‘ഡാഡീസ്‌റോഡ്’ വാഹനം സുരക്ഷിതമാക്കാനൊരു മൊബൈല്‍ ആപ്പ്

കല്ല്യാണങ്ങള്‍ക്കോ ഷോപ്പിംഗിനോ പോയി കാറോ ബൈക്കോ പാര്‍ക്ക് ചെയ്ത് കുടുങ്ങാത്തവര്‍ ചുരുക്കം. പാര്‍ക്ക് ചെയ്ത് മിനുട്ടുകള്‍ക്കുള്ളില്‍ നമ്മുടെ വാഹനം മുന്നോട്ടോ പിറകോട്ടോ അനക്കാന്‍ കഴിയാത്ത അവസ്ഥ. ചുറ്റിലുമുള്ള വാഹനങ്ങളുടെ ഉടമകളെ കണ്ടെത്താനുള്ള പെടാപ്പാടാണ് പിന്നെ. നിങ്ങള്‍ക്ക് പാരയായ വാഹനത്തിന്റെ നമ്പര്‍ ഡാഡീസ്‌ റോഡ് ആപ്പില്‍ ടൈപ്പ് ചെയ്താല്‍ ഉടമസ്ഥന് നോട്ടിഫിക്കേഷന്‍ ലഭിക്കും. ഓണ്‍ലൈനില്‍ അല്ലെങ്കില്‍ സന്ദേശം ടെക്‌സ്റ്റ് മെസേജ് ആയും എത്തും. ആര്‍ക്കും ഈ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാനാകും.

അപകടമുണ്ടാകുന്ന സാഹചര്യങ്ങളിലാണ് ഡാഡീസ് റോഡ് ഏറ്റവും ഉപകാരി. പരിചയമില്ലാത്ത സ്ഥലത്ത് അപകടമുണ്ടായെന്നിരിക്കട്ടെ. ചുറ്റും കൂടിയിരിക്കുന്നവര്‍ക്ക് ആരെയാണ് വിവരം അറിയിക്കേണ്ടതെന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടാകും. മൊബൈല്‍ ആപ്പ് എടുത്ത് അപകടത്തില്‍പ്പെട്ട വാഹനത്തിന്റെ നമ്പര്‍ രേഖപ്പെടുത്തിയാല്‍ മതി. ആപ്പില്‍ സ്റ്റോര്‍ ചെയ്ത നിങ്ങളുടെ സുഹൃത്തുക്കളുടേയോ അടുത്ത ബന്ധുക്കള്‍ക്കോ സന്ദേശമെത്തും.

ഡാഡീസ്‌റോഡ് ആപ്പില്‍ ലൈസന്‍സും ആര്‍ സി ബുക്കും മറ്റ് രേഖകളും സ്റ്റോര്‍ ചെയ്ത് വെക്കാനാകും. ഇനി മറവി ഉള്ളവരാണെങ്കില്‍ ഇന്‍ഷുറന്‍സ്, പൊല്യൂഷന്‍, വാഹനസര്‍വ്വീസ് തിയ്യതികള്‍ രേഖപ്പെടുത്തിയാല്‍ സമയമടുക്കുമ്പോള്‍ ആപ്ലിക്കേഷന്‍ നിങ്ങളെ ഓര്‍മ്മിപ്പിക്കും. വാഹനങ്ങളില്‍ ക്യു ആര്‍ കോഡ് പതിപ്പിച്ചിട്ടുണ്ടെങ്കില്‍ അതുപയോഗിച്ച് വാഹന ഉടമയെ കണ്ടെത്താനുള്ള സൗകര്യവും ഡാഡീസ് ആപ്പിലുണ്ട്.

ഡാഡീസ്‌ റോഡ്

മൂന്ന് വര്‍ഷം മുമ്പാണ്. ജിജു ജോര്‍ജിന്റെ അടുത്ത സുഹൃത്ത് മൈസൂരില്‍ കാറപകടത്തില്‍പ്പെട്ട് ബോധം പോയി നടുറോഡില്‍ കിടക്കുന്നു. ചുറ്റിലും ആളുകൂടി. അപകടത്തില്‍പ്പെട്ടത് ആരെന്നോ ആരെയാണ് വിളിക്കേണ്ടതെന്നോ ഒന്നും അറിയില്ല. മൂന്നു നാലു മണിക്കൂര്‍ സുഹൃത്ത് റോഡില്‍ തന്നെ കിടന്നു. അങ്ങനെയാണ് ഇത്തരത്തിലൊരു ആപ്പിനെക്കുറിച്ച് ചിന്തിച്ചതെന്ന് ജിജു ജോര്‍ജ് പറയുന്നു. ‘വഴി നിന്റെ തന്തയുടെ വകയാണോ’ എന്ന ചോദ്യത്തില്‍ നിന്നാണ് ആപ്പിന് പേരിട്ടത്.

ആപ്പിന് രൂപം നല്‍കാന്‍ 32 ലക്ഷം രൂപ ചിലവായി. എല്ലാം സ്വന്തം പോക്കറ്റില്‍ നിന്നു തന്നെ. കഴിയുമെങ്കില്‍ സര്‍ക്കാര്‍ സഹായത്തോടെ ആപ്പ് ജനങ്ങളിലേക്കെത്തിക്കാന്‍ ഇവര്‍ക്ക് ആഗ്രഹമുണ്ട്. ലൈസന്‍സില്ലാതെയോ ഓവര്‍സ്പീഡിനോ പൊലീസ് പിടിച്ചാല്‍ വീട്ടിലേക്ക് നോട്ടീസ് അയക്കുകയാണ് പതിവ്. പൊലീസിന് ഡാഡീസ് റോഡ് ആപ്പുണ്ടെങ്കില്‍ വാഹന ഉടമയ്ക്ക് നേരെ മെസേജ് നല്‍കാന്‍ കഴിയും. കത്തയച്ചും മറ്റും വലിയ തുക ചിലവിടേണ്ട കാര്യവുമില്ലെന്ന് ഇവര്‍ പറയുന്നു. 45 ദിവസത്തിനുള്ളില്‍ 1500 പേര്‍ ആപ്പ് ഗൂഗിള്‍ഡ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് കഴിഞ്ഞു. 4.8 ആണ് റേറ്റിംഗ്.

Jiju Joseph, Jiju George and Vineeth P.K have created an app called ‘DaddysRoad’. DaddysRoad hopes to use the awareness generation at the initial clusters to increase traction for the app among the general population in the big cities to achieve critical mass.

The app is available for free on iOS and Android phones.

വന്‍ ഇളവുകളുമായി ബി.എസ്.എന്‍.എല്‍.

സ്വകാര്യ ടെലികോം കമ്പനികളുടെ വെല്ലുവിളി നേരിടാന്‍ വന്‍ ഇളവുകളുമായി ബി.എസ്.എന്‍.എല്‍.

146 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ 28 ദിവസം രാജ്യത്തെവിടെയുമുള്ള ബി.എസ്.എന്‍.എല്‍. നമ്പറുകളിലേക്ക് എത്ര നേരവും വിളിക്കാം. ലാന്‍ഡ് നമ്പറിലേക്കും ഈ സൗജന്യം ബാധകമാണ്. കൂടാതെ 300 എം.ബി. ഡാറ്റയും ലഭിക്കും. നിലവില്‍ 341 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ സംസ്ഥാനത്തിനകത്തുള്ള ബി.എസ്.എന്‍.എല്‍. നമ്പറുകളിലേക്ക് എത്ര നേരവും വിളിക്കാമായിരുന്ന പാക്കേജാണുണ്ടായിരുന്നത്.

ബി.എസ്.എന്‍.എല്‍. മൊബൈല്‍ നമ്പറുകാര്‍ക്ക് 28 ദിവസത്തേക്ക് 339 രൂപയിലധികം ചാര്‍ജ് വരികയേ ചെയ്യാത്ത ഒരു പാക്കേജും ഞായറാഴ്ച നിലവില്‍ വരും. 339 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ രാജ്യത്തെവിടെയുമുള്ള ഏത് നമ്പറിലേക്കും എത്ര നേരവും വിളിക്കാം. ഇതര കമ്പനികളുടെ നമ്പറുകളിലേക്കും വിളിക്കാമെന്നതാണ് ഈ സ്‌കീമിന്റെ മെച്ചം. കൂടാതെ ഒരു ജി.ബി. ഡാറ്റയും ലഭിക്കും.

സൂപ്പര്‍ സീരീസ് ഫൈനല്‍സ് സെമിയില്‍ സിന്ധു പുറത്ത്

ലോക സൂപ്പര്‍ സീരീസ് ഫൈനല്‍സ് സെമിയില്‍ ഇന്ത്യയുടെ പി.വി സിന്ധു പുറത്ത്. ദക്ഷിണ കൊറിയയുടെ സിങ് ജി ഹ്യൂനിനോട് ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് സിന്ധു പരാജയപ്പെട്ടു.

ആദ്യ സെറ്റില്‍ 15-21-ന് നഷ്ടപ്പെടുത്തിയ ശേഷം രണ്ടാം സെറ്റില്‍ ശക്തമായി തിരിച്ചുവന്ന് 21-18-ന് സിന്ധു സ്വന്തമാക്കിയെങ്കിലും നിര്‍ണായകമായ മൂന്നാം സെറ്റ് 15-21-ന് സിങ് ജി ഹ്യൂ തിരിച്ചുപിടിച്ച് വിജയം ഉറപ്പിക്കുകയായിരുന്നു.

സോളാര്‍ കേസ്‌: ബിജു രാധാകൃഷ്‌ണനും സരിതയ്‌ക്കും മൂന്നുവര്‍ഷം തടവ്‌

സോളാര്‍ കേസില്‍ സരിത നായര്‍ക്കും ബിജു രാധാകൃഷ്‌ണനും പെരുമ്പാവൂര്‍ കോടതി മൂന്നുവര്‍ഷം തടവും പതിനായിരം രൂപ പിഴയും വിധിച്ചു. മുടിക്കല്‍ കുറുപ്പാലി വീട്ടില്‍ കെ.എം. സജാദ്‌ നല്‍കിയ പരാതിയിലാണ്‌ ശിക്ഷ വിധിച്ചത്‌.

പിഴയടച്ചില്ലെങ്കില്‍ ആറുമാസം കൂടി ശിക്ഷ കൂടുതല്‍ അനുഭവിക്കണം.
പെരുമ്പാവൂര്‍ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയുടേതാണ്‌ വിധി. കൂട്ടുപ്രതികളായ നടി ശാലു മേനോന്‍, മാതാവ്‌ കലാദേവി, കൊടുങ്ങല്ലൂര്‍ പുളിമുട്ടം മുണ്ടേങ്ങാട്ട്‌ വീട്ടില്‍ മണിമോന്‍ എന്നിവരെ വെറുതെ വിട്ടു. 2012 സെപ്‌റ്റംബര്‍ 12നാണ്‌ കേസിനാസ്‌പദമായ സംഭവം.

ദേശീയപാതയ്ക്ക് സമീപത്തെ മദ്യശാലകള്‍ പൂട്ടണമെന്ന് സുപ്രീംകോടതി; ഏപ്രില്‍ 1 മുതല്‍ സമ്പൂര്‍ണ്ണ നിരോധനം

ദേശീയപാതയ്ക്കരികിലെ മദ്യശാലകള്‍ അടച്ചു പൂട്ടണമെന്ന് സുപ്രീംകോടതി. നിലവിലുള്ള മദ്യശാലകള്‍ക്ക പുതിയ ലൈസന്‍സ് നല്‍കേണ്ടതില്ലെന്നും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നവയ്ക്ക് മാര്‍ച്ച് 31 വരെ പ്രവര്‍ത്തിക്കാമെന്നും കോടതി പറഞ്ഞു. ദേശീയ, സംസ്ഥാന പാതകള്‍ക്ക് സമീപത്തെ 500 മീറ്റര്‍ രിധിയിലെ എല്ലാ മദ്യശാലകളും അടച്ചുപൂട്ടണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

ചീഫ് ജസ്റ്റീസ് ടി എസ് ഠാക്കൂര്‍ അദ്ധ്യക്ഷനായ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ലൈസന്‍സോടെ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ മദ്യശാലകള്‍ക്കും മാര്‍ച്ച് 31 വരെ ആയിരിക്കും പ്രവര്‍ത്തന കാലാവധി. ഏപ്രില്‍ ഒന്നു മുതല്‍ നിരോധനം നടപ്പാക്കണം എന്നും ഒരു മാസത്തിനകം ഇത് നടപ്പിലാക്കി സംസ്ഥാനങ്ങള്‍ സുപ്രീംകോടതിക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം 500 മീറ്ററിനപ്പുറത്ത് പ്രവര്‍ത്തിക്കാം. ഇതിനൊപ്പം ദേശീയ-സംസ്ഥാന പാതകള്‍ക്ക് സമീപത്തെ മദ്യവുമായി ബന്ധപ്പെട്ട പരസ്യബോര്‍ഡുകളും നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രസിദ്ധ വയലിനിസ്റ്റ് ശിവപ്രസാദ് പി അന്തരിച്ചു

പ്രസിദ്ധ വയലിനിസ്റ്റ് കോഴിക്കോട് കരുവിശ്ശേരി പല്ലവിയില്‍ ശിവപ്രസാദ് പി (44) അന്തരിച്ചു. റിട്ട: കോടതി ശിരസ്തദാര്‍ സൂര്യനാരായണ നമ്പീശന്റെയും പരേതയായ പൂമംഗലത്ത് ആര്യാദേവിയുടെയും മകനാണ്.

രാഘവന്‍ മാസ്റ്റര്‍, രവീന്ദ്രന്‍, ജോണ്‍സണ്‍, രാജാമണി, കൈതപ്രം തുടങ്ങിയ ഒട്ടനേകം പ്രമുഖ സംഗീത സംവിധായകര്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. യേശുദാസ്, എസ് പി ബാലസുബ്രമണ്യം, ശങ്കര്‍ മഹാദേവന്‍, പി. ജാനകി, കെ.എസ് ചിത്ര തുടങ്ങിയ മുന്‍നിര ഗായകര്‍ക്കു വേണ്ടി വിദേശ രാജ്യങ്ങളില്‍ അടക്കം സ്റ്റേജ് പരിപാടികളില്‍ വായിച്ചിട്ടുണ്ട്. പല സംഗീത ആല്‍ബങ്ങള്‍ക്കു വേണ്ടിയും പിന്നണിയും ഒരുക്കിയിട്ടുണ്ട്.

ജമ്മു കശ്മീരിന് പരമാധികാരം നല്‍കാനാവില്ല: സുപ്രീംകോടതി

ഭരണഘടന അനുവദിച്ചു നല്‍കിയ ചില പ്രത്യേക അധികാരങ്ങള്‍ ഉണ്ടെങ്കിലും ഇന്ത്യയിലെ ഒരു ഫെഡറല്‍ സംസ്ഥാനം എന്നതിനപ്പുറമുള്ള പരമാധികാരം കശ്മീരിനില്ലെന്ന് സുപ്രീംകോടതി.

കശ്മീരില്‍ ജനങ്ങള്‍ ആദ്യാവസാനം ഇന്ത്യന്‍ പൗരന്‍മാരാണെന്നും ഇന്ത്യന്‍ ഭരണഘടനയെ അനുസരിച്ചാണ് അവര്‍ ജീവിക്കേണ്ടതെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ്, ആര്‍എഫ് നരിമാന്‍ എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കി.

ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്വന്തമായി ഭരണഘടനയുള്ള ഒരേ ഒരു സംസ്ഥാനമാണ് ജമ്മു കശ്മീര്‍. പണം തിരിച്ചടയ്ക്കാത്ത കടക്കാര്‍ക്കെതിരെ നേരത്തെ ബാങ്കുകള്‍ നടപടി സ്വീകരിച്ചപ്പോള്‍ സ്ഥിരം താമസക്കാരുടെ സ്വത്തിന് ജമ്മു-കശ്മീര്‍ ഭരണഘടന നല്‍കുന്ന സംരക്ഷണം ചൂണ്ടിക്കാട്ടി ജമ്മു-കശ്മീര്‍ ഹൈക്കോടതി അത് തടഞ്ഞിരുന്നു.

2 കോടി രൂപയുടെ നോട്ടുകള്‍ അനധികൃതമായി മാറ്റി നല്‍കിയ രണ്ട് റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

പിന്‍വലിച്ച 1.99 കോടി രൂപയുടെ നോട്ടുകള്‍ അനധികൃതമായി മാറ്റി നല്‍കിയ രണ്ട് റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. റിസര്‍വ് ബാങ്കിന്റെ ബെംഗളൂരു ഓഫീസിലെ ഉദ്യോഗസ്ഥരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്.

പുതിയ നോട്ടുകള്‍ വിതരണം ചെയ്യുന്നതിന് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ പഴയ നോട്ടുകള്‍ക്കു പകരം 1.99 കോടി രൂപയുടെ പുതിയ നോട്ടുകള്‍ അനധികൃതമായി മാറ്റി നല്‍കുകയായിരുന്നു. റിസര്‍വ് ബാങ്ക് നിശ്ചയിച്ചിരുന്ന പരിധി മറികടന്ന് വലിയ തുക ഇപ്രകാരം മാറ്റി നല്‍കിയതായി കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്.

സീനിയര്‍ സ്‌പെഷ്യല്‍ അസിസ്റ്റന്റ് സദാനന്ദ നായിക്, സ്‌പെഷല്‍ അസിസ്റ്റന്റ് എ.കെ കെവിന്‍ എന്നിവരാണ് അറസ്റ്റിലായത്. അഴിമതി നിരോധന നിയമപ്രകാരം വഞ്ചനാ കുറ്റവും ഗൂഡാലോചനാക്കുറ്റവുമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ചെന്നൈ ടെസ്റ്റ്: ഇംഗ്ലണ്ട് മികച്ച സ്‌കോറിലേക്ക്

ഇന്ത്യക്കെതിരായ അഞ്ചാം ടെസ്റ്റില്‍ ആദ്യ ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് ഭേദപ്പെട്ട നിലയില്‍.

ആദ്യ ദിനം അവസാനിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. സെഞ്ചറി നേടിയ മൊയിന്‍ അലിയും അഞ്ച് റണ്‍സുമായി ബെന്‍ സ്‌റ്റോക്‌സുമാണ് ക്രിസില്‍.

മൊയിന്‍ അലി നേടിയ സെഞ്ച്വറിയാണ് സന്ദര്‍കരുടെ സ്‌കോറിങ്ങിന് കരുത്തായത്. ഇംഗ്ലണ്ടിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ 21 ല്‍ എത്തിയപ്പോഴേക്കും ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ അലസ്റ്റര്‍ കുക്കിനേയും (10) കീറ്റണ്‍ ജെന്നിങ്‌സിനെയും (1) സന്ദര്‍ശകര്‍ക്ക് നഷ്ടമായി.

വിമാനത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി

പറക്കാന്‍ മോഹിക്കുന്ന ചെറുപ്പക്കാരന്റെ കഥ പറയുന്ന വിമാനത്തിന്റെ ഫസ്റ്റുലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. നായകന്‍ പൃഥ്വിരാജ് സംവിധായകന്‍ പ്രദീപ് എം. നായര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് എറണാകുളം പ്രസ് ക്ലബില്‍ വെച്ച് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്. പ്രദീപ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത്.

മലയാള സിനിമയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കുകയും ക്രിസ്മസ് റിലീസുകള്‍ മാറ്റി വെയ്ക്കുകയും ചെയ്ത സാഹചര്യത്തെ നിര്‍ഭാഗ്യകരമെന്ന് പറഞ്ഞ പൃഥ്വിരാജ് റിലീസ് തടസങ്ങള്‍ എത്രയും പെട്ടെന്ന് മാറട്ടെ എന്ന് പറഞ്ഞു. ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ചിത്രങ്ങള്‍ നിര്‍മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നുണ്ടെങ്കിലും ഏത് സിനിമയ്ക്കാണ് പണം മുടക്കേണ്ടത് എന്ന തീരുമാനം എടുക്കുന്നതല്ലാതെ താന്‍ മറ്റ് കാര്യങ്ങളിലൊന്നും ഇടപെടാറില്ലെന്നും പൃഥ്വി പറഞ്ഞു. ഇപ്പോള്‍ മലയാള സിനിമ നേരിട്ടുകൊണ്ടിരിക്കുന്ന റിലീസ് നിര്‍മാണ പ്രതിസന്ധി ഏതു തലത്തില്‍ സിനിമകളെ ബാധിക്കുമെന്ന് തനിക്ക് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ട്രാഫിക്, ഉസ്താദ് ഹോട്ടല്‍, ഹൗ ഓള്‍ഡ് ആര്‍ യൂ തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവായ ലിസ്റ്റിന്‍ സ്റ്റീഫനാണ് വിമാനം നിര്‍മിക്കുന്നത്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ലിസ്റ്റിന്‍ മലയാളത്തില്‍ സിനിമ നിര്‍മിക്കുന്നത്. ചിറകൊടിഞ്ഞ കിനാവുകളാണ് ലിസ്റ്റിന്‍ മലയാളത്തില്‍ ഏറ്റവും ഒടുവിലായി നിര്‍മാണം നടത്തിയ ചിത്രം.