കാണാതായ റഷ്യന്‍ വിമാനം തകര്‍ന്നതായി സ്ഥിരീകരണം

സിറിയയിലേക്ക് പോയ റഷ്യന്‍ വിമാനം തകര്‍ന്നതായി സ്ഥിരീകരണം. വിമാനം തകര്‍ന്നതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയമാണ് അറിയിച്ചത്.

വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കരിങ്കടലില്‍ കണ്ടെത്തിയിട്ടുണ്ട്. കരിങ്കടല്‍ തിരത്തുള്ള സോചി നഗരത്തില്‍ നിന്ന് 1.5 കിലോമീറ്റര്‍ അകലെ കടലിനടിയില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

50 മുതല്‍ 70 മീറ്റര്‍ വരെ ആഴത്തിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. സോചിയില്‍ നിന്ന് പറന്നുയര്‍ന്ന ഉടനേയാണ് വിമാനത്തില്‍ നിന്നുള്ള റഡാര്‍ ബന്ധം നഷ്ടപ്പെട്ടത്. വിമാനത്തില്‍ നൂറോളം യാത്രക്കാരാണ് ഉള്ളതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നത്.

കള്ളപ്പണത്തെക്കുറിച്ച് വിവരം കൈമാറുന്നതിന് സര്‍ക്കാര്‍ പുറത്തുവിട്ട ഇ-മെയില്‍ വിലാസത്തില്‍ 72 മണിക്കൂറിനിടെ ലഭിച്ചത് 4,000ത്തോളം സന്ദേശങ്ങള്‍

കള്ളപ്പണത്തെക്കുറിച്ച് വിവരം കൈമാറുന്നതിന് സര്‍ക്കാര്‍ പുറത്തുവിട്ട ഇ-മെയില്‍ വിലാസത്തില്‍ 72 മണിക്കൂറിനിടെ ലഭിച്ചത് 4,000ത്തോളം സന്ദേശങ്ങള്‍.

blackmoneyinfo@incometax.gov.in എന്ന വിലാസത്തിലാണ് ഇത്രയും ഇ-മെയിലുകള്‍ ലഭിച്ചത്.

കള്ളപ്പണത്തെക്കുറിച്ചും അവ നിക്ഷേപിക്കുന്ന അക്കൗണ്ടുകളെക്കുറിച്ചും ദിനംപ്രതിയെന്നോണം നിരവധി വിവരങ്ങളാണ് സര്‍ക്കാരിന് ലഭിച്ചികൊണ്ടിരിക്കുന്നതെന്ന് ധനമന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

ധനമന്ത്രാലയത്തിന്റെ ഭാഗമായ ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് വഴിയാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്.

വിവരം ലഭിക്കുന്നമുറയ്ക്ക് ആദായ നികുതി വകുപ്പിന്റെയും എന്‍ഫോഴ്‌സ് മെന്റിന്റെയും നേതൃത്വത്തില്‍ രാജ്യത്തൊട്ടാകെ റെയ്ഡുകള്‍ നടത്തുന്നുണ്ട്. പുതിയതും പഴയതുമായ നോട്ടുകള്‍, കണക്കില്‍പ്പെടാത്ത സ്വര്‍ണം എന്നിവയാണ് പിടിച്ചെടുക്കുന്നവയിലേറെയും.

പോണ്‍ ആസ്വാദനം കൂടി; മാതാപിതാക്കള്‍ പരാതി നല്‍കി; ഹൈദരബാദ് പോലീസ് പൊക്കിയത് 47 പയ്യന്മാരെ

ഇന്റര്‍നെറ്റ് കഫേയിലിരുന്ന് പോണ്‍ ആസ്വദിച്ചതിന് ഹൈദരാബാദ് പോലീസ് പൊക്കിയത് 47 കുട്ടികളെ. പ്രായപൂര്‍ത്തിയായിട്ടില്ല എന്ന കാര്യത്തിനാണ് പിടികൂടിയ ഇവരെ പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും മുന്നിലൂടെ നടത്തിക്കൊണ്ടു പോയി പോലീസ് പുലിവാല്‍ പിടിക്കുകയും ചെയ്തു. മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്നായിരുന്നു പോലീസ് നഗരത്തിലെ കഫേകളില്‍ റെയ്ഡ് നടത്തിയത്. ഇന്റര്‍നെറ്റ് സെന്റര്‍ നടത്തിയിരുന്ന ആളും പിടിയിലായിട്ടുണ്ട്.

ചൊവ്വാഴ്ച രാത്രിയില്‍ ദക്ഷിണ സോണിലെ 17 പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ 92 ഇന്റര്‍നെറ്റ് കഫേകളിലായിരുന്നു പോലീസ് റെയ്ഡ് നടത്തിയത്. പിടികൂടപ്പെട്ടവര്‍ എല്ലാം തന്നെ 12 നും 16 നും ഇടയില്‍ പ്രായക്കാരാണ്. കുട്ടികളെ പോലീസുകാര്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രദര്‍ിെപ്പിക്കുകയും ചെയ്തു. പിന്നീട് മാതാപിതാക്കളുടെ സാന്നിദ്ധ്യത്തില്‍ കുഞ്ഞുങ്ങള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. ഇന്റര്‍നെറ്റ് സെന്റര്‍ ഉടമകള്‍ക്കെതിരേ ആറു മാസം മുതല്‍ രണ്ടു വര്‍ഷം വരെ തടവ് ലഭിക്കാന്‍ കഴിയുന്ന രീതിയിലുള്ള 37 കേസുകള്‍ എടുത്തിട്ടുണ്ട്.

കെ.എസ്.ആര്‍.ടി.സി മിനിമം ചാര്‍ജ് 7 രൂപയാക്കി

കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളിലെ മിനിമം ചാര്‍ജ് ആറില്‍നിന്ന് ഏഴ് രൂപയായി ഉയര്‍ത്തി. കെ.എസ്.ആര്‍.ടി.സി മുന്നോട്ടുവച്ച ആവശ്യം പരിഗണിച്ച മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്.

മിനിമം ചാര്‍ജ് വര്‍ധിപ്പിക്കുന്നത് പ്രതിസന്ധിയിലായ കെ.എസ്.ആര്‍.ടി.സിക്ക് അല്‍പ്പമെങ്കിലും ആശ്വാസം നല്‍കുമെന്നാണ് കരുതുന്നത്. പ്രതിദിനം 27 ലക്ഷംരൂപയും പ്രതിമാസം 6 കോടിരൂപയും ഇതുമൂലം അധിക വരുമാനം ലഭിക്കുമെന്ന് വിലയിരുത്തപ്പെടുത്തു.

ഇന്ധനവില കുറഞ്ഞതിനെത്തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് കെ.എസ്.ആര്‍.ടി.സി മിനിമം ചാര്‍ജ് ഏഴില്‍നിന്ന് ആറുരൂപയായി കുറച്ചത്. സ്വകാര്യ ബസുടമകളോടും നിരക്ക് കുറയ്ക്കാന്‍ അന്ന് സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ ചാര്‍ജ് കുറയ്ക്കാന്‍ അവര്‍ തയ്യാറായില്ല.

അതിനിടെ ഡീസല്‍ വിലവര്‍ധനയെ തുടര്‍ന്ന് മിനിമം ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യബസുടമകള്‍ തിങ്കളാഴ്ച ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. മിനിമം ചാര്‍ജ് ഏഴു രൂപയില്‍ നിന്ന് ഒമ്പത് രൂപയാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. എന്നാല്‍ ഇത് സര്‍ക്കാര്‍ അംഗീകരിക്കാന്‍ തയ്യാറായില്ല.

ചലച്ചിത്ര നടന്‍ ജഗന്നാഥ വര്‍മ്മ അന്തരിച്ചു

ചലച്ചിത്ര നടന്‍ ജഗന്നാഥ വര്‍മ്മ (78) അന്തരിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ രാവിലെ 8.30-നായിരുന്നു അന്ത്യം. ന്യൂമോണിയ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ഉച്ചയ്ക്ക് രണ്ട് മുതല്‍ മൃതദേഹം കലാഭവനില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും.

ആലപ്പുഴയിലെ ചേര്‍ത്തലയിലായിരുന്നു ജനനം. 1978-ല്‍ മാറ്റൊലി എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ജഗന്നാഥ വര്‍മ്മ മൂന്ന് പതിറ്റാണ്ടിലധികം മലയാളചലച്ചിത്രവേദിയിലെ സജീവ സാന്നിധ്യമായിരുന്നു. നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ലേലം, ആറാം തമ്പുരാന്‍, പത്രം, ന്യൂഡല്‍ഹി, സുഖമോ ദേവീ, ശ്രീകൃഷ്ണപരുന്ത്, നക്ഷത്രങ്ങളേ സാക്ഷി എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 2013-ല്‍ ഡോള്‍സ് എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.

കേരള പോലീസില്‍ എസ്.പിയായാണ് ജഗന്നാഥ വര്‍മ്മ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചത്.

ഫോര്‍ബ്‌സിന്റെ പ്രബലരുടെ പട്ടികയില്‍ നരേന്ദ്രമോഡിയും

പ്രധാനമന്ത്രി നരേന്ദ്രമോഡി ലോകത്തെ ഏറ്റവും പ്രബലനായ 10 നേതാക്കളില്‍ ഒരാള്‍. ഫോര്‍ബ്‌സ് നടത്തിയ സര്‍വേയിലാണ് നരേന്ദ്രമോഡി ഇടം പറ്റിയിരിക്കുന്നത്. ഒന്‍പതാം സ്ഥാനമാണ് മോഡിക്ക് ലഭിച്ചിരിക്കുന്നത്. ഒന്നാം സ്ഥാനം ഇത്തവണയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ തന്നെയാണ് ലഭിച്ചിരിക്കുന്നത്. ഇത് നാലാം തവണയാണ് പുടിന്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹനായിരിക്കുന്നത്.

പാംപോര്‍ ഭീകരാക്രമണം: മലയാളി സൈനികന് വീരമൃത്യു

ശ്രീനഗര്‍-ജമ്മു ദേശീയപാതയില്‍ പോംപോറില്‍ സൈനികോദ്യോഗസ്ഥരുടെ വാഹനവ്യൂഹത്തിനുനേരേയുള്ള ഇന്നലെയുണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചവരില്‍ മലയാളി സൈനികനും.

കണ്ണൂര്‍ മട്ടന്നൂര്‍ കൊടോളിപ്രം സ്വദേശി ചക്കാലക്കണ്ടി വീട്ടില്‍ സി.രതീഷാ (35)ണ് മരിച്ചത്.

ഡിസംബര്‍ ഒമ്പതിനാണ് രതീഷ് അവധിക്ക് ശേഷം കശ്മീരിലേക്ക് പോയത്. കോയമ്പത്തൂരിലേക്ക് സ്ഥലംമാറ്റം കിട്ടിയ അദ്ദേഹം തിരിച്ച് വരാനുള്ള ഒരുക്കത്തിലായിരുന്നു.

ratheeshകുറ്റിയാട്ടൂര്‍ സ്വദേശി ജ്യോതിയാണ് ഭാര്യ. കാശിനാഥന്‍ (എട്ടു മാസം) മകനാണ്. മൃതദേഹം നാളെ വൈകിട്ടോടെ വീട്ടിലെത്തിക്കും. പയ്യാടക്കല്‍ രാഘവന്‍ നമ്പ്യാര്‍-ഓമന ദമ്പതികളുടെ ഏകമകനാണ് രതീഷ്.

റാഞ്ചി സ്വദേശി ശശികാന്ത് പാണ്ഡെ, പൂണെ സ്വദേശി സൗരഭ് നന്ദകുമാര്‍ എന്നിവരാണ് വീരമൃത്യു മരിച്ച മറ്റു രണ്ട് സൈനികര്‍.

ഇന്നലെ ഉച്ചയോടെയാണ് പാംപോറിലെ കഡ്ലബല്‍ എന്ന സ്ഥലത്തെ ജനസാന്ദ്രതയേറിയ പ്രദേശത്തുവെച്ച് തീവ്രവാദികളുടെ ആക്രമണം നടന്നത്.

ദേശീയപാതയിലൂടെ കടന്നുപോകുകയായിരുന്ന വാഹനവ്യൂഹത്തിനു നേരേ ഭീകരര്‍ തുടര്‍ച്ചയായി വെടിവെക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

ആളുകള്‍ക്ക് അപകടം സംഭവിക്കാതിരിക്കാന്‍ സൈന്യം തിരിച്ചാക്രമിക്കാതെ പിന്‍വാങ്ങുകയായിരുന്നു. പ്രാഥമികാന്വേഷണത്തില്‍ ഭീകരര്‍ മോട്ടോര്‍ സൈക്കിളുകളില്‍ വന്നാണ് ആക്രമണം നടത്തിയതെന്ന് തെളിഞ്ഞിട്ടുണ്ട്.
ജമ്മുവില്‍നിന്ന് ശ്രീനഗറിലേക്ക് പോകുകയായിരുന്ന വാഹനവ്യൂഹത്തിനു നേര്‍ക്കാണ് ആക്രമണം നടന്നത്.

മിസ് പ്യൂട്ടോ റിക്കോ സ്‌റ്റെഫാനി ഡെല്‍ വല്ലേ ലോക സുന്ദരി

ഈ വര്‍ഷത്തെ ലോകസുന്ദരിപ്പട്ടം പ്യൂട്ടോ റീക്കോ സുന്ദരി സ്റ്റെഫാനി ഡെല്‍ വല്ലേയ്ക്ക്. മേരിലാന്‍ഡ് ഓക്സോണ്‍ ഹില്‍ എം ജി എം നാഷണല്‍ ഹാര്‍ബറില്‍ ഞായറാഴ്ച നടന്ന മത്സരത്തില്‍ 117 സുന്ദരികളെ പിന്തള്ളിയാണ് 19 കാരിയായ സ്റ്റെഫാനി കിരീടം സ്വന്തമാക്കിയത്. മത്സരത്തില്‍ മിസ് ഡോമനിക്കന്‍ റിപ്പബ്ലിക് രണ്ടാംസ്ഥാനവും മിസ് ഇന്‍ഡോനീഷ്യ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

മുന്‍ലോകസുന്ദരി മിരിയ ലാലഗുണയാണ് സെറ്റാഫിനിയെ കിരീടം അണിയിച്ചത്. ഇന്ത്യന്‍ സുന്ദരി പ്രിയദര്‍ശിനി ചാറ്റര്‍ജി മികച്ച 20 സുന്ദരികളുടെ പട്ടികയില്‍ ഇടംപിടിച്ചെങ്കിലും തുടര്‍ന്നുള്ള റൗണ്ടുകളില്‍ മുന്നേറാന്‍ സാധിച്ചില്ല

ഐ.എസ്.എല്‍ ഫൈനലിൽ ഐ.എം വിജയന് അവഗണന, ലഭിച്ചത് ജനറല്‍ ടിക്കറ്റ്

ഐ.എസ്.എല്‍ കലാശപ്പോരിന്റെ ആവേശത്തിനൊപ്പം വിവാദവും ചൂടുപിടിക്കുന്നു. ഫൈനല്‍ മത്സരം കാണാന്‍ ഇന്ത്യയുടെ ഫുട്‌ബോള്‍ പ്രതിഭ ഐ.എം വിജയന് ലഭിച്ചത് ജനറല്‍ ടിക്കറ്റ്. തന്നോടും മുന്‍താരങ്ങളോടും കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ കാണിച്ചത് കടുത്ത അവഗണയാണെന്നും കൊല്‍ക്കത്തയിലായിരുന്നെങ്കില്‍ ഇത്തരമൊരു അവഹേളനം നേരിടേണ്ടി വരില്ലായിരുന്നുവെന്നും ഐ.എം വിജയന്‍ പ്രതികരിച്ചു.

ടിക്കറ്റ് വാങ്ങാന്‍ എത്തിയപ്പോള്‍ തനിക്ക് നല്‍കിയത് ജനറല്‍ ടിക്കറ്റുകളായിരുന്നു. ഫുട്‌ബോളുമായി ഒരു ബന്ധവുമില്ലാത്തവര്‍ക്ക് വി.ഐ.പി ടിക്കറ്റ് നല്‍കുമ്പോള്‍ സാധാരണക്കാര്‍ക്ക് ടിക്കറ്റ് നല്‍കാത്തത് ദൗര്‍ഭാഗ്യകരമാണെന്നും ഐ.എം വിജയന്‍ പ്രതികരിച്ചു.

ഐ.എം വിജയന്‍ അനാവശ്യ വിവാദമുണ്ടാക്കുകയാണെന്നും തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഉത്തരവാദിത്തമില്ലെന്നും കെ.എഫ്.എ സെക്രട്ടറി അനില്‍ കുമാര്‍ വ്യക്തമാക്കി.

രാഷ്ട്രീയപ്പാര്‍ട്ടിഫണ്ടിന് പ്രത്യേക ഇളവില്ലെന്ന് സര്‍ക്കാര്‍

നോട്ട് അസാധുവാക്കലിനുശേഷം രാഷ്ട്രീയപ്പാര്‍ട്ടി ഫണ്ടുകള്‍ക്ക് ആദായനികുതിവകുപ്പ് പ്രത്യേക ഇളവൊന്നും നല്‍കിയിട്ടില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഏതുനിലയ്ക്കും അവ സൂക്ഷ്മമായി പരിശോധിക്കാന്‍ ആദായനികുതിവകുപ്പ് നിയമത്തില്‍ വകുപ്പുകളുമുണ്ട്.

1961-ലെ ആദായനികുതിനിയമത്തിലെ 13 എ വകുപ്പനുസരിച്ച് നിലവിലുള്ള ഇളവ് രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ലഭിക്കും. റവന്യൂ സെക്രട്ടറി ഹസ്മുഖ് അദിയ കഴിഞ്ഞദിവസം ഈ വകുപ്പിന്റെ കാര്യം ആവര്‍ത്തിച്ചിരുന്നു. വാടക, മറ്റുമാര്‍ഗങ്ങളില്‍നിന്നുള്ള വരുമാനം, വ്യക്തികള്‍ സ്വന്തംനിലയ്ക്ക് നല്‍കുന്ന സംഭാവനകള്‍ തുടങ്ങിയവയ്ക്ക് ഈ വകുപ്പനുസരിച്ച് നികുതിയിളവ് ലഭിക്കും.

1951-ലെ ജനപ്രാതിനിധ്യനിയമവും പാര്‍ട്ടികള്‍ക്ക് ഇക്കാര്യത്തില്‍ സംരക്ഷണം നല്‍കുന്നുണ്ട്. 20,000 രൂപയില്‍ കുറഞ്ഞ സംഭാവന നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മിഷന് നല്‍കേണ്ടതില്ല. രജിസ്റ്റര്‍ചെയ്ത രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കാണ് ഈ ഇളവുകള്‍ ബാധകം.