ചലച്ചിത്ര നടന്‍ ജഗന്നാഥ വര്‍മ്മ അന്തരിച്ചു

ചലച്ചിത്ര നടന്‍ ജഗന്നാഥ വര്‍മ്മ (78) അന്തരിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ രാവിലെ 8.30-നായിരുന്നു അന്ത്യം. ന്യൂമോണിയ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ഉച്ചയ്ക്ക് രണ്ട് മുതല്‍ മൃതദേഹം കലാഭവനില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും.

ആലപ്പുഴയിലെ ചേര്‍ത്തലയിലായിരുന്നു ജനനം. 1978-ല്‍ മാറ്റൊലി എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ജഗന്നാഥ വര്‍മ്മ മൂന്ന് പതിറ്റാണ്ടിലധികം മലയാളചലച്ചിത്രവേദിയിലെ സജീവ സാന്നിധ്യമായിരുന്നു. നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ലേലം, ആറാം തമ്പുരാന്‍, പത്രം, ന്യൂഡല്‍ഹി, സുഖമോ ദേവീ, ശ്രീകൃഷ്ണപരുന്ത്, നക്ഷത്രങ്ങളേ സാക്ഷി എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 2013-ല്‍ ഡോള്‍സ് എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.

കേരള പോലീസില്‍ എസ്.പിയായാണ് ജഗന്നാഥ വര്‍മ്മ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചത്.