മിനിറ്റില്‍ 37 വാക്ക് വേഗത, ഇനി ‘കാല്‍ക്’ കീബോര്‍ഡിന്‍റ കാലം

QWERTY കീബോര്‍ഡിന്‍െറ കാലം കഴിഞ്ഞെന്ന് തോന്നുന്നു. ഇനി പുതിയ കീബോര്‍ഡിനെ പരവതാനിവിരിച്ച് വരവേല്‍ക്കാം. രണ്ടു കൈകളുടെയും തള്ളവിരലുകളുപയോഗിച്ച് ടച്ച് സ്ക്രീനുകളില്‍ എളുപ്പത്തില്‍ ടൈപ്പ് ചെയ്യാന്‍ കഴിയുന്ന അക്ഷരവിന്യാസവുമായി പുതിയ കീബോര്‍ഡ് വരുന്നു. ‘കാല്‍ക്’ (KALQ) എന്നാണ് പുതിയ സംവിധാനത്തിന്‍െറ പേര്. ജര്‍മനിയിലെ മാക്സ് പ്ളാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍ഫര്‍മാറ്റിക്സിലെ ഗവേഷകരുടെ നേതൃത്വത്തിലാണ് പുതിയ കീബോര്‍ഡ് തയാറാക്കിയത്.

kalq-keyboard
പഴയ ടൈപ്പ്റൈറ്ററിനെ പിന്തുടര്‍ന്ന് കമ്പ്യൂട്ടറുകള്‍ക്കും മറ്റും വേണ്ടി രൂപപ്പെടുത്തിയ ‘ക്യുര്‍ട്ടി’ (QWERTY) കീ ബോര്‍ഡുകളാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഇംഗ്ളീഷ് അക്ഷരമാലാ ക്രമമുള്ള കീബോര്‍ഡുകളെ പിന്തള്ളിയാണ് ക്യുവര്‍ട്ടി കീബോര്‍ഡുകള്‍ വന്നത്. സാധാരണ കീബോര്‍ഡുകളിലെ ആദ്യത്തെ ആറ് അക്ഷരങ്ങളില്‍ നിന്നാണ് ക്യുവര്‍ട്ടി എന്ന പേരുണ്ടായതെങ്കില്‍ പുതിയ കീബോര്‍ഡിന്‍െറ അവസാനത്തെ നാല് അക്ഷരങ്ങളാണ് കാല്‍ക് എന്ന പേരിനു പിന്നില്‍. കമ്പ്യൂട്ടറിലും ടാബ്ലറ്റിലും സ്മാര്‍ട്ട് ഫോണിലും ക്യുവര്‍ട്ടി കീബോര്‍ഡില്‍ രണ്ട് വിരലുകളുപയോഗിച്ച് ടൈപ്പ് ചെയ്യാമെന്നതാണ് പ്രയോജനം. ക്യുര്‍ട്ടിയില്‍ മിനിറ്റില്‍ 20 വാക്കുകള്‍ ടൈപ്പ് ചെയ്യാമെങ്കില്‍ കാല്‍കില്‍ 37 വാക്കുകള്‍ പറ്റുമെന്ന് ഗവേഷകര്‍ പറയുന്നു.
ഇടത്ത് നാലുവരികളിലും നാലുനിരകളിലുമായും വലത്ത് നാല് വരികളിലും മൂന്ന് നിരകളിലുമായാണ് അക്ഷരവിന്യാസം. പുതിയ കീബോര്‍ഡ് ഉപയോഗിച്ചുള്ള ആന്‍ഡ്രോയ്ഡ് ആപ്ളിക്കേഷന്‍ മേയില്‍ പുറത്തിറങ്ങും.

Facebook Comments