മുല്ലപ്പെരിയാര്‍ കേന്ദ്രം മദ്ധ്യസ്ഥത വഹിക്കണം: ഉമ്മൻ ചാണ്ടി

മുല്ലപ്പെരിയാര്‍ കേന്ദ്രം മദ്ധ്യസ്ഥത വഹിക്കണം: ഉമ്മൻ ചാണ്ടി. ചെന്നൈ വെള്ളപ്പൊക്കത്തിന്റെ പശ്‌ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച്‌ വിദഗ്ദ്ധ പഠനം നടത്തണമെന്നും, കേരളവും തമിഴ്നാടും തമ്മില്‍ ചര്‍ച്ച നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ മദ്ധ്യസ്ഥത വഹിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്‌ത ശേഷം ഇക്കാര്യം ആലോചിക്കാമെന്ന് പ്രധാനമന്ത്രി മറുപടി നല്‍കി. ഇന്നലെ ഉച്ചയ്‌ക്ക് പാര്‍ലമെന്റിലെ പ്രധാനമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്‌ച. മുല്ലപ്പെരിയാര്‍ അണക്കെട്ടിനെക്കുറിച്ചുള്ള ആശങ്ക വിശദമാക്കുന്ന നിവേദനവും നല്‍കി. അണക്കെട്ട് സുരക്ഷിതമല്ലെന്ന് വിവിധ ഏജന്‍സികള്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും മുംബയ്, ഛത്തിസ്ഗഢ്, ജമ്മു കാശ്‌മീര്‍ എന്നിവിടങ്ങളിലും കഴിഞ്ഞ ആഴ്ച ചെന്നൈയിലും ഉണ്ടായതുപോലെ കേരളത്തിലും പേമാരിക്ക് സാദ്ധ്യതയുണ്ടെന്നും നിവേദനത്തില്‍ പറയുന്നു. ജലനിരപ്പ് 136 അടിയില്‍ കൂടിയാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ചെന്നൈയിലേതു പോലുള്ള വെള്ളപ്പൊക്കത്തെ അതിജീവിക്കാന്‍ കഴിയില്ല. വെള്ളപ്പൊക്കത്തെ അതിജീവിക്കാനുള്ള അണക്കെട്ടിന്റെ ക്ഷമത പരിശോധിക്കാന്‍ ദേശീയ, അന്തര്‍ദ്ദേശീയ വിദഗ്‌ദ്ധരെ വച്ച്‌ വീണ്ടും പഠനം നടത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പാട്ടക്കരാര്‍ കാലാവധിയായ 999 വര്‍ഷം മുല്ലപ്പെരിയാര്‍ അണക്കെട്ട് നിലനില്‍ക്കില്ല. തമിഴ്നാടിന് നല്‍കുന്ന വെള്ളത്തിന്റെ അളവില്‍ കുറവ് വരുത്തില്ല. തമിഴ്നാട് സമ്മര്‍ദ്ദം ചെലുത്തി റദ്ദാക്കിച്ച പുതിയ അണക്കെട്ടിനുള്ള പാരിസ്ഥിതിക അനുമതി വീണ്ടും നല്‍കണം. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന് ശാശ്വത പരിഹാരം പുതിയ അണക്കെട്ടാണ്. കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് തമിഴ്നാടിനെ അനുനയിപ്പിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

ആരോപണങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ല: ഉമ്മന്‍ ചാണ്ടി

സോളാര്‍ കേസുമായി ബന്ധപ്പെട്ട് തനിക്കെതിരായ ആരോപണങ്ങളില്‍ എന്തെങ്കിലും കഴമ്പുണ്ടെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കാന്‍ താന്‍ യോഗ്യനാവില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തനിക്കെതിരെയുള്ള ആരോപണങ്ങളില്‍ 1 ശതമാനമെങ്കിലും കഴമ്പുണ്ടെങ്കില്‍ പൊതുപ്രവര്‍ത്തനത്തിന് തന്നെ താന്‍ യോഗ്യനായിരിക്കുകയില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

എം.ഐ ഷാനവാസ് പറഞ്ഞതു പ്രകാരമാണ് ബിജുവിനെ കണ്ടത്. എറണാകുളത്ത് വെച്ച് സംസാരിച്ചത് രഹസ്യസ്വഭാവമുള്ള കാര്യമാണ്. തനിക്ക് മാന്യതയുള്ളതിനാല്‍ പറഞ്ഞ കാര്യം പുറത്തുപറയുന്നില്ല. ബിജു രാധാകൃഷ്ണന്‍ ഇതുവരെ പറയാത്ത കാര്യങ്ങളാണ് ഇപ്പോള്‍ പറയുന്നത്. ബിജുവിനെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നതിന്റെ വൈരാഗ്യമാണ്.ആരെങ്കിലും രക്ഷപ്പെടുത്തുമെന്ന് ബിജു കരുതിയിരിക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. നീതി നടപ്പാക്കിയ മുഖ്യമന്ത്രി എന്ന നിലയിലേ പുറത്തുപോകൂ. ബിജുവിനെ ജയിലിടച്ചതില്‍ താന്‍ അഭിമാനിക്കുന്നു. ബിജു സി.ഡി ഹാജരാക്കണം. അല്ലെങ്കില്‍ നിയമനടപടിക്ക് പോകണമെന്നാണ് അഭിപ്രായമെന്നും ഉ്മ്മന്‍ ചാണ്ടി പറഞ്ഞു.