചെയ്യാനാവുക. അമേരിക്ക, കാനഡ രാജ്യങ്ങളില്‍നിന്നുള്ള വിളികള്‍ തീര്‍ത്തും സൗജന്യമാണ്. ഇന്ത്യയിലേക്കാണ് ഏറ്റവും കുറഞ്ഞ നിരക്കില്‍ വിളിക്കാനാവുക. ഫ്രാന്‍സ്, ജര്‍മനി, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലേക്കും കുറഞ്ഞ നിരക്കാണെന്ന് ഗൂഗിള്‍ പറയുന്നു. ഗള്‍ഫ് നാടുകളിലേക്ക് ഒമാനില്‍നിന്ന് വിളിക്കാന്‍ ഏതാണ്ട് 100 പൈസ മിനിറ്റിന് നല്‍കണം.

Facebook Comments