ഫോര്‍ബ്‌സിന്റെ പ്രബലരുടെ പട്ടികയില്‍ നരേന്ദ്രമോഡിയും

പ്രധാനമന്ത്രി നരേന്ദ്രമോഡി ലോകത്തെ ഏറ്റവും പ്രബലനായ 10 നേതാക്കളില്‍ ഒരാള്‍. ഫോര്‍ബ്‌സ് നടത്തിയ സര്‍വേയിലാണ് നരേന്ദ്രമോഡി ഇടം പറ്റിയിരിക്കുന്നത്. ഒന്‍പതാം സ്ഥാനമാണ് മോഡിക്ക് ലഭിച്ചിരിക്കുന്നത്. ഒന്നാം സ്ഥാനം ഇത്തവണയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ തന്നെയാണ് ലഭിച്ചിരിക്കുന്നത്. ഇത് നാലാം തവണയാണ് പുടിന്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹനായിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം: പരിപാടികളുടെ അന്തിമരൂപരേഖയായി

ഈ മാസം 14, 15 തീയതികളില്‍ കേരളത്തില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയെ സ്വീകരിക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. പ്രധാനമന്ത്രി കേരളത്തില്‍ പങ്കെടുക്കുന്ന പരിപാടികളുടെ അന്തിമ രൂപരേഖയായി. ഡിസംബര്‍ 14 ന് വൈകുന്നേരം 4.10 ന് പ്രത്യേക വ്യോമസേന വിമാനത്തില്‍ പ്രധാനമന്ത്രി കൊച്ചിയിലെ ഐ.എന്‍.എസ്. ഗരുഡ നേവല്‍ എയര്‍ സ്‌റ്റേഷനില്‍ എത്തിച്ചേരും. അവിടെ സ്വീകരണത്തിനുശേഷം 4.15 ന് പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ തൃശൂര്‍ കുട്ടനെല്ലൂര്‍ ഗവണ്‍മെന്റ് കോളേജ് ഗ്രൗണ്ടിലേക്ക് തിരിക്കും. കോളേജ് ഗ്രൗണ്ടില്‍ ഒരുക്കിയിട്ടുള്ള ഹെലിപാഡില്‍ പ്രധാനമന്ത്രിയുമായി ഹെലികോപ്റ്റര്‍ 4.45 ന് എത്തിച്ചേരും. 4.50 ന് തേക്കിന്‍കാട് മൈതാനത്തില്‍ എത്തിച്ചേരുന്ന പ്രധാനമന്ത്രി അഞ്ച് മണിക്ക് പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് 6.05 ന് കൊച്ചിയിലേക്ക് റോഡ് മാര്‍ഗം തിരിച്ച് 7.15 ന് കൊച്ചി താജ് മലബാറിലെത്തുന്ന പ്രധാനമന്ത്രി രാത്രി അവിടെ തങ്ങും. 15 ന് രാവിലെ 8.50 ന് ഐ.എന്‍.എസ്. ഗരുഡയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി റോഡ് മാര്‍ഗം എത്തിച്ചേരും.

തുടര്‍ന്ന് നേവിയുടെ ഹെലികോപ്റ്ററില്‍ 9.30 ന് ഐ.എന്‍.എസ്. വിക്രമാദിത്യയിലെത്തിച്ചേരുന്ന പ്രധാനമന്ത്രി 9.40 മുതല്‍ ഉച്ചയ്ക്ക് 1.15 വരെ സംയുക്ത കമാന്‍ഡര്‍മാരുടെ കോണ്‍ഫറന്‍സില്‍ പങ്കെടുക്കും. 1.45 ന് ഹെലികോപ്റ്ററില്‍ കൊല്ലം ആശ്രാമം മൈതാനത്തേക്ക് തിരിക്കുന്ന മോഡി 2.35 ന് അവിടെ എത്തിച്ചേരും. 2.45 ന് എസ്.എന്‍.കോളേജിലെത്തി മുന്‍ മുഖ്യമന്ത്രി ആര്‍.ശങ്കറിന്റെ പ്രതിമ അനാച്ഛാദനം ചെയ്യും. 3.30 വരെയാണ് എസ്.എന്‍.കോളേജിലെ പരിപാടിയില്‍ പങ്കെടുക്കുക. തുടര്‍ന്ന് ഹെലികോപ്റ്ററില്‍ 4.05 ന് വര്‍ക്കലയില്‍ എത്തി 4.15 ന് ശിവഗിരി മഠത്തിലെത്തും. ശ്രീനാരായണഗുരുവിന് ആദരങ്ങള്‍ അര്‍പ്പിച്ച ശേഷം നരേന്ദ്രമോദി ശിവഗിരിയില്‍ വൃക്ഷത്തൈ നടും. 4.35 വരെയാണ് പ്രധാനമന്ത്രി ശിവഗിരി മഠത്തില്‍ ചെലവഴിക്കുക. പിന്നീട് 4.50 ന് ശംഖുമുഖത്തേക്ക് ഹെലികോപ്റ്ററില്‍ യാത്രതിരിക്കുന്ന പ്രധാനമന്ത്രി 5.10 ന് ശംഖുമുഖം വ്യോമസേന ടെക്‌നിക്കല്‍ ഏരിയയില്‍ എത്തിച്ചേരും. തുടര്‍ന്ന് 5.15 ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ പ്രധാനമന്ത്രി ന്യൂഡല്‍ഹിക്ക് മടങ്ങിപ്പോകും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പബ്ലിക് റിലേഷന്‍സ് വകുപ്പ് അറിയിച്ചു.

നരേന്ദ്രമോദി അടുത്ത വര്‍ഷം പാകിസ്ഥാന്‍ സന്ദര്‍ശിക്കും

2016ല്‍ പാകിസ്ഥാനില്‍ നടക്കുന്ന സാര്‍ക്ക് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. ഇസ്‌ലാമാബാദില്‍ നടക്കുന്ന ‘ഹാര്‍ട്ട് ഓഫ് ഏഷ്യ’ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത വര്‍ഷം സെപ്റ്റംബറിലാണ് സാര്‍ക്ക് ഉച്ചകോടി നടക്കുന്നത്. പ്രധാനമന്ത്രിക്കൊപ്പം സുഷമാസ്വരാജും അടുത്ത വര്‍ഷം പാകിസ്ഥാനിലെത്തും. നേരത്തെ റഷ്യയില്‍ നടന്ന ഉഫ ഉച്ചകോടിയില്‍ വെച്ച് നവാസ് ഷെരീഫ് മോദിയെ പാകിസ്ഥാനിലേക്ക് ക്ഷണിച്ചിരുന്നു. 2004 ല്‍ വാജ്‌പേയി സന്ദര്‍ശനം നടത്തിയതിന് ശേഷം ഇതാദ്യമായാണ് മറ്റൊരു ഇന്ത്യന്‍ പ്രധാനമന്ത്രി പാകിസ്ഥാനിലെത്തുന്നത്. വാജ്‌പേയിക്ക് ശേഷം രണ്ട് വട്ടം പ്രധാനമന്ത്രി പദവിയിലിരുന്ന മന്‍മോഹന്‍ സിംഗ് പാക് സന്ദര്‍ശനം വേണ്ടെന്ന് വെച്ചിരുന്നു.

Narendra-Modi1