കനത്ത മഴ: തമിഴ്‌നാട്ടില്‍ റെയില്‍, വ്യോമഗതാഗതം നിര്‍ത്തിവെച്ചു, ദേശീയപാതകള്‍ അടച്ചിട്ടു

കനത്ത മഴ: തമിഴ്‌നാട്ടില്‍ റെയില്‍, വ്യോമഗതാഗതം നിര്‍ത്തിവെച്ചു, ദേശീയപാതകള്‍ അടച്ചിട്ടു. റണ്‍വേയില്‍ വരെ വെള്ളം കയറിയതോടെ ചെന്നൈ വിമാനത്താവളത്തില്‍നിന്നുള്ള വിമാന സര്‍വിസുകള്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചു. രാത്രി 10 വരെ ഒമ്പത് സര്‍വിസുകള്‍ റദ്ദുചെയ്തിരുന്നു. റെയില്‍വേ ട്രാക്കുകളും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് 13 ട്രെയിനുകള്‍ റദ്ദാക്കി. നഗരത്തില്‍ 50 കരസേനാംഗങ്ങളെ രക്ഷാപ്രവര്‍ത്തനത്തിന് വിന്യസിച്ചിട്ടുണ്ട്.

നാവികസേനയും ദേശീയ ദുരന്തനിവാരണ സേനയും രംഗത്തുണ്ട്. വരുംദിവസങ്ങളില്‍ കൂടുതല്‍ സേനാംഗങ്ങള്‍ തമിഴ്‌നാട്ടിലെത്തും. ചെന്നൈയുടെ വിവിധ ഭാഗങ്ങളിലെ റോഡുകള്‍ വെള്ളത്തിനടിയിലാണ്. ചെന്നൈ ബംഗളുരു, ചെന്നൈ തിരുച്ചിറപ്പള്ളി ദേശീയ പാതകള്‍ അടച്ചിട്ടിരിക്കുകയാണ്. നിരവധി വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. ചെന്നൈ മൃഗശാലയിലും വെള്ളം കയറി.

കനത്ത മഴയെത്തുടര്‍ന്ന് നവംബര്‍ 16 മുതല്‍ സ്‌കൂളുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. പരീക്ഷകള്‍ നീട്ടിവെക്കുകയും ചെയ്തു.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദമാണ് മഴയ്ക്ക് കാരണം. അടുത്ത നാലുദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. ചെന്നൈയിലെ പ്രധാന നാലു ജലസംഭരണികളായ ചെമ്പരമ്പാക്കം, പൂണ്ടി, റെഡ്ഹില്‍സ്, ചോഴാവരം എന്നിവ നിറഞ്ഞുകഴിഞ്ഞു. ഇവയില്‍ നിന്ന് വെള്ളം പുറത്തേക്കൊഴുക്കുന്നതിനാല്‍ കൈവഴികളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.
chennai rain

Facebook Comments