ഇന്ന് വായനാദിനം | അനുഭവങ്ങളാണോരോ വായനയും

ത് ആൻഡ്രോയിഡ് യുഗം. നാടോടുമ്പോൾ നടുവേയോടണം എന്നല്ല ഒരു മുഴം മുന്നേയോടണം എന്ന കാഴ്ചപ്പാടിനെ ഉൾക്കൊണ്ടു കഴിയുന്ന ഞാനും നിങ്ങളും അവരുമടങ്ങുന്ന സമൂഹം.

പരിശുദ്ധമായി നമ്മൾ കാത്തുസൂക്ഷിക്കുന്ന സൗഹൃദമുൾപ്പെടെ എല്ലാ ബന്ധങ്ങളും ഇന്ന് സാങ്കേതിക വിദ്യയുടെ മായാവലയത്തിലാണ്. അതിനാൽ തന്നെ നാം മറന്നു പോയേക്കാവുന്ന ചില ശീലങ്ങളുണ്ട്. അതിൽ പ്രധാനമാണ് വായന. ഈയൊരു വിഷയത്തെക്കുറിച്ച് ആലോചിച്ചപ്പോഴും ഞാൻ മനസ്സിലാക്കിയത് ഈ ‘ടെക്‌നിക്കൽ‘ യുഗത്തിൽ എഴുത്തും വായനയും ആസ്വാദനവും പൂർണ്ണമായും മരിച്ചിട്ടില്ല എന്നതാണ്. പക്ഷെ ‘വായനാദിനത്തിനും‘, ‘പുസ്തകോത്സവത്തിനും ‘ വേണ്ടി മാത്രം ആഘോഷമാക്കുന്നതിലുള്ള ആശങ്ക അപ്പോഴും നിലനിൽക്കുന്നു .മാത്രമല്ല ‘ഫേസ്ബുക്ക്‘,’വാട്സ്ആപ്‘ പോലുള്ള സോഷ്യൽ മീഡിയകളുടെ കടന്നുകയറ്റം ചെറുതല്ലാത്ത രീതിയിൽ തന്നെ നമ്മുടെ ശീലങ്ങളെ മാറ്റിമറിച്ച സാഹചര്യത്തിൽ ലൈബ്രറിയിൽ ചെന്നൊരു പുസ്തകമെടുത്തു മനസ്സിരുത്തി വായിക്കാൻ സമയം കിട്ടുന്നില്ലെന്ന് പറയുന്നതിൽ അത്ഭുതപ്പെടേണ്ടതെയില്ല. അപ്പോഴും ഇന്റർനെറ്റിന്റെ സ്വാധീനം വായനയ്ക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കിയിട്ടുണ്ടെങ്കിലും എന്തും അടുത്ത് കിട്ടുമ്പോൾ മടിയന്മാരാകുന്ന നമ്മളിൽ ചിലർ വായനയിൽ നിന്നും പതുക്കെ ഉൾവലിഞ്ഞുവെന്നു മാത്രം, അപ്പോഴും ആലോചിക്കേണ്ടിയിരിക്കുന്നു ‘വിരൽതുമ്പിൽ കിട്ടുന്ന വിജ്ഞാനത്തേക്കാൾ ‘ എത്രയോ മടങ്ങു വലുതാണ്, ആനന്ദകരമാണ് നാം പുസ്തകങ്ങൾ പരതിയെടുത്തു അതിൻറെ ഇതളുകളിലൂടെയും വരികൾക്കിടയിലൂടെയും സഞ്ചരിക്കുമ്പോഴുണ്ടാവുക.

പൗലോ കൊയ്‌ലോ പറഞ്ഞതുപോലെ “വായന അനർഗ്ഗളമായൊഴുകുന്ന ഒരു നദി പോലെയാണ് “.

വായിക്കുന്തോറും അറിവും അനുഭവവും ആസ്വാദനശേഷിയും അന്വേഷണ ത്വരതയും വര്ധിക്കുന്നതോടൊപ്പം നമ്മുടെ കഴിവിനെ അഥവാ ഭാവന പരിപോഷിപ്പിക്കുന്നതിനുള്ള അവസരം കൂടി ലഭിക്കുന്നു.

സ്വയം മനസ്സിലാക്കുന്നതോടൊപ്പം മനസ്സിലാക്കിക്കൊടുക്കാനും വായന സഹായിക്കുന്ന സാഹചര്യത്തിൽ നാം പ്രധാനമായും ചെയ്യേണ്ടത് വളർന്നുവരുന്ന പുതുതലമുറയെ.

അതിലുൾപ്പെടുന്ന നമ്മുടെ വീട്ടിലെ കുട്ടികളെ പുസ്തകങ്ങളുമായി ചങ്ങാത്തം കൂടാനുള്ള അവസരമൊരുക്കികൊടുക്കുക എന്നതാണ്. പ്രത്യേകിച്ചും അവധിക്കാല കളികൾ മറന്ന കുട്ടികൾ കൃത്രിമമായ മൊബൈൽ ഗെയിമിലേക്കും അതുവഴി ആത്മഹത്യാ പ്രവണതയിലേക്ക് പോലും വഴിതിരിഞ്ഞ അവസരത്തിൽ പുസ്തകവായന അനിവാര്യമാണ്. കളിപ്പാട്ടത്തിനൊപ്പം ഒരു ചിത്രകഥ പുസ്തകം അവനു സമ്മാനിക്കൂ ,ചിത്രം നോക്കി അവൻ പിന്നീട് കഥ പറയാൻ ശ്രമിക്കും. അക്ഷരങ്ങൾ അറിയൂന്നതോടൊപ്പം അവനത് എഴുതാൻ ശ്രമിക്കും. പുസ്തകങ്ങളെ ബഹുമാനിക്കാൻ പഠിക്കും. ഇവിടെയെല്ലാം മുതിർന്നവർ അവനു വഴികാട്ടിയാവണമെന്നു മാത്രം.

വളരുന്ന സാങ്കേതിക വിദ്യ നമ്മുടെ വായനാശീലത്തെ മാറ്റിമറിക്കാൻ ഇടവരുത്താതെ പുസ്തകത്തിന്റെ മണവും ഒപ്പം ഇന്റർനെറ്റിന്റെ സഹായത്തോടെ പുതിയ അറിവുകളും കോർത്തിണക്കി നല്ലൊരു വായനക്കാരൻ, ഒപ്പം നല്ല അനുഭവങ്ങളുടെ ഉടമയാകാൻ ശ്രദ്ധിക്കുക. അത്തരത്തിൽ അനുഭവങ്ങളെ കടലാസിലേക്ക് പകർത്താൻ ശ്രമിക്കുക. ഇങ്ങനെയൊരാൾക്ക് മാത്രമേ കാണുന്നതിലെന്തും കൗതുകം തോന്നുകയുള്ളൂ.

ഈ വരികളിലൂടെ ഞാൻ ഒന്നുടെ തിരിഞ്ഞു നോക്കുമ്പോൾ നേരിയ ഭയപ്പാട് എന്നെയും വേട്ടയാടുകയാണ്. തിരക്കും മടിയും പ്രധാന വില്ലൻ മാരായി കടന്നു വന്നപ്പോൾ ഞാനും വായന മറക്കുന്നുവോ ???

ദിവ്യ ദിവാകർ

Facebook Comments