facebook  twitter  rss feed 

റമദാന്‍ വ്രതാനുഷ്ഠനവും ചെറിയ പെരുന്നാളും

ഇസ്ലാമിന്റെ പഞ്ചസ്‌തംഭങ്ങളില്‍ നാലമതു പറയുന്ന വ്രതാനുഷ്ഠാനം ഹിജ്റ വര്‍ഷ പ്രകാരം ഒന്‍പതാമത്തെ മാസമാണ് വരുന്നത്. പൂര്‍വ്വ ചക്രവാളത്തില്‍ പ്രഭാതത്തിന്റെ വെള്ളിരേഖ പ്രത്യക്ഷപ്പെടുന്നത് വിളിച്ചറിയിക്കുന്ന വിളി (ബാങ്ക്) യെത്തി കഴിഞ്ഞാല്‍ അന്നപാനാദികളില്ല, ശാരീരിക ബന്ധങ്ങളില്ല, തെറ്റായ വാക്കും പ്രവര്‍ത്തിയുമില്ല, തികഞ്ഞ ശ്രദ്ധയാണെല്ലാറ്റിലും, പൂര്‍ണ്ണ സൂക്ഷ്മതയാണെങ്ങും.  കണ്ണും കാതും ഹൃദയവുമെല്ലാം പൂര്‍ണ്ണ നിയന്ത്രിതം. വാക്കും നോക്കും പോക്കുമൊക്കെ സൃഷ്ടാവിന്റെ ആജ്ഞകള്‍ക്ക് വിധേയം.  ശ‌അബാന്‍മുപ്പത് ദിവസം തികയുകയോ റമദാന്‍ മാസപ്പിറവി കാണുകയോ ചെയ്യുന്നതോടെ റമദാന്‍ ആരംഭിക്കുന്നു.  അതുപോലെ ശവ്വാല്‍മാസപ്പിറവി കാണുകയോ റമദാന്‍ മുപ്പത് ദിവസം തികയുകയോ ചെയ്യുന്നതോടെ റമദാന്‍ അവസാനിക്കുന്നു.  ഇതിനിടയില്‍ വരുന്ന 29 ദിവസം അല്ലെങ്കില്‍ 30 ദിവസം ആയിരിക്കും റമദാന്‍ വ്രതാനുഷ്ഠാനം.

Eid Ul Fitr Prayerവര്‍ഷത്തിലൊരു മാസത്തില്‍ വരുന്നറമദാന്‍  വ്രതാനുഷ്ഠനങ്ങള്‍ മനുഷ്യന്റെ ഇന്ദ്രിയങ്ങളെ സ്വാധീനിക്കുകയും അല്ലാഹുവിന്റെ സാന്നിദ്ധ്യത്തെ സദാ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. അതുപോലെ പാപമോചനത്തിനായുള്ള പ്രാര്‍ത്ഥനക്കായി ഈ ഒരു മാസം വിശ്വാസികള്‍ പ്രവാചക സന്ദേശങ്ങള്‍ പാലിച്ച് കഠിന വ്രതം ചെയ്യുന്നു.  ഉപവാസമെന്നാല്‍ ഭക്ഷണം ഉപേക്ഷിക്കല്‍ മാത്രമല്ല. പരിപൂര്‍ണ്ണമായ ഇന്ദ്രിയ സമന്വയവുമാണ്. നാവ്,കാത്,കണ്ണ്,ശരീരം,മനസ്സ് എന്നിവയെ നിയന്ത്രിക്കുക. ഉപവാസകാലത്ത് മനസ്സ് പൂണ്ണമായും അല്ലാഹുവിനായി സമര്‍പ്പിക്കണം. അതുപോലെ  വികാരങ്ങളും ചിന്തയും നിയന്ത്രിച്ച് ഖുറാന്‍ പാരായണം ചെയ്തും , ദാനധര്‍മ്മങ്ങള്‍ നടത്തിയും , ഉംറ നിര്‍വ്വഹിച്ചും,വിശ്വാസ സമൂഹം പാപപരിഹാരത്തിനായി പള്ളികളില്‍ ദിനരാത്രങ്ങള്‍ ചെലവഴിക്കുകയും ചെയ്യുന്ന കാഴ്ച്ചയായിരിക്കും ഈ ഒരു മാസത്തില്‍ കാണുക.

പ്രപഞ്ചനാഥനായ ദൈവത്തെയാണ് മുസ്സ്ലീങ്ങള്‍ അല്ലാഹു എന്നു പറയുന്നത്.  അല്ലാഹു എല്ലാ നിലയ്ക്കും ഏകനും പരാശ്രയരഹിതനുമാകുന്നു.  സര്‍വ്വജ്ഞനും സര്‍വ്വശക്തനുമാണവന്‍. അല്ലാഹു അല്ലാതെ മറ്റൊരു ആരാധ്യനും ഇല്ലെന്നും, മുഹമ്മദ് നബി അല്ലാഹുവിന്റെ പ്രവാചകനാനെന്നും ഇസ്ലാം വിശ്വസിക്കുന്നു. പ്രധാനപ്പെട്ട അഞ്ചു കാര്യങ്ങളാണ് ഇസ്ലാമിലുള്ളത്.

അല്ലാഹു വല്ലാതെ ഒരാരാധ്യനുമില്ലെന്നും, മുഹമ്മദ് നബി അവന്റെ പ്രവാചകനാണെന്നും സാക്ഷ്യം വഹിക്കുക, നിസ്കാരം നിര്‍വ്വഹിക്കുക, സക്കാത്ത് കൊടുക്കുക, റംസാന്‍ മാസം വ്രതമനുഷ്ഠിക്കുക, കഴിവുള്ളവര്‍ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കുക.എന്നതാണ്‌ ഇസ്ലാമിലെ പ്രധാനമായ അഞ്ചു കാര്യങ്ങള്‍ . ഇസ്ലാമിക വിശ്വാസ പ്രകാരം ഏറ്റവും അനുഗ്രഹീതവും പുണ്യവും ഭയഭക്തിനിര്‍ഭരവും ആത്മീയപരമായി വളരെ ഗുണപരവുമായ മാസമാണിത്. മറ്റു മാസങ്ങളില്‍ വെച്ച് അല്ലാഹു ഏറ്റവും ബഹുമാനിച്ച മാസമാണ് റമദാന്‍ എന്നാണ് ഇസ്‌ലാമിക വിശ്വാസം. സാധാരണ മാസങ്ങളെ കേവലം പേര് വിളിച്ച് പ്രയോഗിക്കുമ്പോള്‍ റമദാന്‍മാസത്തെ മാത്രം ശഹറു റമദാന്‍ എന്നാണ് ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത്.

Quranപരിശുദ്ധ ഖുര്‍ആന്‍ആദ്യമായി അവതരിക്കപ്പെട്ടതും ഈ മാസത്തിലാണ് എന്നത് ഈ മാസത്തിന് പ്രാധാന്യം നല്‍കുന്നു. ലോകത്ത് ആറിലൊന്നു വരുന്ന ഇസ്ലാം മതവിശ്വാസികളുടെ മതഗ്രന്ഥമായ  വിശുദ്ധ ഖുര്‍ആന്റെ അര്‍ത്ഥം തന്നെ ‘വായിക്കപ്പെടേണ്ടത് എന്നാണ്‌.  1400 വര്‍ഷങ്ങള്‍ക്കു മുന്‍പ് മുഹമ്മദ്‌ എന്ന മനുഷ്യനിലേക്ക് സൌദി അറേബ്യയിലുള്ള മക്കയിലും, മദീനയിലുമായി ജിബ്‌രീല്‍ എന്നാ മാലാഖ വഴി 23 വര്‍ഷങ്ങളിലായി വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ അവതീര്‍ണമായ ദൈവ വചനങ്ങളാണ് വിശുദ്ധ ഖുര്‍ ആന്‍. 30 ജൂസുകളിലായി 114 അധ്യായങ്ങളില്‍ 6236 സൂക്തങ്ങളായി,  74473 പദങ്ങള്ളായി,  3,23,071 അക്ഷരങ്ങളായി ക്രമീകരിചിട്ടുള്ളതാണ്‌ ഖുര്‍‌ആന്‍ എന്ന ഈ മതഗ്രന്ഥം. ലോകത്ത് ഏറ്റവുമധികം വായിക്കപ്പെടുന്ന ഗ്രന്ഥങ്ങളില്‍ ഒന്നാണിത്.  ഒരു മതവിഭാഗത്തെ മാത്രം അന്വേഷിച്ച് ഇറങ്ങിയതല്ല.  മനുഷ്യരാശിയെ അപ്പാടേയാണ് അത് അഭിസംബോധന ചെയ്യുന്നത്.

എണ്ണിക്കണക്കാക്കിയാല്‍ ആയിരം വാഗ്ദാനങ്ങള്‍ ഇതിലുണ്ട്; അത്രതന്നെ താക്കീതുകളും.  ‘ഖുര്‍ആന്‍ എന്ന വാക്ക് ഏഴു സ്ഥലങ്ങളില്‍ മാത്രം ഉപയോഗിച്ച ഈ വേദഗ്രന്ഥത്തില്‍ ഇഹലോകത്തെപ്പറ്റി (ദുനിയാവ്) 115 തവണ പരാമര്‍ശിക്കുമ്പോള്‍ പരലോകത്തെപ്പറ്റിയും (ആഖിറം) അത്രതന്നെ തവണ പറയുന്നു. മരണം, നാശം എന്നിവയെക്കുറിച്ചു പറയുന്നതു 145 തവണ, ജീവിതത്തെയും അനുബന്ധങ്ങളെയും പറ്റി പറയുന്നതും അത്ര തവണതന്നെ. ദൈവദൂതന്മാരായ മലക്കുകളെ കുറിച്ച് എന്നപോലെ പിശാചുക്കളെപ്പറ്റിയും പറയുന്നതു കൃത്യമായും 88 തവണ വീതം. സ്വാലിഹാത്ത് എന്ന സദ്പ്രവര്‍ത്തനങ്ങളെപ്പറ്റി പറയുന്നതു 167 തവണ.  അത്ര എണ്ണം തന്നെ, ദുഷ്പ്രവര്‍ത്തനങ്ങളെ പരാമര്‍ശിക്കുന്ന ‘സയ്യിആത്തും ഖുര്‍ആനിലുണ്ട്. ദൈവനാമത്തില്‍ എന്നര്‍ത്ഥം വരുന്ന ബിസ്മില്ലയില്‍ ആണ് ഖുര്‍ അന്‍ തുടങ്ങുന്നത്.  ഒരു മുസ്ലിം ഏതുകാര്യം ചെയ്യുമ്പോഴും തുടക്കത്തില്‍ ഈ പദംകൊണ്ട് തുടങ്ങണം. ഇത് ജീവിത സൂക്ഷ്മത നല്കുന്നു എന്നാണ് വിശ്വാസം.

ഇസ്ലാമിലെ പ്രധാനമായ അഞ്ചു കാര്യങ്ങള്‍
  • അല്ലാഹു വല്ലാതെ ഒരാരാധ്യനുമില്ലെന്നും, മുഹമ്മദ് നബി അവന്റെ പ്രവാചകനാണെന്നും സാക്ഷ്യം വഹിക്കുക
  • നിസ്കാരം നിര്‍വ്വഹിക്കുക
  • സക്കാത്ത് കൊടുക്കുക
  • റംസാന്‍ മാസം വ്രതമനുഷ്ഠിക്കുക
  • കഴിവുള്ളവര്‍ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കുക

ഒരു വസ്തുവിനെ വെടിഞ്ഞ് നില്‍ക്കുക അലെങ്കില്‍ അതിനെ ഉപേക്ഷിക്കുക എന്നൊക്കെയാണ് സ്വൗമ് എന്ന അറബി പദത്തിന്‍റെ അര്‍ത്ഥം.  നോമ്പ് എന്ന് സാധാരണയായി പറയുന്നു.  എന്നാല്‍ ഉപവസിക്കുന്നവന്‍, വ്രതമനുഷ്ടിക്കുന്നവന്‍ എന്നൊക്കെയാണ് അര്‍ത്ഥം.  പ്രഭാതം മുതല്‍ പ്രദോഷം വരെ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് വ്രതമനുഷ്ടിക്കുക എന്നാതാണ് സ്വൌം അഥവാ സ്വിയാം. ഭകഷണത്തോടോപ്പം തന്നെ പരദൂഷണം, അശ്ലീലത, വേണ്ടാതീനം, മറ്റ് ശാരീരിക ഇഛകള്‍ ഒക്കെതന്നെ ഒരു വ്രതാനുഷ്ടാനി ഉപേക്ഷിക്കേണ്ടതുണ്ട്.  കണ്ണിനും, കാതിനും, ജനനേന്ദ്രിയങ്ങള്‍ക്കും അവന്‍ സ്വൌം എടുക്കണം.

റമദാന്‍ മാസത്തിലെ വ്രതം വിശ്വാസികള്‍ക്ക് നിര്‍ബന്ധ ബാധ്യതയാണ്.  അത് രോഗി,  പ്രായ പൂര്‍ത്തിയാകാത്ത കുട്ടികള്‍ ,  ബുദ്ധി ഭ്രമം സംഭവിച്ചവര്‍ , ഗര്‍ഭിണികള്‍ , അവശരായ വൃദ്ധര്‍ , യാത്രക്കാര്‍ എന്നിവര്‍ ഒഴികെ എല്ലാ മുസ്ലീമുകള്‍ക്കും നിര്‍ബന്ധമാണ്. അതുപോലെ തന്നെ റമദാനില്‍ ഇസ്ലാം മതവിശ്വസികള്‍ നല്കേണ്ട ദാനമാണ് സകാത്ത്. സകാത്ത് എന്ന അറബി പദത്തിന് ശുദ്ധിയാക്കല്‍ , ഗുണകരം എന്നൊക്കെയാണര്‍ഥം.  ഇത്‌ ധനികന്‍ പാവപ്പെട്ടവരായ സകാത്തിന്റെ അവകാശികള്‍ക്ക്‌ നല്കുന്ന ഔദാര്യമല്ല, മറിച്ച്‌ ധനികന്റെ സ്വത്തില്‍ അവര്‍ക്ക്‌ ദൈവം നല്കിയ അവകാശമാണ്‌ എന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്‌.  നിത്യവൃത്തിക്ക് കഴിവില്ലാത്ത അദ്ധ്വാനിക്കാന്‍ ശേഷിയില്ലാത്തവര്‍ ,  ജീവിതത്തിനുതന്നെ തികയാതെ കഷ്ടിച്ചു കഴിയുന്ന പാവങ്ങള്‍ , സക്കാത്ത് സംഭരിച്ചു വിതരണം ചെയ്യുന്നതിനു നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ , പുതിയ മുസ്ലീങ്ങള്‍ , കടം വീട്ടാന്‍ കഴിയാതെ വിഷമിക്കുന്നവര്‍ , ഇസ്ലാമിനുവേണ്ടി പോരാടുന്ന യോദ്ധാക്കള്‍ , അശരണരായ വഴിയാത്രക്കാര്‍ എന്നിവരാണ് സക്കാത്തിന്റെ അവകാശികള്‍ .

വ്രതാനുഷ്ഠാനകാലത്ത് കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടേണ്ടതും അത്യാവശ്യമാണ്.  പാവപ്പെട്ടവന് ഒരു താങ്ങായി മാറാന്‍ കഴിഞ്ഞാല്‍ സര്‍വ്വശക്തന്റെ അനുഗ്രഹങ്ങള്‍ നമുക്ക് ലഭിക്കും.  നാം ഭക്ഷണം ഉപേക്ഷിക്കുമ്പോഴും വയറുവിശക്കുന്നവന് ആഹാരമേകാനുള്ള ഹൃദയ വിശാലത നാം കൈവരിക്കണം. അങ്ങനെ കാരുണ്യവും ദയയും നിറഞ്ഞ ഒരു മനസ് രൂപപ്പെടുത്താനും റമദാന്‍ വ്രതം സഹായിക്കുന്നു. ലോകത്തിലെ എല്ല മതങ്ങളും അവയുടെ ആചാരങ്ങളും മനുഷ്യനെ നയിക്കുന്നത് പരമ കാരുണ്യവാനായ ദൈവത്തിലേക്കാണ്.  ദൈവത്തിന്റെ നന്മയുടെ അംശങ്ങള്‍ ഉള്‍ക്കൊണ്ട് അത് ജീവിതത്തില്‍ പകര്‍ത്തി അവനവനും കുടുംബത്തിനും സമൂഹത്തിന്നും ഈ ലോകത്തിന്നും തന്നെ നന്മ പകരുവാന്‍ ശ്രമിക്കുകയാണ് ഈ വ്രതകാലത്ത് വിശ്വാസികള്‍ ചെയ്യുന്നത്.

ഈശ്വരനിലേക്ക് എത്താനുള്ള വഴികളില്‍ ഏറ്റവും മഹത്തരമാണ് റമദാന്‍ വ്രതാനുഷ്ഠാനം.  ആത്മീയ സാക്ഷാത്ക്കാരത്തിന് തടസമാകുന്ന ചിന്തകളെയെല്ലാം ഉദ്ദീപിപ്പിക്കുന്നത് നാം കഴിക്കുന്ന ഭക്ഷണമാണ്. അതുക്കൊണ്ട് തന്നെ ഭക്ഷണ നിയന്ത്രണം ശരീരത്തിലും മനസിലും ഉണ്ടാക്കുന്ന വ്യത്യാസം വളരെ വലുതാണ്. ഭക്ഷണ നിയന്ത്രണത്തിലൂടെ പൈശാചികമായ പല സ്വഭാവങ്ങളില്‍ നിന്നും നമ്മുക്ക് രക്ഷ നേടാനാവും. വിശപ്പിനെ നിയന്ത്രിക്കാനായാല്‍ ശരീരത്തെ നമ്മുടെ നിയന്ത്രണത്തിലാക്കി എന്നു തന്നെയാണ് അര്‍ത്ഥം. പാവപ്പെട്ടവന്റെ ദുരിതം മനസിലാക്കാന്‍ അവനെ സഹായിക്കാനായി ഒരു മനസ് സൃഷ്ടിക്കാന്‍ വ്രതത്തിലൂടെ കഴിയും.

ഇനി റമദാന്‍ പൂര്‍ത്തിയാക്കി ശവ്വാല്‍ മാസപ്പിറവി കണ്ടാല്‍ , റമദാന്‍ വ്രതാനുഷ്ഠാനത്തിലൂടെ മനുഷ്യന്‍ നേടിയെടുക്കുന്ന നന്മകള്‍ക്കെല്ലാം നാം കടപ്പെട്ടിരിക്കുന്നത് സര്‍വ്വശക്തനായ അള്ളാഹുവിനോടാണ് എന്ന ഓര്‍മ നിലനിറുത്തി കൊണ്ടായിരിക്കണം  ചെറിയ പെരുന്നാള്‍ ആഘോഷിക്കേണ്ടത്. അതുപോലെ ഓരോ നോമ്പുകാരനും തന്റെ ചെലവിനും പോയിട്ട് ബാക്കിയുണ്ടെങ്കില്‍ 2.3 കിലോ അരിവീതം പാവങ്ങള്‍ക്ക് കൊടുക്കണം. പെരുന്നാള്‍ ദിവസം ആരും പട്ടിണി കിടക്കാന്‍ പാടില്ല എന്നതാണിതിന്റെ ലക്ഷ്യം.

ആഘോഷങ്ങള്‍ സമൂഹത്തിന്‍റെ ചരിത്രപരവും പ്രകൃതിപരവുമായ ആവശ്യമാണെന്നും ആ ആവശ്യത്തെ ഇസ്ലാം മാനിക്കുന്നുവെന്നും വിവിധ ഹദീസുകളില്‍ നിന്ന് വ്യക്തമാണ്. പെരുന്നാള്‍ സുദിനം അനുവദിനീയമായ രീതിയില്‍ ആഘോഷിക്കാന്‍ വേണ്ടിയാണ്‌ അന്നത്തെ ദിനത്തില്‍ വ്രതാചരണം നിഷിദ്ധമായി പ്രഖ്യാപിച്ചത്‌. പെരുന്നാള്‍ സുദിനത്തില്‍ പ്രാധാന്യമേറിയ സദ്കര്‍മ്മമാണ്‌ തക്ബീര്‍ ചൊല്ലല്‍. പെരുന്നാള്‍ ദിനത്തിലെ തക്ബീര്‍ ഘോഷത്തെപറ്റി വിശുദ്ധ ഖുര്‍ആനില്‍ നിര്‍ദ്ദേശമുണ്ട്‌.  ശവ്വാല്‍ മാസപ്പിറവി ദൃശ്യമായാല്‍ പിന്നെ പെരുന്നാളാഷോഘത്തില്‍ നിന്നു വിരമിക്കുന്നത്‌ വരെ തക്ബീര്‍ ചൊല്ലല്‍ മുസ്ലിംകള്‍ക്കു ബാധ്യതയാണ്‌.

‘ഈദുല്‍ഫിത്വറില്‍ തക്ബീര്‍ മുഴക്കേണ്ട സമയം, പെരുന്നാള്‍ രാവിന്‍റെ ആരംഭം കുറിക്കുന്ന സൂര്യാസ്തമയം മുതല്‍ ഇമാം പെരുന്നാള്‍ നിസ്കാരത്തില്‍ പ്രവേശിക്കുന്നത്‌ വരെയാണ്‌. ഈ സമയത്തിനിടയില്‍ എപ്പോഴും തക്ബീര്‍ സുന്നത്താണ്‌. തക്ബീര്‍ ചൊല്ലല്‍ യാത്രക്കാര്‍ക്കും അല്ലാത്തവര്‍ക്കും സുന്നത്താണ്‌.  വീടുകള്‍ , പള്ളികള്‍ ,  നടവഴികള്‍ ,  അങ്ങാടികള്‍ തുടങ്ങി എവിടെ വെച്ചും തക്‌ബീര്‍ മുഴക്കാം.  സ്ത്രീകള്‍ക്കും തക്ബീര്‍ സുന്നത്താണ്‌. അല്ലാഹു അക്ബര്‍ , അല്ലാഹു അക്ബര്‍ , അല്ലാഹു അക്ബര്‍ ; ലാഹിലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബര്‍ … നാനാഭാഗത്ത് നിന്ന് തക്ബീര്‍ ധ്വനികള്‍ മുഴങ്ങുകയായി…

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍

 

മലയാളത്തിലെ യുവകവി.ആനുകാലികങ്ങളിലും ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളിലും കവിതകളെഴുതുന്നു. നാട്ടില്‍ കുറച്ചുകാലം കേരളത്തിലെ മുന്‍നിരയിലുള്‍പ്പെട്ട ഒരു പത്രത്തിന്റെ പ്രദേശിക ലേഖകനായി ജോലി നോക്കിയീട്ടുണ്ട്. ഇപ്പോള്‍ സ്വന്തമായി ഖത്തര്‍ ടൈംസ് (http://www.qatartimes.tk) എന്ന ഓണ്‍ലൈന്‍ പത്രം കൈകാര്യം ചെയ്തു വരുന്നുണ്ട്. ഒപ്പം ഓണ്‍ലൈന്‍ പത്രങ്ങളുടെ ഗള്‍ഫ് ലേഖകന്‍ കൂടിയാണ്.കൂടാതെ പാഥേയം (http://paadheyam.com) എന്ന ഓണ്‍ലൈന്‍ മാഗസിന്റെ മുഖ്യ പത്രാധിപരാണ്. നാട് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ സാംസ്‌ക്കാരികതലസ്ഥാനവും പൂരങ്ങളുടെനാടുമായ ത്യശൂരില്‍ മിനി ഗള്‍ഫെന്നറിയപ്പെടുന്ന ചാവക്കാടിനടുത്ത് പ്രസിദ്ധമായ ചന്ദനകുടം നടക്കുന്ന മണത്തലയിലാണ്. ഉപ്പ തെരുവത്ത് വീട്ടില്‍ കണ്ണാട്ട് അബ്ദുള്‍ റഷീദ് (മുന്‍ പ്രവാസി) ഉമ്മ ഹഫ്‌സ (റിട്ടേഡ് ടീച്ചര്‍) ഒരു സഹോദരന്‍ മുഹമ്മദ് സമീര്‍ (സൌദി അറേബ്യയില്‍) ഒരു സഹോദരി റൈബിന്‍ റഷീദ്. ഇപ്പോള്‍ ഈന്തപഴം വിളയുന്ന മണലാര്യണ്യമായ ഗള്‍ഫിലെ ഖത്തര്‍ എന്ന ദേശത്ത് ദോഹയെന്ന പട്ടണത്തില്‍ ജോലി ചെയ്യുന്നു.2002 ഒരു ആഗസ്റ്റ് 28ആം തിയതിയലാണ് പ്രവാസിയായത്. ഒരു കണ്‍സല്‍ട്ടിങ്ങ് കമ്പനിയില്‍ പ്രോജക്റ്റ് എഞ്ചിനിയറായി ജോലി നോക്കുന്നു. ജാതി മത രാഷ്ട്രീയ തലങ്ങള്‍ക്കതീതമായി പ്രവര്‍ത്തിക്കുന്ന 'സംസ്‌കാര ഖത്തര്‍' എന്ന സാംസ്‌കാരിക സംഘടനയുടെ ജനറല്‍ സെക്രട്ടറിയാണ്. ഇപ്പോള്‍ കുടുംബ സമേതം ഖത്തറില്‍ താമസിക്കുന്നു.ഭാര്യ ജസീന (ഇലട്രിക്കല്‍ എഞ്ചിനിയര്‍) ഒരു മകള്‍ ഹവ്വാ തബീന്‍ (രണ്ട് വയസ്സ്) . മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍, ദോഹ ഖത്തര്‍, ഫോണ്‍: 974 55198704

5 Comments + Add Comment

  • റമദാനെ കൂടുതല്‍ അടുത്തറിയാന്‍ ആര്‍ട്ടിക്കിള്‍ സഹായിച്ചു . നന്ദി

  • റമദാന്‍ എന്താണെന്നും എന്തല്ല എന്നും അറിയാന്‍ ഇത് സഹായിക്കും. വളരെ നന്ദി.

  • നന്നായിട്ടുണ്ട്

  • ലേഖനം നന്നായിട്ടുണ്ട്
    റമദാനെ പറ്റി കൂടുതൽ അറിയാൻ ഈ ലിങ്ക് ഉപകരിക്കും

Got anything to say? Go ahead and leave a comment!

XHTML: You can use these tags: <a href="" title=""> <abbr title=""> <acronym title="">
<b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite="">
<strike> <strong>