ഭൂമിയുടെ അകക്കാമ്പിലെ താപനില 6000 ഡിഗ്രിയെന്ന് പുതിയ കണ്ടെത്തൽ

ഭൂമിയുടെ അകക്കാംബിലെ താപ നില മുൻകാലപരീക്ഷണങ്ങളിൽ കണ്ടെതിയതിനേക്കാൾ 1000 ഡിഗ്രി കൂടുതലെന്ന് പുതിയ പഠനം. പുതിയ വിവരങ്ങള്‍ പ്രകാരം, ഭൂമിയുടെ അകക്കാമ്പിന്റെ താപനില 6000 ഡിഗ്രിയാണ്. സൗരപ്രതലത്തിന്റെ താപനിലയ്ക്ക് തുല്യമാണിത്.

earth_s_internal_structure

ഭൂമിയുടെ അകക്കാമ്പില്‍ ഒരുഭാഗം ഇരുമ്പ് പരലുകളാണ്. എത്ര ഉയര്‍ന്ന താപനിലയില്‍ ഇരുമ്പ് പരലുകള്‍ രൂപപ്പെടുമെന്ന അന്വേഷണമാണ്, പുതിയ നിഗമനത്തിലേക്ക് ഗവേഷകരെ എത്തിച്ചത്.

അസാധാരണ സമ്മര്‍ദമുള്ള സാഹചര്യത്തില്‍ എങ്ങനെ ഇരുമ്പ് പരലുകള്‍ രൂപപ്പെടുന്നുവെന്നും, ഉരുകുന്നുവെന്നും മനസിലാക്കാന്‍ എക്‌സ്‌റേയുടെ സഹായമാണ് ഗവേഷകര്‍ തേടിയതെന്ന്, പുതിയ ലക്കം ‘സയന്‍സ്’ ജേര്‍ണലില്‍ പ്രിസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.

ഭൂകമ്പവേളയിലുണ്ടാകുന്ന ഭൂകമ്പ തരംഗങ്ങള്‍ ഭൂഗോളമാകെ സഞ്ചരിക്കുന്നതിനാല്‍, ഭൗമപാളികളുടെ കനം, സാന്ദ്രത തുടങ്ങിയ സംഗതികളെക്കുറിച്ച് ഒട്ടേറെ വിലപ്പെട്ട വിവരങ്ങള്‍ അത് നല്‍കാറുണ്ട്. എന്നാല്‍, ഭൂമിക്കുള്ളിലെ താപനിലയെക്കുറിച്ച് ഒരു സൂചനയും ഭൂകമ്പ തരംഗങ്ങള്‍ നല്‍കുന്നില്ല.

ഇക്കാര്യത്തില്‍ കമ്പ്യൂട്ടര്‍ മാതൃകാപഠനങ്ങളോ, പരീക്ഷണശാലയില്‍ നടത്തുന്ന മാതൃകാപഠനങ്ങളോ മാത്രമാണ് ആശ്രയം.

ഇരുമ്പിന്റെ ഉരുകലുമായി ബന്ധപ്പെട്ട് ഭൂമിയുടെ അകക്കാമ്പിലെ താപനിലയെപ്പറ്റി 1990 കളില്‍ ചില പഠനങ്ങള്‍ നടന്നിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ 5000 ഡിഗ്രിയാണ് അകക്കാമ്പിന്റെ താപനിലയെന്ന നിഗമനത്തില്‍ ഗവേഷകര്‍ എത്തിയിരുന്നു.

ആ ദിശയില്‍ നടന്ന പഠനമാണ് 6000 ഡിഗ്രിയെന്ന പുതിയ നിഗമനത്തില്‍ എത്താന്‍ ഇപ്പോള്‍ ഗവേഷകരെ പ്രേരിപ്പിച്ചത്. ഫ്രഞ്ച് ഗവേഷണ ഏജന്‍സിയായ സി.ഇ.എ.യിലെ ആഗ്‌നസ് ഡിവേലിയാണ് പുതിയ പഠനം ഏകോപിപ്പിച്ചത്.

Facebook Comments