കേരളയാത്ര പിണറായി നയിക്കും

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ ആരുനയിക്കുമെന്നതിനു വ്യക്‌തമായ സന്ദേശം നല്‍കി സി.പി.എം. സംസ്‌ഥാന നേതൃത്വം. ഇതിന്റെ സൂചനയെന്നോണം തെരഞ്ഞെടുപ്പിനു മുന്നോടിയായി സി.പി.എം. സംഘടിപ്പിക്കുന്ന സംസ്‌ഥാന ജാഥയുടെ ക്യാപ്‌റ്റനായി പോളിറ്റ്‌ ബ്യൂറോ അംഗം പിണറായി വിജയനെ നിശ്‌ചയിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്‌ഥാന സെക്രട്ടേറിയറ്റിന്റേതാണു തീരുമാനം. ജനുവരി 15 മുതല്‍ ഫെബ്രുവരി 15 വരെ കാസര്‍ഗോട്ടുനിന്നു തിരുവനന്തപുരത്തേക്കാണു ജാഥ. സംസ്‌ഥാന സെക്രട്ടറിമാരാണ്‌ സാധാരണ സി.പി.എം. സംസ്‌ഥാനജാഥകള്‍ നയിക്കാറുള്ളത്‌.

പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ കേരളമാര്‍ച്ചും നവകേരളമാര്‍ച്ചും പിണറായിയാണു നയിച്ചത്‌. ഈ കീഴ്‌വഴക്കത്തില്‍നിന്നുമാറി പിണറായിയെ ക്യാപ്‌റ്റനാക്കാനുള്ള നിര്‍ദേശം സംസ്‌ഥാന സെക്രട്ടേറിയറ്റില്‍ വച്ചത്‌ സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനായിരുന്നു. കേന്ദ്ര നേതൃത്വത്തിന്റെ അറിവോടുകൂടിത്തന്നെയാണ്‌ തീരുമാനം.

Facebook Comments