മുല്ലപ്പെരിയാറില്‍ ചോര്‍ച്ച ശക്തം, കേരളം ആശങ്കയില്‍

മുല്ലപ്പെരിയാര്‍ അണക്കെട്ടിലും ബേബി ഡാമിലും ഒട്ടേറെയിടങ്ങളില്‍ പുതിയ ചോര്‍ച്ച. സുപ്രീം കോടതി നിയോഗിച്ച മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയുടെ ഉപസമിതി നടത്തിയ പരിശോധനയിലാണു ചോര്‍ച്ച കണ്ടെത്തിയത്‌. ഇത്രയും ഗുരുതരമായ ചോര്‍ച്ച മുമ്പ്‌ കണ്ടിട്ടില്ലെന്ന്‌ ഉപസമിതിയിലെ കേരളത്തിന്റെ പ്രതിനിധികള്‍ വ്യക്‌തമാക്കി. അണക്കെട്ടിലെ 10,11,17,18 ബ്ലോക്കുകളിലാണ്‌ വ്യാപകചോര്‍ച്ച ദൃശ്യമായിരിക്കുന്നത്‌. അണക്കെട്ടിന്റെ 130 അടിയില്‍ മധ്യഭാഗത്ത്‌ നടപ്പാതയില്‍ കുമിളകളായി വെള്ളം മേല്‍പ്പോട്ട്‌ വരുന്നുണ്ട്‌.

mullaperiyar

ജലനിരപ്പ്‌ ആശങ്കാജനകമായി ഉയരുമ്പോഴും അണക്കെട്ടിന്റെ ഷട്ടറുകള്‍ പ്രവര്‍ത്തന ക്ഷമമാണോയെന്നു കേരളത്തിന്റെ പ്രതിനിധികള്‍ സംശയം പ്രകടിപ്പിച്ചു. ഷട്ടറുകള്‍ പ്രവര്‍ത്തിപ്പിച്ചു കാണിക്കണമെന്നു മുമ്പ്‌ സന്ദര്‍ശനം നടന്നപ്പോഴെല്ലാം ആവശ്യപ്പെട്ടിരുന്നതാണ്‌. എന്നാല്‍ ഇതുവരെ ഷട്ടറുകളുടെ പ്രവര്‍ത്തനക്ഷമത ഉപസമിതിയെ ബോധ്യപ്പെടുത്താത്ത സാഹചര്യത്തിലാണു കേരളത്തിന്റെ പ്രതിനിധികള്‍ ആശങ്ക പങ്കുവച്ചത്‌. ജലനിരപ്പ്‌ ഉയരുമ്പോള്‍ അടിയന്തര സാഹചര്യമുണ്ടായാല്‍ വെള്ളം പുറത്തേക്ക്‌ ഒഴുക്കണമെങ്കില്‍ ഷട്ടറുകള്‍ പ്രവര്‍ത്തന ക്ഷമമാകണം. ഇതു പ്രവര്‍ത്തിപ്പിച്ചു കാണിക്കാന്‍ തമിഴ്‌നാട്‌ വിമുഖത കാട്ടുന്നതെന്തുകൊണ്ടാണെന്നും കേരളത്തിന്റെ പ്രതിനിധികള്‍ ചോദിച്ചു.

Facebook Comments