“അപ്പോള്‍ ശരീരത്തില്‍ നിന്നോ?”
“അത്…. വിയര്‍ത്ത ശരീരത്തിലേക്ക് വെള്ളം കോരിയൊഴിക്കുമ്പോഴറിയാം, വിട്ടകലാന്‍ ഭാവിക്കാതെ ചിണുങ്ങി നില്‍ക്കുന്ന മണത്തിന്റെ റൊമാന്റിക് ചേഷ്ടകള്‍..!”
“എങ്ങനെ വിട്ടകലാതിരിക്കും? ഈ ചന്ദന വിഗ്രഹത്തില്‍ കയറിയാല്‍ പിന്നെ ഏതു ദൂപത്തിനാണ് വിട്ടകലാന്‍ തോന്നുക”
അവളുടെ വാക്കുകളിലുള്ള അതേ സ്വാതന്ത്ര്യത്തോടും കുസൃതിയോടും തന്നെയാണ് ഞാന്‍ മറുപടി പറഞ്ഞത്!
“ബോസ്, ചായയിടാനുള്ള സൗകര്യമില്ലേ ഇവിടെ?
“ഞാനൊരു ചായമിക്സ് ചെയ്തു തരാം, താഴെയുള്ള ഗ്രോസറിയിലേക്ക് ഒരു പായ്ക്കറ്റ് കുങ്കുമപ്പൂ വിളിച്ചു പറയുമോ? സഫ്രോണ്‍ ചേര്‍ത്ത് നല്ല ഇറാനിയന്‍ ചായ ഉണ്ടാക്കിത്തരാം”
“തുമാരീ മര്‍ജീ…”
ബയ്യാ എന്ന വിളി മാറി ബോസിലേക്ക് കൂടുമാറിയിരിക്കുന്നു, സഹോദരസ്ഥാനത്തില്‍ നിന്ന് മാറ്റപ്പെട്ടിരിക്കുന്നു! എന്താണ് ഭാവം എന്ന് കണ്ടറിയാം… എന്തായായാലും ചായക്കുടിക്കാം…
“നിന്റെ പേര്?”
“ബഹര്‍ സിതായേഷ്”
“സമുദ്രത്തിന്റെ പേരാണല്ലോ? അതു പോലെ നിഗൂഢമാണ് നീയും…”
“നിഗൂഢതയൊന്നുമില്ല ജീ, നിങ്ങളെപ്പോഴും എന്നെക്കാണാറുണ്ട്, ഞാന്‍ നിങ്ങളെയും! പര്‍ദ്ദയ്ക്കുള്ളിലായതുകൊണ്ട് തിരിച്ചറിയാന്‍ കഴിയാത്തതാണ്. ജയിന്റ് സൂപ്പര്‍മാര്‍ക്കറ്റിനടുത്തുള്ള പഴകി വീഴാറായ വില്ലകളില്ലേ? അതിലൊന്നിലാണ് താമസം, നിങ്ങള്‍ ഷോപ്പിംഗിനു വരാറുള്ളപ്പോഴൊക്കെ ഞാന്‍ കാണാറുണ്ട്… അഞ്ചു വര്‍ഷത്തോളമായി കാണാറുള്ള സൗമ്യനായ ഒരാളോട് എന്തിന് അകല്‍ച്ച പാലിക്കണം? പ്രത്യേകിച്ച് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നു വരുന്ന ഒരു ആര്യരക്തത്തിനോട്?”
“ഓഫീസില്‍ വച്ച് നീ വംശവൃക്ഷത്തിന്റെ കാര്യം പറഞ്ഞത് അതായിരുന്നോ? ചോദിക്കണം എന്നു കരുതിയതാണ് അതേക്കുറിച്ച്! ചരിത്രമെങ്ങനെ അറിയാം?”
“ഡിയര്‍, പത്താം ക്ലാസ്സ് വരെ പഠിച്ചിട്ടുണ്ട് ഞാന്‍, സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ പിന്നെ തുടരാന്‍ കഴിഞ്ഞില്ല!എന്റെ ഉപ്പയ്ക്ക് മൂന്ന് ഭാര്യമാരിലും കൂടി പതിനാറ് മക്കള്‍, അതില്‍ പതിനാല് പേരും പെണ്‍കുഞ്ഞുങ്ങള്‍! അറബികള്‍ ഉപേക്ഷിച്ച ആ പഴകി വീഴാറായ വില്ലകളില്‍ വീര്‍പ്പു മുട്ടിക്കഴിയുന്നു, ഉമ്മമാരും മറ്റ് ചേച്ചിമാരും അറബിവീടുകളില്‍ വീട്ടുവേലയ്ക്കു പോകുന്നതുകൊണ്ടും ആത്മാഭിനത്തിന് വല പേശാത്തതുകൊണ്ടും വാടക വല്ലാതെ കൊടുക്കേണ്ടി വരില്ല! ഞാന്‍ പറഞ്ഞല്ലോ എനിക്കിഷ്ടമല്ല അവിടങ്ങളില്‍ തേഞ്ഞ് തീരാന്‍..
ഓരോരുത്തരെയായി ഞങ്ങളുടെ ഉമ്മാമാര്‍ വിലപേശി കെട്ടിച്ചയയ്ക്കുന്നു, ഞങ്ങളുടെ ആചാരപ്രകാരം നോക്കി വളര്‍ത്തിയതിന് ഇങ്ങോട്ടാണ് പണം നല്‍കുക! അമ്പത്തഞ്ച് വയസ്സായ ഒരു കിഴവന്റെ അഞ്ചാം ഭാര്യയായി എന്നെ കൈമാറുവാനുള്ള കരാറില്‍ മനസ്സുകൊണ്ട് ഒപ്പു വച്ചു കഴിഞ്ഞിരിക്കുന്നു എന്റെ ഉമ്മ”
“തേയിലയുടെ കറുപ്പും പാലിന്റെ വെളുപ്പും കുങ്കുമത്തിന്റെ ചവപ്പും നിന്റെ മധുരവും ഇടകലര്‍ന്ന ഈ ചായ ഞാന്‍ കുടിച്ചതില്‍ വച്ചേറ്റവും സ്വാദിഷ്ടം!!”
“ഇതെന്റെ ജീവിതമാണ് ഡിയര്‍. ഒരു ഗ്ലാസ്സ് ചൂടു വെള്ളത്തില്‍ വെന്തു നീറി സമ്മിശ്രവികാരങ്ങളില്‍ ഞാന്‍ വലിച്ചുകുടിക്കപ്പെടാന്‍ പോകുന്നു!”
“ഹേയ് ശുഭമായത് മാത്രം ചിന്തിക്കൂ, എനിക്കെന്തെങ്കിലും ചെയ്യാന്‍ കഴിയുമോ? ചോദ്യം ഒരുക്ലീഷേയാണെന്നറിയാം, എങ്കിലും?”
“ഒന്നിനും കഴിയില്ല! എങ്കിലും, ഞാനിന്ന് നിന്റെ കൂടെ ഇവിടെ താമസിക്കട്ടെ?”
“വീട്ടിലെന്തു പറയും?”
“പതിനാറ് പേരില്‍ ആരൊക്കെ, എവിടെയൊക്കെയെന്ന് നോക്കാന്‍ ആരുണ്ടവിടെ? അവനവനെവിടെയാണെന്നറിയാതെ രാത്രികളിലൂടെ ഓരോരുത്തരം സഞ്ചരിക്കുന്നു, ആഡംബരനൗകകള്‍ പോലെ ഈ കടലിടുക്കാകെ ഒന്നു പ്രദക്ഷിണം വെച്ച് തിരിച്ച് തങ്ങളെ ബന്ധിച്ചിടാറുള്ള ഇരുമ്പുകുറ്റികളില്‍ വന്ന് സ്വയം ബന്ധസ്ഥനാകുന്നു.!”
അലസമായ, അടുക്കും ചിട്ടകളില്ലാതെ ചിതറിക്കിടക്കുന്ന മുറി അവളുടെ കൈകളിലൂടെ ഒരു ചിത്രവിസ്മയമായി രൂപപ്പെടുന്നത്കൗ തുകത്തോടെയാണ് നോക്കിയിരിക്കുന്നത്,
“ഒരു കുപ്പി വൈനേയുള്ളൂ ഒരു ഗ്ലാസ് വേണമെങ്കില്‍ ഷെയര്‍ ചെയ്യാം…”
“കുടിച്ചിട്ടില്ല ഇതുവരെ, നിന്റെ കൈപിടിച്ച് ഒരു വീഞ്ഞിന്റെ കാണാത്തിടങ്ങളിലൂടെ യാത്ര ചെയ്യാന്‍ കഴിയുന്നുവെങ്കില്‍ അത് എനിക്ക് സന്തോഷകരം തന്നെ”
“എന്താണ് നിനക്കു ടച്ചിംഗ്സ് വേണ്ടത്?”
“പിസ്തായോ, പീനട്സോ ബദാം പരിപ്പോ മാത്രമേ എന്റെ കൈവശമുള്ളൂ, ഞാന്‍ വീഞ്ഞിനോടൊപ്പം കൊറിക്കുന്നത് അതാണ്”
“അതെല്ലാം എന്റെ നാട്ടില്‍ നിന്നു വരുന്നതല്ലേ? എനിക്കിഷ്ടമില്ലാതിരിക്കാന്‍ വഴിയില്ലല്ലോ?”
“തല വെള്ളത്തില്‍ മുക്കാതെ നിനക്കെങ്ങനെ ഈ കടല്പ്പരപ്പില്‍ നീന്താന്‍ കഴിയുന്നു? ഒന്നു മുങ്ങിത്താണു കൂടെ ആണ്മണമേല്‍ക്കാത്ത ഈ കലിടുക്കില്‍”
“പരിചയമില്ലാത്ത വെള്ളത്തില്‍ തല നനഞ്ഞാല്‍ നീരുദോഷം വരുമെന്ന് അമ്മ പറയാറുണ്ട്! കുളിച്ചു കേറുമ്പോള്‍ പുരട്ടാനുള്ള രാസ്‌നാദിപ്പൊടി ഞാന്‍ കരുതിയിട്ടില്ല!”
കോര്‍ണീഷിലിപ്പോള്‍ കുറ്റിയില്‍ നിന്ന് നൗകകളുടെ വടങ്ങള്‍ വിമുക്തമായിക്കൊണ്ടിരിക്കുന്നു… ഉല്ലാസ സവാരിയുടെ ആരവാരങ്ങളുമായി ആഘോഷരാത്രിവാസികള്‍ ഉല്ലസിക്കുന്നു.
“ഡിയര്‍ കുറച്ച് കാലം ഞാന്‍ നിന്റെ കൂടെ കഴിഞ്ഞോട്ടേ? നീയൊന്നും തരേണ്ട! ഭക്ഷണത്തിനുള്ള സാധനങ്ങള്‍ വാങ്ങിത്തന്നാല്‍ നീ വരുമ്പോഴേയ്ക്കും പാചകം ചെയ്തു വയ്ക്കാം… ഫ്ലാറ്റു വൃത്തിയാക്കാം, നിന്റെ വസ്ത്രങ്ങള്‍ അലക്കിത്തേച്ചു തരാം, നിനക്കുവേണ്ടതെല്ലാം തരാം… കൊതിയാകുന്നു സ്വന്തമെന്നു തോന്നുന്ന ഒരാണിനെ കുറച്ചുകാലം പരിചരിക്കാന്‍… നിനക്കു ക്ഷമയുണ്ട്! നീയെന്റെ ആഴങ്ങളില്‍ മുങ്ങി മരിക്കില്ലെന്നെനിക്കുറപ്പുണ്ട്, അജ്ഞാതമായ കടല്‍ച്ചെരിവുകളിലേക്ക് മാന്ത്രികനായ ഒരു നാവികനെപ്പോലെ നീ കപ്പലോട്ടുമ്പോള്‍ നങ്കൂരമിറങ്ങാത്ത എന്റെ ആഴങ്ങള്‍ കടല്‍ക്ഷോഭത്തിനെ ആവേശിക്കുന്നുണ്ടെങ്കിലും ഈ വേലിയേറ്റം ഞാന്‍ ആസ്വദിയ്ക്കുന്നു. അടുക്കേണ്ടാത്ത ദ്വീപുകളില്‍ നിന്റെ ഗതി തിരിയുമ്പോള്‍ നിന്റെ കപ്പല്‍ തട്ടിതകരാതെ ഞാന്‍ രക്ഷിച്ചുകൊള്ളാം… ഒരു വേലിയേറ്റത്തിന്റെ കിനാവുകളുമായി ഞാനേതെങ്കിലും കരിങ്കടലിലേക്ക് ഒഴുകിച്ചേരാം…”
തലേന്നത്തെ തിരക്കില്‍ അലാം വെയ്ക്കാന്‍ മറന്നുവെങ്കിലും കൃത്യം ആറരയ്ക്ക് അവള്‍ തട്ടിവിളിയ്ക്കുന്നു, ചൂടേറിയ സഫ്രോണ്‍ ചായയില്‍ നിന്ന് ആവി പറക്കുന്നു, ബ്രഷില്‍ പേസ്റ്റ് തേച്ച് ഒരുക്കി വെച്ചിരിക്കുന്നു, എപ്പോഴാണ് ഇവള്‍ ഹീറ്റര്‍ ഓണ്‍ ആക്കിയത്? എന്റെ കുളിവെള്ളത്തിന്റെ പാകം ചൂട് ഇവളെങ്ങനെ മിക്സു ചെയ്തു?
നിന്നെയിവിടെ തനിച്ചാക്കിപ്പോയാല്‍ ഞാന്‍ വരുമ്പോള്‍ നീയിതെല്ലാം അടിച്ചുമാറ്റി എമിറേറ്റ്സ് വിടുമോ എന്ന ചോദ്യം വായില്‍ വച്ചു വിഴുങ്ങിക്കളഞ്ഞു.
വിലപിടിച്ചതൊന്നുമില്ല, എന്തെങ്കിലും എടുക്കുന്നുവെങ്കില്‍ അതു കൊണ്ടവള്‍ സംതൃപ്തയാവട്ടെ!
“ഞാന്‍ പോകുന്നു ബഹര്‍, വൈകിട്ട് കാണാം.”
“ലഞ്ച് ഓഫീസിലേക്ക് കൊണ്ട് വരണോ?”
“നീ ഇതിന് പുറത്തേക്കിറങ്ങിയെന്നറിഞ്ഞാല്‍ പിന്നെ നീയെന്നെ കാണാന്‍ വരേണ്ടതില്ല”
“ജീ ഹാം”
വൈകുന്നേരം മൊബൈലിലേക്ക് വന്ന മെസ്സേജില്‍ ഇങ്ങനെ എഴുതപ്പെട്ടിരുന്നു
“പരിചരിക്കാനനുവാദം തന്ന നല്ല രാത്രിക്ക് നന്ദി, വീഞ്ഞിനും നിന്റെ കപ്പല്‍ച്ചാലുകള്‍ക്കും നന്ദി,
ബയ്യാ, ഇനി കാണാന്‍ കഴിയുമെന്ന് കരുതുന്നില്ല. നാളെയാണ് ചടങ്ങ്! ഇന്ന് രാത്രി തന്നെ
അങ്ങോട്ട് തിരിക്കുന്നു”
റൂമിലേക്ക് തിരിക്കുമ്പോള് വഴി നീളെ വെളുപ്പും നീലയും ചേര്‍ന്ന കടല്‍ച്ചിത്രങ്ങളുടെ കൊളാഷ് ചിതറിക്കിടക്കുന്നു, ചിത്രക്കാന്‍വാസിലേക്ക് മുറുക്കിത്തുപ്പിയപോലെ സഫ്രോണ്‍ നിറമുള്ള ചായ ഒലിച്ചിറങ്ങുന്നു! റൂമിലെ ഏകാന്തത അലോസരമുണ്ടാക്കുന്നു, അടുക്കിവെച്ച പുസ്തകങ്ങളും വസ്ത്രങ്ങളും വാരിച്ചിതറിയിട്ടു. അടുക്കു ചിട്ടകള്‍ ഏകാന്തതയ്ക്ക് ആക്കം കൂട്ടുന്നു! അമൂര്‍ത്തങ്ങളായി ചിതറിയിടപ്പെട്ടവയ്ക്കിടയില്‍ ഒരബ്സ്ടാറ്റിക് പൈന്റിംഗ് പോലെ സ്വയം ചിതറിക്കിടന്നു. കണ്ണു തറയ്ക്കുന്ന ചുമരുകളിലെല്ലാം കുങ്കുമ നിറമുള്ള ചായ ഒലിച്ചിറങ്ങുന്നു.
വയ്യ, ഇന്നിവിടെക്കൂടാന്‍ വയ്യ! അമീര്‍ചാച്ചായുടെ കഥ കേള്‍ക്കാന്‍ പോകാം…
ഗ്രോസറിയില്‍ നിന്ന് ബദാം പരിപ്പിന്റെ കവര്‍ വാങ്ങുമ്പോള്‍ കുങ്കുമപ്പൂവിന്റെ ഒരു പായ്ക്കറ്റ് കൂടി ചാച്ചയ്ക്ക് വേണ്ടി കയ്യില്‍ കരുതി…
ചാച്ചയുടെ ബോട്ടില്‍ ഒരു കുറിയ മനുഷ്യന്‍ പാന്‍ ചവച്ചിരിക്കുന്നു! കുട്ടിത്തം വിടാത്ത കണ്ണുകളെങ്കിലും കരുവാളിച്ച മുഖമുള്ളവന്‍!
“അരേ ഭായ്, അമീര്‍ ചാച്ചാ കഹാം ഗയാ? കോന്‍ ഹൊ തും?”
“മേം ഉസ്കാ ബേട്ടാ ഹും, ആജ് സേ യേ ഹമാരാ ഹെ, ബാപ്നേ മുജേ യെ ദിയാ ഹെ”
ഫോണിലെ മെസ്സേജ് ടോണ്‍ എന്തോ വിളിച്ചു പറയുന്നു.
“കൂടെക്കൂടാന്‍ അനുവദിച്ച നല്ല മനസ്സിന് നന്ദി, വീഞ്ഞിനും മാന്ത്രിക വിരലുകള്‍ക്കും നന്ദി, കടലാഴത്തിലേക്ക് നങ്കൂരമിറക്കാത്ത നിന്നിലെ കപ്പിത്താനും നന്ദി, ഇന്നു രാത്രി മുതല്‍ ഞാന്‍ ഒരു പാടു പേര്‍ പരിചരിക്കപ്പെട്ട് പൊളിയാറായ അടുക്കളയിലെ അടുപ്പുകല്ലാകുന്നു”
കൈയ്യിലെ കുങ്കുമപ്പാക്കും പിസ്തായും മുറുകെപ്പിടിച്ചു റൂമിലേക്ക് നടന്നു, ഒരു കുങ്കുമച്ചായ സ്വന്തമായി ഉണ്ടാക്കി നോക്കാം… നാളെ ഒരു കുപ്പി വൈന്‍ വാങ്ങാം അതിലേക്ക് ഈ ബദാം പരിപ്പ് നീക്കിവെയ്ക്കാം…
ഇപ്പോള്‍ വഴികളെല്ലാം വ്യക്തമാണ്! ചുമരുകളില്‍ നിന്ന് കുങ്കുമച്ചായ പൊടിഞ്ഞിറങ്ങി തന്റെ കയ്യിലെ കവറിലേയ്ക്ക് കൂടുമാറുന്നു.





നല്ല കഥ ….അഭിനന്ദനങ്ങള്‍
കൊള്ളാം
നന്നായിട്ടുണ്ട്…
Good story. Expect more from you
Hello Ranjith,
Normally I don’t have a habit of reading stories though have written a few in the past. But the title of your story dragged and later drowned me in my sweet and sour memories of middle east. Beautifully drawn in presentation and it feels like a poem when we visualize. Keep writing and i feel you have a great future.
Be Blessed
D.Vinayakdas
നല്ല കഥ
നന്ദി, നല്ല വാക്കുകള്‍ക്ക്!
നല്ല ഒരു ചായ കുടിച്ച സംതൃപ്തി