2 കോടി രൂപയുടെ നോട്ടുകള്‍ അനധികൃതമായി മാറ്റി നല്‍കിയ രണ്ട് റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

പിന്‍വലിച്ച 1.99 കോടി രൂപയുടെ നോട്ടുകള്‍ അനധികൃതമായി മാറ്റി നല്‍കിയ രണ്ട് റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. റിസര്‍വ് ബാങ്കിന്റെ ബെംഗളൂരു ഓഫീസിലെ ഉദ്യോഗസ്ഥരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്.

പുതിയ നോട്ടുകള്‍ വിതരണം ചെയ്യുന്നതിന് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ പഴയ നോട്ടുകള്‍ക്കു പകരം 1.99 കോടി രൂപയുടെ പുതിയ നോട്ടുകള്‍ അനധികൃതമായി മാറ്റി നല്‍കുകയായിരുന്നു. റിസര്‍വ് ബാങ്ക് നിശ്ചയിച്ചിരുന്ന പരിധി മറികടന്ന് വലിയ തുക ഇപ്രകാരം മാറ്റി നല്‍കിയതായി കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്.

സീനിയര്‍ സ്‌പെഷ്യല്‍ അസിസ്റ്റന്റ് സദാനന്ദ നായിക്, സ്‌പെഷല്‍ അസിസ്റ്റന്റ് എ.കെ കെവിന്‍ എന്നിവരാണ് അറസ്റ്റിലായത്. അഴിമതി നിരോധന നിയമപ്രകാരം വഞ്ചനാ കുറ്റവും ഗൂഡാലോചനാക്കുറ്റവുമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ആക്‌സിസ് ബാങ്കില്‍ വീണ്ടും പരിശോധന, കണ്ടെത്തിയത് 20 വ്യജ അക്കൗണ്ടുകളും 60 കോടി രൂപയും

ആക്‌സിസ് ബാങ്കിന്റെ നോയിഡ ശാഖയില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ 20 വ്യാജ കമ്പനികളുടെ അക്കൗണ്ടുകളിലായി 60 കോടിയുടെ നിക്ഷേപം കണ്ടെത്തി. ഡല്‍ഹിയെ ചാന്ദിനി ചൗക്കിലെ ശാഖയിലാണ് പരിശോധന നടത്തിയിരിക്കുന്നത്. ഇത് രണ്ടാം തവണയാണ് ആക്‌സിസ് ബാങ്കില്‍ പരിശോധന നടത്തുന്നത്.

നോട്ട് അസാധുവാക്കിയതിന് ശേഷം നവംബറില്‍ 25ന് നടത്തിയ പരിശോധനയില്‍ 44 വ്യാജ അക്കൗണ്ടുകള്‍ കണ്ടെത്തിയിരുന്നു. ഇതില്‍ നിന്നായി 100 കോടിയുടെ നിക്ഷേപം കണ്ടെത്തിയിരുന്നു. തൊട്ടുപിന്നാലെയാണ് ഇത്തരത്തില്‍ മറ്റൊരു പരിശോധനയും വന്നിരിക്കുന്നത്.

വിവിധ കമ്പനികളുടെ പേരിലുള്ള വ്യാജ അക്കൗണ്ടുകളിലാണ് ഇത്രയും പണം സൂക്ഷിച്ചിരുന്നത്. ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായത്താല്‍ കള്ളപ്പണം വെളിപ്പിക്കുകയായിരുന്നു കമ്പനികളുടെ ലക്ഷം.