കൊട്ടിയൂർ ക്ഷേത്രം; ഐതിഹ്യം, വൈശാഖ മഹോത്സവം

ഓം നമഃശിവായ …

കണ്ണൂർ ജില്ലയുടെ കിഴക്ക് ,വയനാട് ജില്ലയോട് ചേർന്നാണ് കൊട്ടിയൂർ . ‘ദക്ഷിണ കാശി ‘എന്ന പേരിലും അറിയപ്പെടുന്ന പ്രസിദ്ധമായ ‘കൊട്ടിയൂർ ക്ഷേത്രം ‘ഇവിടെയാണ് സ്ഥിതി ചെയ്യുന്നത് .ഇക്കരെ കൊട്ടിയൂർ ക്ഷേത്രവും അക്കരെ കൊട്ടിയൂർ ക്ഷേത്രവുമുണ്ട് .

വളപട്ടണം പുഴയുടെ കൈവഴിയായ ബാവലിപ്പുഴ കൊട്ടിയൂരിനെ രണ്ടായി മുറിക്കുന്നു .പുഴയുടെ തെക്കു ഭാഗത്താണ് ഇക്കരെ കൊട്ടിയൂർ ക്ഷേത്രം .ഇവിടെ സ്ഥിരം ക്ഷേത്രമുണ്ട് .വടക്കു ഭാഗത്താണ് അക്കരെ കൊട്ടിയൂർ ക്ഷേത്രം .വൈശാഖ മഹോത്സവം നടക്കുന്ന അക്കരെ കൊട്ടിയൂരിൽ ഉത്സവ കാലത്തേക്ക് മാത്രമായി ക്ഷേത്രം കെട്ടിയുണ്ടാക്കും .

അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ ശിവലിംഗം സ്വയംഭൂ ആണെന്ന് വിശ്വസിക്കുന്നു .പാൽ ,നെയ്യ് ,കരിക്ക് എന്നിവ കൊണ്ടാണ് അഭിഷേകം നടത്തുക .ഇവിടെ തടാകത്തിന്റെ നടുവിലായുള്ള മണിത്തറയിൽ ശിവലിംഗവും മറ്റൊരു തറയായ അമ്മാറക്കല്ലിൽ ശ്രീ പാർവതിയെയും ആരാധിച്ചു പോരുന്നു .
അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ ഇടവത്തിലെ ചോതി നക്ഷത്രം തൊട്ട് മിഥുനത്തിലെ ചിത്തിര നക്ഷത്രം വരെയുള്ള 27 നാളുകളിൽ വൈശാഖ മഹോത്സവം നടക്കുന്നു .ഉത്സവകാലത്തു ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ പൂജകൾ ഉണ്ടാവില്ല .

കേരളത്തിൽ നിന്നുമാത്രമല്ല അന്യസംസ്ഥാനങ്ങളിൽ നിന്നുപോലും നിരവധി ഭക്തജനങ്ങൾ അനുഗ്രഹപുണ്യത്തിനായി എത്തിച്ചേരുന്നു എന്നതും മറ്റൊരു പ്രത്യേകതയാണ് .

കൊട്ടിയൂർ ക്ഷേത്രം; ഐതിഹ്യം

പുരാണങ്ങളിൽ ദക്ഷയാഗം നടന്നു എന്ന് കരുതപ്പെടുന്ന സ്ഥലമാണ് കൊട്ടിയൂർ . ദക്ഷൻ തന്റെ യാഗശാലയിലേക്ക് എല്ലാവരെയും ക്ഷണിച്ചപ്പോൾ മകളായ പാർവതി ദേവിയെയും പ്രിയതമൻ പരമശിവനെയും മനഃപൂർവ്വം അവഗണിച്ചു. യാഗത്തിൽ പങ്കെടുക്കാനുള്ള അതിയായ ആഗ്രഹത്താൽ മനസ്സില്ലാമനസ്സോടെയുള്ള ഭർത്താവിന്റെ സമ്മതം വാങ്ങി ദേവി യാഗസ്ഥലത് എത്തി .അവിടെവെച്ചു തന്നെയും തന്റെ ഭർത്താവിനെയും ആക്ഷേപിച്ചപ്പോൾ ദുഃഖിതയായ സതി ദേവി യാഗാഗ്നിയിൽ ചാടി ജീവനൊടുക്കി. കോപാകുലനായ പരമശിവൻ വീരഭദ്രനെ സൃഷ്ടിക്കുകയും യാഗശാലയിലേക്കയച്ചു ദക്ഷന്റെ തലയറുക്കുകയും ചെയ്തു .യാഗം മുടങ്ങിയാലുള്ള ഭവിഷത് അറിഞ്ഞ ത്രിലോകങ്ങൾ പരമശിവനോട് അപേക്ഷിച്ച പ്രകാരം അദ്ദേഹം ഒരു ആടിന്റെ തലയറുത്തു ദക്ഷന്റെ ശിരസ്സിന്റെ സ്ഥാനത് വെച്ച് യാഗം പൂർത്തിയാക്കി എന്നാണ് വിശ്വാസം .

വൈശാഖ മഹോത്സവത്തിന് എത്തുന്ന തീർത്ഥാടകർക്ക് പ്രസാദമായി ലഭിക്കുന്നത് താടിയുടെ രൂപത്തിലുള്ള ഓടപ്പൂവാണ് .ദക്ഷന്റെ യാഗം മുടക്കാൻ വന്ന അസുരന്മാർ മഹര്ഷിമാരുടെ താടി പറിച്ചതിന്റെ ഓർമ്മയ്ക്കായി സർവ്വോപരി ഐശ്വര്യത്തിന്റെ പ്രതീകമായി ഈ ഓടപ്പൂ പ്രസാദത്തെ ഭക്തർ വീടുകളിലും വാഹനങ്ങളിലും തൂക്കിയിടുന്നു .

വൈശാഖ മഹോത്സവം 2018; പ്രധാന ചടങ്ങുകൾ

  • 22 മെയ് 2018, ചൊവ്വ –നീരെഴുന്നള്ളത്
  • 27 മെയ് 2018, ഞായർ –നെയ്യാട്ടം
  • 28 മെയ് 2018, തിങ്കൾ – ഭണ്ഡാരം എഴുന്നള്ളത്
  • 4 ജൂൺ 2018, തിങ്കൾ – തിരുവോണം ആരാധന
  • 5 ജൂൺ 2018, ചൊവ്വ – ഇളനീർ വെയ്പ്
  • 6 ജൂൺ 2018, ബുധൻ – അഷ്ടമി ആരാധന ,ഇളനീരാട്ടം
  • 9 ജൂൺ 2018, ശനി – രേവതി ആരാധന
  • 13 ജൂൺ 2018, ബുധൻ – രോഹിണി ആരാധന
  • 15 ജൂൺ 2018, വെള്ളി – തിരുവാതിര ചതുശ്ശതം
  • 16 ജൂൺ 2018 , ശനി – പുണർതം ചതുശ്ശതം
  • 17 ജൂൺ 2018, ഞായർ – ആയില്യം ചതുശ്ശതം
  • 18 ജൂൺ 2018, തിങ്കൾ – മകം കലം വരവ്
  • 21 ജൂൺ 2018, വ്യാഴം – അത്തം ചതുശ്ശതം ,വാളാട്ടം ,കലശപൂജ
  • 22 ജൂൺ 2018, വെള്ളി – തൃക്കലശാട്ട്

കൊട്ടിയൂരിലെ പ്രധാന ചടങ്ങുകളിലൊന്നായ നീരെഴുന്നള്ളത് നടക്കുന്നത് മകം നാളിലാണ് .ചോതിനാളിൽ വാളെഴുന്നള്ളത് നടക്കുന്നു .നായർ സമുദായത്തിലെ സ്ഥാനികർ വൃതാനുഷ്ടാനങ്ങളോടെ നെയ്യമൃത് എത്തിച്ചതിനു ശേഷം നെയ്യാട്ടം എന്ന പ്രസിദ്ധമായ ചടങ്ങ് നടക്കുന്നു .വിശാഖം നാളിലാണ് ഭണ്ഡാരം എഴുന്നള്ളിപ്പ് .കരിമ്പന ഗോപുരത്തിൽ നിന്നും ഭണ്ഡാരവും സ്വർണ്ണ വെള്ളി പാത്രങ്ങളും ചപ്പാരം ക്ഷേത്രത്തിൽ നിന്നും വാളുകളും അന്ന് എഴുന്നള്ളിക്കുന്നു .അതിനു ശേഷമുള്ള ദിവസങ്ങളിൽ ശ്രീഭൂതബലി പോലുള്ള വിശേഷ ചടങ്ങുകൾ നടക്കും .

തിരുവോണം നാൾ മുതൽ രോഹിണി നാൾ വരെയാണ് വൈശാഖ മഹോത്സവത്തിന്റെ നാലാം ഘട്ട ചടങ്ങുകൾ നടക്കുന്നത് . തിരുവോണം ആരാധന നാളിൽ ശ്രീകോവിൽ നിർമ്മാണം നടക്കുന്നു. മറ്റൊരു വിശേഷ ചടങ്ങായ ഇളനീർവയ്പ് സപ്തമി നാളിൽ നടക്കുന്നു .വ്രതനിഷ്ഠയോടെ ഇളനീർ കാവുകൾ ചുമന്ന് ഭക്തർ പെരുമാളിനു സമർപ്പിക്കുന്നു. രേവതി ആരാധന നാളിൽ ആരാധനയൂട്ട് ,പൊന്നിൻശീവേലി ,പാലമൃതഭിഷേകം തുടങ്ങിയ വിശേഷ ചടങ്ങുകളും നടക്കുന്നു . തുടർന്ന് രോഹിണി ആരാധനാ നാളിൽ ആലിംഗന പുഷ്പാഞ്ജലി നടക്കുന്നു .കോപിഷ്ഠനായ പരമശിവനെ മഹാവിഷ്ണു ആലിംഗനം ചെയ്തു സമാധാനിപ്പിച്ചു എന്നതാണ് ഈ ചടങ്ങിന്റെ ഐതിഹ്യം. തുടർന്നു വരുന്ന നാളുകളായ മകീര്യം മുതൽ ആയില്യം വരെയാണ് ഉത്സവത്തിന്റെ അഞ്ചാം ഘട്ടം. അഞ്ചു പായസനിവേദ്യങ്ങൾ അന്നേ ദിവസങ്ങളിൽ ഉണ്ടായിരിക്കുന്നതാണ്.

വൈശാഖ മഹോത്സവത്തിന്റെ ആറാം ഘട്ടമായ മകം, പൂരം, ഉത്രം, അത്തം നാളുകൾ ഏറെ പ്രധാനപ്പെട്ടതാണ്. ഈ ഘട്ടത്തിന്റെ ആദ്യ ദിവസമായ മകം നാളിൽ ശീവേലിക്ക് ശേഷം ആനകളെ ഇടത്തോട് വഴി ബാവലിപ്പുഴ കടത്തുന്നു. പിന്നീട് ആനശീവേലി അക്കരെ കൊട്ടിയൂർ സന്നിധാനത്തിൽ ഉണ്ടായിരിക്കുന്നതല്ല .മാത്രമല്ല ഇന്നേ ദിവസം വരെ മാത്രമാണ് സ്ത്രീ ഭക്തജനങ്ങൾക്ക് ഇവിടെയെത്തി തൊഴാനുള്ള അവസരം ഉണ്ടാവുക. പിന്നീടുള്ള ദിവസങ്ങളിൽ വിശിഷ്ട വാദ്യങ്ങളും ഒഴിവാക്കുന്നു.

മകം കലം വരവ് പ്രധാന ചടങ്ങുകളിലൊന്നാണ്. തുടർന്നുള്ള രണ്ടുദിവസങ്ങളിൽ കലപൂജ ഉണ്ടായിരിക്കുന്നതാണ്. ഇതിനാവശ്യമായ കലങ്ങൾ അക്കരെ സന്നിധാനത്തെത്തിക്കുന്ന ചടങ്ങാണ് കലം വരവ്. ആനയില്ലാത്ത അത്തം നാളിലെ അവസാന ശീവേലിയിൽ വാളാട്ടം എന്ന ചടങ്ങു നടക്കുന്നു. ഇതോടെ മനുഷ്യ പൂജ കഴിഞ്ഞു എന്നും പിന്നീട് അദൃശ്യശക്തി കളുടെ പൂജയാണ് പെരുമാൾ ഏറ്റുവാങ്ങുക എന്നാണ് വിശ്വാസം. വൈശാഖ മഹോത്സവത്തിന്റെ അവസാനനാൾ തൃക്കലശാട്ട് നടക്കുന്നതോടെ താത്കാലിക ശ്രീകോവിൽ തിരുവച്ചിറയിൽ സമർപ്പിക്കുന്നു.

പാപമുക്തി നേടിയ മനസ്സും ശരീരവും ഹരിനാമജപവുമായി ഭക്തർ സന്നിധാനമൊഴിയുന്നു. അടുത്ത ഉത്സവത്തിന് സാക്ഷിയാകാൻ ഇടവരുത്തേണമേ എന്ന പ്രാർത്ഥനയോടെ …..
ഹരിഗോവിന്ദാ …….

– ദിവ്യ ദിവാകർ

Facebook Comments