ശാശ്വതീകാനന്ദയുടെ മരണത്തില്‍ തുടരന്വേഷണം നടത്തുമെന്ന് സര്‍ക്കാര്‍

സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ തുടരന്വേഷണം നടത്തുമെന്ന് സര്‍ക്കാര്‍. പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടായ സാഹചര്യത്തിലാണ് തുടരന്വേഷണം നടത്താന്‍ ആഭ്യന്തരവകുപ്പ് തീരുമാനിച്ചത്. ശാശ്വതീകാനന്ദയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും കേസില്‍ തുടരന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി സമര്‍പ്പിച്ചിരുന്നു. ക്രൈംബ്രാഞ്ച് എസ്.പി പി.കെ മധുവിനാണ് കേസിന്റെ അന്വേഷണച്ചുമതല. സ്വാമി ശാശ്വതീകാനന്ദ മുങ്ങിമരച്ചതാണെന്നായിരുന്നു നേരത്തേ കണ്ടത്തെിയത്. എന്നാല്‍ നീന്തലറിയാവുന്ന സ്വാമി എങ്ങനെയാണ് മുങ്ങിമരിച്ചതെന്ന കോടതിയുടെ സംശയം അന്വേഷണത്തിന് പ്രേരകമായിയെന്നും ചെന്നിത്തല പറഞ്ഞു.

ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് പല കോണുകളില്‍ നിന്നും ആവശ്യം ഉയര്‍ന്നിരുന്നു. സഹോദരി ശാന്തകുമാരിയും അന്വേഷണം വേണമെന്നാവശ്യപ്പെട്ട് തനിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. പുതിയ തെളിവുണ്ടെന്ന് ബോധ്യപ്പെട്ടതിനാലാണ് തുടരന്വേഷണം പ്രഖ്യാപിക്കുന്നതെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായെന്നും പറഞ്ഞെങ്കിലും അതെന്താണെന്ന് വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. ശാശ്വതികാനന്ദസ്വാമിയുടെ മരണം കൊലപാതകമെന്ന് പറഞ്ഞ് നേരത്തെ ശ്രീനാരായണ ധര്‍മവേദി നേതാവ് ഡോ. ബിജു രമേശ് രംഗത്തെത്തിയിരുന്നു.

Facebook Comments