ഫെയ്‌സ്ബുക്ക് ഇന്ത്യന്‍ കമ്പനിയെ ഏറ്റെടുക്കുന്നു

ലോകത്തെ പ്രമുഖ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഫെയ്‌സ്ബുക്ക് ആദ്യമായി ഒരു ഇന്ത്യന്‍ കമ്പനിയെ ഏറ്റെടുക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ബാംഗ്ലൂര്‍ കേന്ദ്രമായി അടുത്തയിടെ സ്ഥാപിതമായ ‘ലിറ്റില്‍ ഐ ലാബ്‌സി’നെ ( Little Eye Labs ) സ്വന്തമാക്കാനാണ് ഫെയ്‌സ്ബുക്ക് നീക്കമെന്ന്, ബിസിനസ് സ്റ്റാന്‍ഡേര്‍ഡിന്റെ റിപ്പോര്‍ട്ട് പറയുന്നു.

ബാഗ്ലൂര്‍ കമ്പനിയുമായുള്ള ഫെയ്‌സ്ബുക്കിന്റെ ചര്‍ച്ച പുരോഗമിക്കുകയാണെന്നും, ഏതാനും ആഴ്ച്ചകള്‍ക്കകം തീരുമാനം പ്രഖ്യാപിച്ചേക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ , ഇരുകമ്പനികളും ഇതുസംബന്ധിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

facebook1

ഇന്ത്യയില്‍നിന്ന് ഫെയ്‌സ്ബുക്ക് നടത്തുന്ന ആദ്യ ഏറ്റെടുക്കലാകും ഇത്. അതുപോലെ തന്നെ, ‘എം ആന്‍ഡ് എ കണക്ട് പ്രോഗ്രാം’ വഴി ‘ഇന്ത്യന്‍ സോഫ്റ്റ്‌വേര്‍ പ്രോഡക്ട്‌സ് ഇന്‍ഡസ്ട്രി റൗണ്ട്‌ടേബിളി’ ( iSpirt) ന്റെ കാര്‍മികത്വത്തില്‍ നടക്കുന്ന ആദ്യ വില്‍പ്പനയും ഇതായിരിക്കും.

താത്പര്യമുള്ള ഇന്ത്യന്‍ ഐടി കമ്പനികളെ വിദേശത്തുള്ളവര്‍ക്ക് ഏറ്റെടുക്കാന്‍ സൗകര്യം ചെയ്തുകൊടുക്കാനായി രൂപപ്പെട്ട സംവിധാനമാണ് iSpirt.

മൊബൈല്‍ ആപ്പുകള്‍ ഡെവലപ്പ് ചെയ്യുന്നവര്‍ക്കും, പരിശോധകര്‍ക്കും ആവശ്യമായ മൊബൈല്‍ ആപ്പ് വിശകലന സോഫ്റ്റ്‌വേറുകള്‍ രൂപപ്പെടുന്ന കമ്പനിയാണ് ലിറ്റില്‍ ഐ ലാബ്‌സ്.

ആപ്പിള്‍ കമ്പനിയില്‍ മുമ്പ് പ്രവര്‍ത്തിച്ചിട്ടുള്ള ഗിരിധര്‍ മൂര്‍ത്തി, ഐബിഎമ്മിലും എച്ച്പിയിലും പ്രവര്‍ത്തിച്ചിട്ടുള്ള കുമാര്‍ രംഗരാജന്‍ , കാന്‍പൂര്‍ ഐഐടിയിലെ മുന്‍ വിദ്യാര്‍ഥി സത്യം കന്‍ഡുല, ഐബിഎമ്മിലും യാഹൂവിലും പ്രവര്‍ത്തിച്ചിട്ടുള്ള ലക്ഷ്മണ്‍ കക്കിരാല എന്നിവര്‍ ചേര്‍ന്ന് 2012 മെയില്‍ ബാഗ്ലൂര്‍ കേന്ദ്രമായി തുടങ്ങിയ കമ്പനിയാണ് ലിറ്റില്‍ ഐ ലാബ്‌സ്. കുമാര്‍ രംഗരാജനാണ് കമ്പനിയുടെ ഇപ്പോഴത്തെ സിഇഒ.

Facebook Comments