രാവുകള്‍ക്കെന്നും
താരാട്ടിന്റെ ഈണമാണ്
ഗന്ധര്‍വന്‍മാര്‍
വിരുന്നെത്തുന്ന പാലച്ചോട്ടിലെ
സ്വപ്നസുഗന്ധമാണ്
സുഖസുഷുപ്തിയുടെ
കാതരയാമങ്ങള്‍.
ഹൃദയജാലകം തുറന്ന്
ആകാശച്ചെരുവിലെ നക്ഷത്രങ്ങള്‍
എണ്ണിക്കൂട്ടുമ്പോള്‍
ഓര്‍ത്തത് നിന്നെയാണ്,
നനുത്ത ചിരിയും
ഒരു കുഞ്ഞുനക്ഷത്രപ്പൊട്ടുമായി
ഒരിക്കലെങ്കിലും നീ വരുമെന്നാണ്.
തോരാത്ത തിരകളും
പകലെരിഞ്ഞ് ചുവന്ന മാനവും
സാക്ഷി-
ഞാന്‍ കണ്ടിരിക്കേ, കാത്തിരിക്കേയാണ്
രാത്രി വന്നത്.
ഓരോ രാവും
ആയുസിന്റെ അച്ചടിപ്പുറങ്ങളാണ്
കറുത്ത, വെളുത്ത വരച്ചിത്രങ്ങളുള്ള
അക്ഷരപ്പുറങ്ങള്‍
ഓരോന്നായി മറിഞ്ഞു തീരുമ്പോള്‍
ഓര്‍ത്തുവോ രാത്രി വരുമെന്ന്?
ഇരുട്ടിന്റെ ധൂമപാളിയില്‍ നിന്ന്
ചീവീടിന്റെവിലാപവും
മാന്തുഞ്ചത്തെത്തിയ മരണക്കിളിയുടെ
വിളി മുഴക്കവും….
അല്ലെങ്കില്‍ തന്നെ
മരണത്തെ ആര്‍ക്കാണ് ഭയം !
മുല്ലപൂക്കുന്ന , നിലാവൊഴുകുന്ന
യാമപ്പകര്‍ച്ചകളില്‍
ഞാനൊരു സ്വപ്നം കൂടി കാണട്ടെ.
മഞ്ഞിന്റെ നേര്‍ത്ത പട്ടുടുത്ത്
പുലരിയെത്തുക സ്വപ്നത്തിലാണല്ലോ.
പുലര്‍കാല കാഴ്ച കള്‍ക്ക് സാഫല്യം……
ഈ നീലരാവിനും, പുലരിക്കും
തീരാത്ത സ്വപ്നങ്ങള്‍ക്കും
സ്തുതി…………
—————————————-
ബാബു വെളപ്പായ




സുഗ്രാഹ്യങ്ങള്‍ അല്ലാത്ത പദപ്രയോഗങ്ങള്‍ ഒഴിവാക്കുകയല്ലേ നല്ലത് ? ബാബു വെളപ്പായ ശ്രദ്ധിക്കുമല്ലോ. എങ്കിലും ഭാവനാപൂര്‍ണമാണ്- അതുകൊണ്ട്, തുടര്‍ന്നും എഴുതുക,