facebook  twitter  rss feed 

ഓര്‍മയില്‍ ഒരു കര്‍ക്കിടക രാത്രി

ചെറുപ്പത്തിന്റെ തിളപ്പില്‍ സംഭവിച്ചതാണ്.കര്‍ക്കിടകത്തിലെ അമാവാസിയുടെ കുറ്റാക്കുറ്റിരുട്ട് നിറഞ്ഞ ആ രാത്രിയില്‍ ഞങ്ങള്‍ നാലുപേര്‍ ആ വീട്ടില്‍ ഒത്തുകൂടി .ഞാന്‍ ,സുരപ്പന്‍ ,മണി ,പിന്നെ സാജന്‍ .കൂടെ ഒരു പെണ്ണുമുണ്ട് !ഞങ്ങള്‍ കൌമാര കാല സുഹൃത്തുക്കളാണ് ; ഞങ്ങള്‍ മാത്രം

അവളെ ആദ്യമായി കാണുകയാണ് . കായലിനക്കരെയുള്ള സുഹൃത്ത് മണിയാണ് തോപ്പുംപടിയില്‍ നിന്നു വരും വഴി ഇരുട്ടിന്റെ കരിമ്പടത്തില്‍ പൊതിഞ്ഞു അവളെ ആ വീട്ടില്‍ എത്തിച്ചത്. ഒരു 25 അല്ലെങ്കില്‍ 30 വയസു പ്രായം കാണും അവള്‍ക്ക് .ഞങ്ങള്‍ക്ക് 17 ഉം18 ഉം ഒക്കെയേ കാണു .കോളേജില്‍ പഠിക്കുന്ന സമയം അല്ലേ ! അപ്രതീക്ഷിതമായി “ഒരു കോള് “ഒത്തു വന്നതിന്റെ സന്തോഷവും അതിലധികം അമ്പരപ്പും, ഭയവും ഉണ്ട് .കൂട്ടത്തിലെ ഏറ്റവും പേടിത്തൊണ്ടന്‍ ഞാനായിരുന്നു .വളരെ ചെറുപ്പമാണെങ്കിലും സുരപ്പനും മണിക്കും ഒന്നും ഇത് പുതിയ അനുഭവം അല്ല .ഇതിനു മുന്‍പും അവര്‍ ഇങ്ങനെയുള്ള സാഹസീക കൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട് . അതിന്റെ സുഖവും സന്തോഷവും അറിഞ്ഞിട്ടുണ്ട് അവന്റെയൊക്കെ ചില അനുഭവ വിവരണങ്ങള്‍ കേട്ടു‌ ഞങ്ങള്‍ മറ്റു കൂട്ടുകാര്‍ കൊതിയോടെ അന്തം വിട്ടിരുന്നിട്ടുണ്ട് . അന്ന് മുതല്‍ മനസ്സില്‍ മൊട്ടിട്ടതാണ് ആ ആഗ്രഹം .

അത് സാധിക്കാനുള്ള അസുലഭ നിമിഷമാണ് കൈവന്നിരിക്കുന്നത്. തുടക്കക്കാരന്‍ എന്ന നിലയില്‍ ആദ്യ ഊഴം അവര്‍ ഔദാര്യ പൂര്‍വ്വം എനിക്കാണ് തന്നത് . വിറയ്ക്കുന്ന കാല്‍മുട്ടുകള്‍ . മനസ്സിണെ മഥിക്കുന്ന ഭയത്തോടെ അതിലേറെ കിതപ്പോടെ ഞാന്‍ മുറിക്കുള്ളിലേക്ക് കയറുമ്പോള്‍ ……….

“നേരം കളയരുത്..!!” “ഞങ്ങള്‍ മൂന്നു പേര്‍ ഇവിടെ ബാക്കിയുണ്ട് എന്ന ബോധം വേണം ”

അക്ഷമരായ കൂട്ടുകാരുടെ താക്കീതുകള്‍ !!

സത്യത്തില്‍ എന്‍റെ ഉള്ള് “പടോ! പടോ! “എന്ന് ഇടിക്കുകയായിരുന്നു . ഒരു മുന്‍പരിചയവും ഇല്ലാത്ത പണിയാണ് ..അവളാണെങ്കി ആവശ്യത്തില്‍ അധികം പരിശീലനം കിട്ടിയവളാണെ ന്നാണ് മണിയുടെ മുന്നറിയിപ്പ് ! സത്യത്തില്‍ മുറിയില്‍ കയറിയപ്പോളാണ് അവളുടെ രൂപം ഞാന്‍ വ്യക്തമായി കാണുന്നത് തന്നെ . . മണിയുടെ നിഴല്‍ പറ്റി ആ വീട്ടിലേക്കു വരുമ്പോളും ഞങ്ങള്‍ പരിപാടികളുടെ രൂപരേഖയും നടത്തിപ്പും തയ്യാറാ ക്കുംപോളും അവള്‍ മുറിക്കുള്ളില്‍ നിശബ്ദയായി ഇരിക്കുകയായിരുന്നു . ആരാണാദ്യം കാര്യം നടത്തുക ആരു രണ്ടാമത് പോണം എന്നൊക്കെ തീരുമാനിക്കുന്നതിനിടയില്‍ ഉണ്ടായ തര്‍ക്കങ്ങളില്‍ ഞങ്ങള്‍ കലഹിക്കുമ്പോള്‍ കൌതുക പൂര്‍വമുള്ള അവളുടെ പാളി നോട്ടം ഞങ്ങളില്‍ പതിക്കുന്നത് ഞാന്‍ ഒളിഞ്ഞു കണ്ടു .

“സമ്മതിച്ച രൂപ ആദ്യമേ തന്നെ മുഴുവന്‍ നല്‍കണം;

പറഞ്ഞതില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടാകാന്‍ പാടില്ല;

എല്ലാം കഴിഞ്ഞു വെളുക്കുന്നതിനു മുന്‍പ് കവലയില്‍ കൊണ്ടു പോയി ബസ്സ് കയറ്റി വിടണം”

ഇത്രയും ഡിമാണ്ടുകള്‍ മാത്രമാണ് അവള്‍ മണിയുടെ അടുത്തു മുന്‍ കൂറായി മുന്നോട്ടു വച്ചിരുന്നത് .

ഒരു ഡിമാണ്ട് ആദ്യമേ തന്നെ ഞങ്ങള്‍ തെറ്റിച്ചു !. ആകെ മൂന്നു പേരെന്നാണ് പറഞ്ഞിരുന്നതെങ്കിലും എന്നെ ക്കൂടി തിരുകി കയറ്റി എണ്ണം കൂട്ടിയത് അവള്‍ ആദ്യം എതിര്‍ത്തു .

പറഞ്ഞ തുകയെക്കാള്‍ അമ്പതു രൂപ കൂടി കൂടുതല്‍ കൊടുക്കാമെന്നു മണി പറഞ്ഞത് കൊണ്ടാണ് മനസില്ലാ മനസോടെ എന്നെയും (നാലാമന്‍ ഞാനാണെന്നൊന്നും അവള്‍ക്കറിയില്ല ) കൂടി താങ്ങാന്‍ അവള്‍ സമ്മതം മൂളിയത് . എന്തായാലും മിടിക്കുന്ന ഹൃദയത്തോടെ ഞാന്‍ അകത്തു കയറി.അവള്‍ കട്ടിലില്‍ ഇരിക്കുകയാണ് .. നരച്ച വയലറ്റ് നിറത്തിലുള്ള പോളിസ്ടര്‍ സാരി ചുറ്റിയ മെലിഞ്ഞ ഒരു രൂപം.! അടുത്ത കാലത്തെങ്ങും എണ്ണമയം കാണാതെ പാറിപ്പറന്ന നീളന്‍ മുടിയിഴകള്‍ .വയലറ്റ് കളറിലുള്ള ബ്ലൌസിന്റെ അയഞ്ഞ കൈകള്‍ . നല്ല ഐശ്യര്യമുള്ള മുഖം .

പ്രായം കൊണ്ടു എന്‍റെ ചേച്ചിയുടെയത്രയെങ്കിലും മൂപ്പ് കാണും.പെട്ടെന്ന് ഞാനെന്തോ ചെറുപ്പത്തില്‍ ഞങ്ങളെ വിട്ട് പോയ എന്‍റെ കുഞ്ഞേച്ചിയെ ഓര്ത്തു പോയി .പക്ഷെ ഇവള്‍ എന്‍റെ ചേച്ചി അല്ലല്ലോ ..എന്‍റെ ഉദ്ദേശം എനിക്കും അവള്‍ക്കും. നന്നായി അറിയുകയും ചെയ്യാം …. ചില നിശാ സുന്ദരിമാരുടെ അനുഭവ കഥകള്‍ വായിച്ചിട്ടുണ്ട് . എങ്ങനെയോക്കയോ ഈ ..അഴുക്കു ചാലില്‍ മുങ്ങി പൊങ്ങി ഒഴുകുന്നവര്‍ ചില പെണ്ണുങ്ങള്‍ എങ്ങനെ ഇങ്ങനെയൊക്കെ ആയി തീര്‍ന്നെന്നു അവര്‍ തന്നെ വിവരിക്കുന്ന പൊള്ളുന്ന അനുഭവക്കുറിപ്പുകള്‍ . ഒന്നുകില്‍ കാമുകനോ ഭര്‍ത്താവ് തന്നെയോ ചതിച്ചത് ! അല്ലെങ്കില്‍ രണ്ടാനച്ഛന്‍ പിഴപ്പിച്ചത് ! അതുമല്ലെങ്കില്‍ പത്തോ നൂറോ രൂപയ്ക്ക് വേണ്ടി പെറ്റമ്മ തന്നെ കൂട്ടി കൊടുത്തത് ! ഇവള്‍ക്കും അങ്ങനെ എന്തെങ്കിലും കഥകള്‍ കാണാതിരിക്കില്ല .. അവള്‍ മുഖമുയര്‍ത്തി എന്നെ നോക്കി .”.വേറെ എത്ര പേര്‍ കൂടി പുറത്തുണ്ടെന്നു എന്നോട് ചോദിച്ചു .. ആള് കൂടിയിട്ടില്ല എന്ന് ഉറപ്പു വരുത്താന്‍ ആയിരിക്കും.

“എന്താ ? ” ഞാന്‍ അലിവോടെ ചോദിച്ചു .

“ആദ്യം രണ്ട് പേരെ,, മൂന്നു പേരെ ഉള്ളൂ എന്നൊക്കെ പറയും .പിന്നെ ആളുകള്‍ കൂടും .. പറഞ്ഞ കാശും തരില്ല .പറ്റിക്കും ! .ഞാനും ഒരു മനുഷ്യ ജീവിയല്ലേ ..? കാശ് തന്നില്ലെങ്കില്‍ വേണ്ട ..ഇത്രയധികം പേരെ താങ്ങാനുള്ള ശേഷി എനിക്കുണ്ടോ ? അവളുടെ ചോദ്യം ന്യായമാണ് .. പക്ഷെ സുഖം തേടി വരുന്നവര്‍ എന്തിനു ഇതൊക്കെ ചിന്തിക്കണം . എറിയുന്ന പച്ചനോട്ടുകള്‍ക്ക് പകരമായി പരമാവധി മുതലാക്കണം .അത്രതന്നെ !

എനിക്കറിയാം ഞാന്‍ ആവശ്യമില്ലാത്ത കാര്യങ്ങള്‍ ആലോചിച്ചു വെറുതെ നേരം കളയുകയാണെന്ന്!! .വാതിലിനപ്പുറത്തു ഞങ്ങളെ മാത്രം ശ്രദ്ധിക്കുന്ന ആറ് കണ്ണുകള്‍ വേറെയുണ്ട് . അവരുടെ അക്ഷമ നിറഞ്ഞ നിശ്വാസങ്ങള്‍ ഉണ്ട്..

“നമുക്ക് തുടങ്ങാം ”

അവള്‍ പറഞ്ഞു . പിന്നെ ഒരു നാണവും കൂടാതെ ആ നരച്ച സാരി അഴിച്ചു കട്ടിലില്‍ ഇട്ടു . എങ്ങനെ തുടങ്ങണം എവിടെ തുടങ്ങണം എന്നൊന്നും എനിക്കറിയില്ല .. അവളും ഒന്നും അറിയാത്തവളെ പോലെ എന്‍റെ അജ്ഞതകളെ ഏറ്റുവാങ്ങാനെന്ന മട്ടില്‍ കട്ടിലില്‍ മലര്‍ന്നു കിടന്നു. അരികില്‍ ഇരിക്കെ എന്നിലെ ജിജ്ഞാസുവായ കൌമാരക്കാരന് അവളുടെ കഥ കേള്‍ക്കണമെന്ന് പെട്ടെന്നൊരാഗ്രഹം തോന്നി .. “ചേച്ചിക്കിതെങ്ങിനെ ഈ പണിക്കിറങ്ങാന്‍ തോന്നി ? ” ഞാന്‍ അവളുടെ വിളറിയ കവിളുകളില്‍ മൃദുവായി നുള്ളിക്കൊണ്ട്
ചോദിച്ചു .

“ഇയാള്ക്കിതെങ്ങനെ ഇവിടെ വരാന്‍ തോന്നി ?”

മറുചോദ്യം കൊണ്ടു അവള്‍ എന്‍റെ ആകാംഷയെ വരിഞ്ഞു മുറുക്കി.
നരച്ച വയലറ്റ് ബ്ലൌസിന്റെ കുടുക്കുകള്‍ അഴിക്കാന്‍ തുടങ്ങുന്നതിനിടയില്‍ അവളുടെ മാറിടങ്ങള്‍ നനഞ്ഞു കുതിര്‍ന്നത്‌ ഞാന്‍ കണ്ടു. നനഞ്ഞ ബ്ലൌസ് എന്നെ കാണിക്കാതെ അവള്‍ കട്ടിലിന്റെ കാല്‍ക്കലേക്ക് എറിഞ്ഞു . ഇതെന്താ ഇങ്ങനെ നനഞ്ഞ്‌? കിനിഞ്ഞിറങ്ങുന്ന മുലപ്പാല്‍ തുള്ളികള്‍ !! അടങ്ങിക്കിടന്ന എന്‍റെ ആകാംഷ വീണ്ടും കുതറിപ്പിടഞ്ഞെണീറ്റു..

“അയ്യോ !ഇതെന്താ ? ഇങ്ങനെ ?”

“അത് ..അത് ” ..അവള്‍ ഒന്ന് വിതുമ്പി .

“ഞാന്‍ നാല് മാസം പ്രായമുള്ള ഒരു പിഞ്ചു കുഞ്ഞിന്റെ അമ്മയാണ്! എന്‍റെ കുഞ്ഞിനു അമ്മിഞ്ഞ കുടിക്കാനുള്ള നേരമായതാ …അവന്‍ ഇപ്പോള്‍ പാല് കുടിക്കാന്‍ കഴിയാതെ കരയുന്നുണ്ടാകും !” അവളുടെ മാറിടം പോലെ നനഞ്ഞ്‌ കുതിര്‍ന്ന വാക്കുകള്‍ ! പിന്നെ പുറം തിരിഞ്ഞു നിന്നു ചുരന്നു വന്ന അമ്മിഞ്ഞപ്പാല്‍ അവര്‍ പിഴിഞ്ഞ് കളഞ്ഞു ..

ഇരുളില്‍ അകലെ വിശന്നു കരയുന്ന ഒരു കുഞ്ഞിക്കരച്ചില്‍ ഞാന്‍ കേട്ടുവോ ? എനിയ്ക്ക് പെട്ടെന്ന് സങ്കടം തോന്നി ..

വീണ്ടും കുഞ്ഞേച്ചിയുടെ മുഖം മനസിലേക്ക് ഓടിവരുന്നു ! ഓര്‍ത്തപ്പോള്‍ ഉള്ളൂ നീറിപ്പുകഞ്ഞു!പുറത്തു . അക്ഷമരായ കൂട്ടുകാരുടെ അപസ്വരങ്ങള്‍ .
വാതിലില്‍ അവര്‍ മുട്ടുന്നുണ്ടോ ?

പെട്ടെന്ന് ഞാന്‍ നിലത്തു കിടന്ന ഷര്‍ട്ട് എടുത്തിട്ടു വേഗത്തില്‍ പുറത്തിറങ്ങി. വാതിക്കല്‍ കാത്തു നിന്നിരുന്ന സാജന്‍ അതേ നിമിഷം തന്നെ എന്നെ രൂക്ഷമായി ഒന്ന് നോക്കിയിട്ട് മുറിയിലേക്ക് പാഞ്ഞു കയറി . കൂട്ടുകാരുടെ പിന്‍വിളി ശ്രദ്ധിക്കാതെ ഞാന്‍ ഇരുളിലേക്ക് ഇറങ്ങി നടന്നു . നനഞ്ഞ്‌ കുതിര്‍ന്ന മാറിടങ്ങളും ..നിസഹായ മായ ആ മുഖവും ഓര്ത്തു കായല്‍ക്കരയില്‍ തനിച്ചു കിടക്കുമ്പോള്‍ അമ്മിഞ്ഞ ക്കായി വിശന്നു കരയുന്ന പിഞ്ചു പൈതലിനെ പോലെ ഞാനും കരഞ്ഞു പോയി .

രമേശ്‌ അരൂര്‍

 

ആലപ്പുഴ ജില്ല അതിരിടുന്ന വടക്കന്‍ തീരദേശ ഗ്രാമമായ അരൂരില്‍ 1969 മേയ് 29 നു ജനിച്ചു. ...അരൂര്‍ ,ചന്തിരൂര്‍ ഗവ:സ്‌കൂളുകളില്‍ പ്രാഥമിക വിദ്യാഭ്യാസം. ഇംഗ്ലീഷ് ,മലയാളം സാഹിത്യങ്ങളില്‍ ബിരുദങ്ങള്‍. അദ്ധ്യാപകന്‍ , സെയില്‍സ് എക്‌സിക്യൂ ട്ടീവ്,എന്നീ ജോലികള്‍ക്ക് ശേഷം 99 മുതല്‍ പത്രപ്രവര്‍ത്തനത്തില്‍ സജീവം . മംഗളം ,മനോരമ ,വീക്ഷണം പത്രങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. ആനുകാലികങ്ങളിലായി കഥകളും കവിതകളും പ്രസിദ്ധീകരിച്ചു. രണ്ടു സംഗീത ആല്‍ബങ്ങള്‍ക്കു ഗാനരചനയും നിര്‍വഹിച്ചിട്ടുണ്ട്.സംസ്ഥാന വാര്‍ത്ത വിതരണ വകുപ്പിന്റെ അക്രെഡിറ്റെഷന്‍ ലഭിച്ചിട്ടുണ്ട്.കേരള പത്ര പ്രവര്‍ത്തക യുണിയന്‍ എറണാകുളം ജില്ല കമ്മിറ്റി അംഗവും ആണ് . ഇപ്പോള്‍ സൗദി അറേബ്യയില്‍ പത്ര പ്രവര്‍ത്തനം , സ്വകാര്യ കമ്പനിയുടെ ഹ്യുമന്‍ റിസോഴ്‌സസ് കോ ഓര്‍ഡിനേറ്റര്‍ എന്നീ ചുമതലകള്‍ വഹിക്കുന്നു. ഭാര്യ:രശ്മി,ഏക മകന്‍ നീരജ്. ഇമെയില്‍: remeshjournalist@gmail.com

5 Comments + Add Comment

  • സത്യം പറഞ്ഞാല്‍ എഴിത്തുകരനോട് അസൂയ തോന്നുന്നു

    കഥ നന്നായി അഭിനന്ദനങ്ങള്‍

  • രമേശ്‌ നന്നായിട്ടുണ്ട്. വല്ലാതെ മനസ്സില്‍ തട്ടുന്ന ഒന്നായിരുന്നു.
    നല്ല ഒരു കഥ ലളിതമായി പറഞ്ഞു.

  • ബോയ്സ് എന്ന ചിത്രം ഓര്‍മ്മിപ്പിച്ചു

  • ഇത് കഥയോ സംഭവമോ അയിക്കോട്ടെ,കഥാനായകൻ സത്യവാനായി ചിത്രീകരിച്ചിരിക്കുന്നതിൽ നിന്ന് ഇത് ഒരു സംഭവമാണെന്നും നായകൻ തന്നെയാണ് ഈ കഥാകൃത്തെന്നും ഞാൻ വിശ്വസിക്കുന്നു!.

  • കൊള്ളാം നന്നായിട്ടുണ്ട്

Got anything to say? Go ahead and leave a comment!

XHTML: You can use these tags: <a href="" title=""> <abbr title=""> <acronym title="">
<b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite="">
<strike> <strong>